ഷീല ദീക്ഷിത് ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് 
national news
ഷീല ദീക്ഷിത് ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് 
ന്യൂസ് ഡെസ്‌ക്
Thursday, 10th January 2019, 6:50 pm

ന്യൂദല്‍ഹി: മുന്‍ ദല്‍ഹി മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത് ദല്‍ഹി കോണ്‍ഗ്രസ് മേധാവിയായി തെരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അജയ് മാക്കന്‍ സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് ഷീല ദീക്ഷിത് ദല്‍ഹില്‍ കോണ്‍ഗ്രസ് തലപ്പത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ആള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയിലെ ദല്‍ഹിയുടെ ചുമതലയുള്ള പി.സി ചാക്കോ ആണ് ഷീല ദീക്ഷിത്തിനെ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതായി അറിയിച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പിന് വെറും മൂന്നു മാസം മാത്രം ബാക്കി നില്‍ക്കെ ദല്‍ഹിയില്‍ കോണ്‍ഗ്രസിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടു വരിക എന്ന വലിയ ലക്ഷ്യമാണ് 80കാരിയായ ദീക്ഷത്തിന് മുന്നിലുള്ളത്.

Also Read ചാരക്കേസില്‍ കൂടുതല്‍ ജയിലില്‍ കിടന്നത് ഫൗസിയ ഹസന്‍, കേരളം സഹായിക്കണം: നമ്പി നാരായണന്‍

ദീക്ഷിത്തിനെ പ്രശംസിച്ചു കൊണ്ട് അജയ് മാക്കനും രംഗത്തെത്തി. മോദി, കെജരിവാള്‍ സര്‍ക്കാരുകള്‍ക്കെതിരെ ശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ ദീക്ഷിത്തിനു കീഴിലെ കോണ്‍ഗ്രസിന് കഴിയുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ദല്‍ഹിയിലെ കോണ്‍ഗ്രസ് അധ്യക്ഷ ചുമതല തന്നെ ഏല്‍പ്പിക്കുകയാണെങ്കില്‍ താന്‍ അത് ഏറ്റെടുക്കുമെന്ന് ദീക്ഷിത് നേരത്തെ സൂചിപ്പിച്ചിരുന്നു. 2013ല്‍ കോണ്‍ഗ്രസ് ഭരണത്തില്‍ നിന്ന് പുറത്തായെങ്കിലും തന്റെ 15 വര്‍ഷത്തെ ഭരണത്തിനിടക്ക് ദല്‍ഹിയില്‍ മെട്രോ ഉള്‍പ്പടെയുള്ള വികസന പദ്ധതികള്‍ കൊണ്ടു വന്ന ദീക്ഷിത്തിന് തലസ്ഥാന നഗരിയില്‍ നല്ല ജനപ്രീതിയാണ്‌.