ഇന്ത്യയിലെ നിയമം കശ്മീരില്‍ എത്തുമ്പോള്‍ മാറുന്നു; ഒത്തുതീര്‍പ്പിനാവാത്തതിനാല്‍ രാഷ്ട്രീയത്തില്‍ നിന്നും പിന്‍മാറുന്നതായി ഷെഹ്‌ല റാഷിദ്
India
ഇന്ത്യയിലെ നിയമം കശ്മീരില്‍ എത്തുമ്പോള്‍ മാറുന്നു; ഒത്തുതീര്‍പ്പിനാവാത്തതിനാല്‍ രാഷ്ട്രീയത്തില്‍ നിന്നും പിന്‍മാറുന്നതായി ഷെഹ്‌ല റാഷിദ്
ന്യൂസ് ഡെസ്‌ക്
Wednesday, 9th October 2019, 4:15 pm

ന്യൂദല്‍ഹി: പ്രധാന നേതാക്കളെല്ലാം ഇപ്പോഴും വീട്ടുതടങ്കലില്‍ ആയിരിക്കെ ജമ്മു കശ്മീരില്‍ ബ്ലോക്ക് ഡവലപ്‌മെന്റ് കൗണ്‍സില്‍ (ബിഡിസി) തെരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര തീരുമാനത്തെ എതിര്‍ത്ത് ഷെഹ്‌ല റാഷിദ്.

താഴ്‌വരയില്‍ ആശയവിനിമയ സംവിധാനങ്ങള്‍ ഇപ്പോഴും പുനസ്ഥാപിക്കാതിരിക്കുകയും നേതാക്കളെല്ലാം വീട്ടുതടങ്കലില്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്രനീക്കത്തിനെതിരെയാണ് ഷെഹ്‌ല റാഷിദ് രംഗത്തെത്തിയത്.

ഇന്ത്യയിലെ നിയമങ്ങള്‍ കശ്മീരിലെത്തുമ്പോള്‍ മാറുകയാണെന്നും അതിനാല്‍ തന്നെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുകയാണെന്നും ഷെഹ്‌ല റാഷിദ് പറഞ്ഞു. മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഷാ ഫൈസല്‍ ആരംഭിച്ച ജമ്മു കശ്മീര്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ഈ വര്‍ഷം മാര്‍ച്ചിലാണ് ഷെഹ്‌ല റാഷിദ് ചേര്‍ന്നത്.

കശ്മീരിലെ ഏതെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ഒരു വിട്ടുവീഴ്ച ആവശ്യമാണെന്ന് വ്യക്തമായിരിക്കുന്നു. ഒരു ആക്ടിവിസ്റ്റ് എന്ന നിലയില്‍ തന്റെ പ്രവര്‍ത്തനം തുടരും. എന്നാല്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ തുടരാനാവുമെന്ന വിശ്വാസം ഇപ്പോഴില്ല- ഷെഹ്‌ല പറഞ്ഞു.

”വലിയ പ്രതിസന്ധികള്‍ക്കിടയിലാണ് ജമ്മു കശ്മീരില്‍ ബി.ഡി.സി തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിരിക്കുന്നത്. അതാണ് ഇത്തരമൊരു പ്രസ്താവന നടത്താന്‍ എന്നെ പ്രേരിപ്പിച്ചത്.

കശ്മീരില്‍ കഴിഞ്ഞ രണ്ട് മാസമായി ദശലക്ഷക്കണക്കിന് ആളുകള്‍ തടങ്കലിലാണ്. അവിടെ കുട്ടികളെ പിടിച്ചുകൊണ്ടുപോകുന്നത് തുടര്‍ക്കഥയാകുന്നു. ആളുകള്‍ക്ക് ആംബുലന്‍സും മറ്റ് അടിയന്തിര സേവനങ്ങളും വിളിക്കാനുള്ള സാഹചര്യം ഇപ്പോഴും ഇല്ല. സാഹചര്യം ഇങ്ങനയൊക്കെയായിട്ടും കേന്ദ്രം കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ പോകുകയാണ്.

കാശ്മീര്‍ സാധാരണസ്ഥിതിയിലാണെന്ന് ലോകത്തെ കാണിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കമാണ് ഇതിന് പിന്നില്‍ ഇത്തരമൊരു സാഹചര്യത്തില്‍, തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചും മുന്നോട്ടുള്ള പോക്കിനെ കുറിച്ചും എന്റെ നിലപാട് വ്യക്തമാക്കേണ്ടത് ധാര്‍മ്മിക ഉത്തരവാദിത്തമായി ഞാന്‍ കരുതുന്നു.

ജമ്മു കശ്മീരിലെ ജനങ്ങളുടെ സ്വയം നിര്‍ണ്ണയ അവകാശം സംബന്ധിച്ച നിലപാട് ഒരിക്കലും ഉപേക്ഷിക്കാന്‍ എന്നോട് ആവശ്യപ്പെടാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിക്കൊപ്പമായിരുന്നു ഞാന്‍ ചേര്‍ന്നത്.

നീതിയും സദ്ഭരണവും നല്‍കാമെന്നും ജമ്മു കശ്മീരിലെ ജനങ്ങളുടെ ആഗ്രഹപ്രകാരം കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിനായി പ്രവര്‍ത്തിക്കാമെന്നും ഞങ്ങള്‍ വിശ്വസിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സര്‍ക്കാര്‍ നിയമവാഴ്ചയെ മാനിച്ചിരുന്നെങ്കില്‍ ഇതെല്ലാം സാധ്യമാകുമായിരുന്നു. എന്നാല്‍ ജമ്മു കശ്മീരില്‍ നിയമം നടപ്പാക്കാന്‍ തയ്യാറല്ലെന്നാണ് കേന്ദ്രത്തിന്റെ സമീപകാല തീരുമാനങ്ങള്‍ കാണിക്കുന്നത്. അവര്‍ അന്താരാഷ്ട്ര നിയമങ്ങളെ പോലും മറക്കുന്നു. ചില സ്ഥാപനങ്ങളുടെ കളികള്‍ ഉള്ളതിനാല്‍ കേന്ദ്രം അതില്‍ നിന്നും രക്ഷപ്പെടുന്നു.

കശ്മീരിലെ ഉപരോധം അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ഉയരുന്ന സാഹചര്യത്തില്‍, ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാഷ്ട്രമായി തന്നെ തുടരുകയാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ വേണ്ടി കശ്മീരില്‍ ഒരു തെരഞ്ഞെടുപ്പ് അഭ്യാസം അവതരിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇവിടെ നടക്കുന്നത് ജനാധിപത്യമല്ല, മറിച്ച് ജനാധിപത്യത്തിന്റെ കൊലപാതകമാണ്. ചില കളിപ്പാവ നേതാക്കളെ പ്രതിഷ്ഠിക്കാനുള്ള പദ്ധതിയാണിത്.

രാഷ്ട്രീയ നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിര്‍ബന്ധിതരാകുന്നു, ആര്‍ട്ടിക്കിള്‍ 370 നെക്കുറിച്ചും സംസ്ഥാനത്തെ വിഭജിക്കുന്നതിനെക്കുറിച്ചും മിണ്ടരുതെന്നാണ് അവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് പാലിക്കാത്ത ആര്‍ക്കും തടവ് അനുഭവിക്കേണ്ടിവരും. തടങ്കലില്‍ വയ്ക്കുന്നതിനെ വെല്ലുവിളിക്കുന്ന ആരെയും ക്രൂരമായ പൊതു സുരക്ഷാ നിയമത്തില്‍ ഉള്‍പ്പെടുത്തും. കശ്മീരിലെ ഏത് രാഷ്ട്രീയ പ്രവര്‍ത്തനത്തിലും പങ്കെടുക്കാന്‍ ഒരു വിട്ടുവീഴ്ച ആവശ്യമാണെന്ന് വ്യക്തമായിരിക്കുന്നു.

അതിനാല്‍, കശ്മീരിലെ തെരഞ്ഞെടുപ്പ് മുഖ്യധാരയുമായുള്ള എന്റെ ബന്ധം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. കശ്മീരില്‍ അടിസ്ഥാന അവകാശങ്ങള്‍ പോലും നഷ്ടപ്പെട്ട എന്റെ ജനങ്ങളോട് ഞാന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. എന്റെ ജനതയെ ക്രൂരമായി അടിച്ചമര്‍ത്തുന്നത് നിയമാനുസൃതമാക്കുന്നതില്‍ പങ്കാളിയാകാന്‍ എനിക്കാവില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യന്‍ സര്‍ക്കാര്‍ മുഖ്യധാരയിലേക്ക് യുവാക്കളെ ക്ഷണിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ പതിറ്റാണ്ടുകളായി യുവാക്കളെ ഇവിടെ നിന്നെല്ലാം പുറത്താക്കുന്ന നടപടികള്‍ മാത്രമാണ് അവര്‍ സ്വീകരിച്ചിട്ടുള്ളത്. ഒത്തുതീര്‍പ്പ് ആവശ്യമില്ലാത്ത എല്ലാ മുന്നണികളിലും ഞാന്‍ ഒരു പ്രവര്‍ത്തകനായി തുടരുകയും അനീതിക്കെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്യും.

സംസ്ഥാനത്തിന്റെ പ്രത്യേക പദവി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ കേസില്‍ ഞാന്‍ പോരാട്ടം തുടരും. ഈ പോരാട്ടത്തില്‍ എന്നെയും എന്റെ സഹ-പ്രവര്‍ത്തകരേയും പിന്തുണയ്ക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. ശ്രമിക്കാത്തതിന്റെ പേരിലായിരിക്കരുത് ഞങ്ങളുടെ പരാജയം.

നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ സത്യം വിളിച്ചുപറയേണ്ടത് അത്യാവശ്യമാണ്. ഓഗസ്റ്റ് 5 ന് ശേഷം കശ്മീരി ജനതയ്ക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുള്ള സത്യം തുറന്നു കാണിച്ചതിന്റെ പേരില്‍ എനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. എന്നാല്‍ ഇതൊന്നും എന്നെ പിന്തിരിപ്പിക്കില്ല. എന്റെ ശബ്ദം ആവശ്യമാണെന്ന് തോന്നുന്നിടത്തെല്ലാം ഞാന്‍ തുടര്‍ന്നും സംസാരിക്കും.- ഷെഹ്‌ല റാഷിദ് പറഞ്ഞു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 കേന്ദ്രം റദ്ദാക്കുകയും സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കി ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് പിന്നാലെ കഴിഞ്ഞ 65 ദിവസമായി കശ്മീരില്‍ ഉപരോധം തുടരുകയാണ്.
രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരുമാണ് തടങ്കലില്‍ കഴിയുന്നത്.

തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയും (മാര്‍ക്‌സിസ്റ്റ്) അപലപിച്ചു. നീതിയോടുള്ള പരിഹാസ്യം എന്നായിരുന്നു സി.പി.ഐ.എമ്മിന്റെ പ്രതികരണം.