'എന്താണു ഞങ്ങള്‍ക്കു കുറവ്?'; ചെറു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ പരിഗണിക്കുന്നില്ല; ബി.സി.സി.ഐ സെലക്ഷന്‍ കമ്മിറ്റിക്കെതിരെ യുവതാരം
Cricket
'എന്താണു ഞങ്ങള്‍ക്കു കുറവ്?'; ചെറു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ പരിഗണിക്കുന്നില്ല; ബി.സി.സി.ഐ സെലക്ഷന്‍ കമ്മിറ്റിക്കെതിരെ യുവതാരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 4th September 2019, 9:36 pm

രാജ്‌കോട്ട്: ചെറു സംസ്ഥാനങ്ങളില്‍ നിന്നുള്ള താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ എത്ര മികവ് കാണിച്ചാലും അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന ആരോപണവുമായി യുവ ക്രിക്കറ്റര്‍. സൗരാഷ്ട്രയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഷെല്‍ഡണ്‍ ജാക്‌സണാണ് ദേശീയ ടീമിന്റെ സെലക്ഷന്‍ കമ്മിറ്റിക്കെതിരെ രംഗത്തുവന്നത്.

ഇന്ത്യ എ ടീമിലേക്കു താരങ്ങളെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ കമ്മിറ്റിയുടെ നയമെന്താണെന്ന് ജാക്‌സണ്‍ ചോദിച്ചു. ടീം തെരഞ്ഞെടുപ്പ് കുറച്ചുകൂടി സുതാര്യമാകേണ്ടതുണ്ടെന്നും ജാക്‌സണ്‍ പറഞ്ഞു. ട്വിറ്ററിലായിരുന്നു ജാക്‌സന്റെ ആരോപണം.

‘ഈ വര്‍ഷത്തെ രഞ്ജി ട്രോഫിയില്‍ ഫൈനല്‍ കളിച്ച ടീമാണു സൗരാഷ്ട്ര. അതിശയമെന്നു പറയട്ടെ, എല്ലാ വേദികളിലും മികവ് തെളിയിച്ചിട്ടും ഈ ടീമില്‍ നിന്ന് ആരെയും ഇന്ത്യ എ ടീമിലേക്കു തെരഞ്ഞെടുത്തിട്ടില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രഞ്ജി ട്രോഫി ഫൈനലില്‍ കളിക്കുന്നതുകൊണ്ട് ഒരു പ്രയോജനവും ഇല്ലെന്ന സ്ഥിതിയാണ്. ചെറു സംസ്ഥാനങ്ങളെ സെലക്ടര്‍മാര്‍ കാര്യമായി പരിഗണിക്കില്ല എന്നുണ്ടോ?

കാരണം, കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സിതാന്‍ഷു കോട്ടകിന്റെ പരിശീലനത്തില്‍ മൂന്നുതവണ ഫൈനല്‍ കളിച്ച ടീമാണു ഞങ്ങള്‍. ബാറ്റുകൊണ്ടും പന്തുകൊണ്ടും മികവ് കാട്ടിയ ഒരുപിടി താരങ്ങള്‍ സൗരാഷ്ട്ര ടീമിലുണ്ട്. എന്നിട്ടും അര്‍ഹിക്കുന്ന പരിഗണന ഞങ്ങള്‍ക്കു ലഭിച്ചിട്ടില്ല.

ഇങ്ങനെ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് എന്നെ വിലക്കിയതാണ്. എങ്കിലും ഈ അസോസിയേഷനു വേണ്ടി കളിക്കുന്ന താരങ്ങളെന്ന നിലയില്‍, എന്തുകൊണ്ടാണു ഞങ്ങള്‍ പുറത്തിരിക്കുന്നതെന്നും എന്താണു ഞങ്ങള്‍ക്കു കുറവെന്നും അറിയാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്നു. സെലക്ടര്‍മാര്‍ കുറച്ചുകൂടി സുതാര്യതയുള്ളവരാകണം.’- അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇക്കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ ഫൈനലിലെത്തിയ സൗരാഷ്ട്ര ടീമിന്റെ താരമാണ് ജാക്‌സണ്‍. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായും കളിച്ചിട്ടുണ്ട്.

കഴിഞ്ഞ രഞ്ജി സീസണില്‍ 854 റണ്‍സെടുത്ത ജാക്‌സണ്‍, ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ഒന്‍പതാമെത്ത താരം കൂടിയായിരുന്നു.

ദേശീയ ടീമില്‍ അവസരം ലഭിക്കാത്തതിനെതിരെ കേരളത്തിന്റെ രഞ്ജി ടീമില്‍ അംഗമായ മധ്യപ്രദേശ് താരം ജലജ് സക്‌സേന നേരത്തേ രംഗത്തെത്തിയിരുന്നു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആറായിരം റണ്‍സും 300 വിക്കറ്റും പൂര്‍ത്തിയാക്കിയ താരമാണ് സക്‌സേന. എന്നിട്ടും തനിക്ക് ഇന്ത്യന്‍ ജഴ്‌സിയില്‍ അവസരം ലഭിച്ചില്ലെന്നും അങ്ങനെ ലഭിക്കാത്ത ഏക താരമാണു താനെന്നും സക്‌സേന പറഞ്ഞിരുന്നു.