വെറുക്കാനാവാത്ത വില്ലന്‍; സൂപ്പര്‍ വില്ലന്റെ പുതിയ വീഡിയോ
Movie Day
വെറുക്കാനാവാത്ത വില്ലന്‍; സൂപ്പര്‍ വില്ലന്റെ പുതിയ വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 14th January 2022, 7:34 pm

മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമെന്ന വിശേഷണത്തോടെയെത്തിയ മിന്നല്‍ മുരളിയെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ വരവേറ്റത്.

സൂപ്പര്‍ ഹീറോയായ ജെയ്‌സണെ കാണാന്‍ നെറ്റ്ഫ്‌ളിക്‌സിലെത്തിയവര്‍ മിന്നല്‍ മുരളി കണ്ടുകഴിഞ്ഞപ്പോള്‍ വില്ലനായ ഷിബുവിനെയാണ് നെഞ്ചിലേറ്റിയത്. അത്രയ്ക്കും തീവ്രതയോടെയായിരുന്നു ഷിബുവിന്റെ ജീവിത സംഘര്‍ഷങ്ങളേയും പ്രണയത്തേയും സംവിധായകന്‍ ബേസില്‍ ജോസഫ് ആവിഷ്‌കരിച്ചത്.

ഇപ്പോഴിതാ ഷിബുവിന്റെ പ്രണയം ഒറ്റ വീഡിയോയിലാക്കിയിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ്. ഒരു മിനിട്ട് 43 സെക്കന്റാണ് വീഡിയോയുടെ ദൈര്‍ഘ്യം.

നെറ്റ്ഫ്‌ളിക്‌സിന്റെ വീഡിയോ ടൊവിനോ തോമസും പങ്കുവെച്ചിട്ടുണ്ട്. ‘ചില സമയങ്ങളില്‍ പ്രണയവും സൂപ്പര്‍ പവറാകാം, ഒരു വില്ലന് ജന്മം കൊടുക്കാന്‍ സധിക്കുന്ന ഒന്ന്. നിങ്ങള്‍ക്ക് വെറുക്കാന്‍ സാധിക്കാത്ത സൂപ്പര്‍ വില്ലന്‍,’ എന്നാണ് വീഡിയോ പങ്കുവെച്ചു കൊണ്ട് ടൊവിനോ കുറിച്ചത്.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും മിന്നല്‍ മുരളി റിലീസ് ചെയ്തിരുന്നു.

നെറ്റ്ഫ്‌ളിക്‌സ് ടോപ്പ് ടെന്‍ ലിസ്റ്റില്‍ സ്‌ക്വിഡ് ഗെയിംസിനേയും മണി ഹെയ്സ്റ്റിനെയും പിന്തള്ളി മിന്നല്‍ മുരളി ഒന്നാമതെത്തിയിരുന്നു. ചിത്രത്തിന്റെ വിജയത്തോടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് ടൊവിനോയുടെ താരമൂല്യം ഉയര്‍ന്നിരിക്കുകയാണ്. സാക്ഷി സിംഗ് ധോണിയും വെങ്കട് പ്രഭുവും ഉള്‍പ്പെടെയുള്ളവര്‍ മിന്നല്‍ മുരളിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

ഇടിമിന്നല്‍ അടിച്ച് പ്രത്യേക കഴിവ് ലഭിച്ച ജെയ്സണ്‍ കുറുക്കന്‍മൂലയുടെ രക്ഷകനായി മാറുന്നതാണ് മിന്നല്‍ മുരളി എന്ന ചിത്രത്തിലെ പ്രധാന ഇതിവൃത്തം.

റിലീസിന് പിന്നാലെ സിനിമയെ ചുറ്റിപറ്റിയുള്ള ചര്‍ച്ചകളായിരുന്നു സോഷ്യല്‍ മീഡിയക്കകത്തും പുറത്തും. വില്ലനായി അഭിനയിച്ച ഗുരു സോമസുന്ദരത്തിന്റെ കഥാപാത്രമാണ് ഏറെ ചര്‍ച്ചയായത്.

ടൊവിനോക്കൊപ്പം അജു വര്‍ഗീസ്, മാമുക്കോയ ഹരിശ്രീ, അശോകന്‍ തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചത്. പുതുമുഖ താരം ഫെമിന ജോര്‍ജാണ് ചിത്രത്തില്‍ നായിക വേഷത്തിലെത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: shibu the super villain video