എഡിറ്റര്‍
എഡിറ്റര്‍
മഅദനിയെ ഓര്‍ത്തല്ല സഹതാപം; ഭരണകൂടത്തേയും ജുഡീഷ്യറിയേയും ഓര്‍ത്താണ്
എഡിറ്റര്‍
Tuesday 25th July 2017 2:39pm


മഅ്ദനിയെ ഓര്‍ത്ത് എനിക്ക് സഹതാപമില്ല. സഹതാപമുള്ളത് ഭരണകൂടത്തേയും ജ്യുഡീഷ്യറിയെയും ഓര്‍ത്താണ്..

പണ്ട് ഞങ്ങളുടെ നാട്ടിലും അയാള്‍ പ്രസംഗിക്കാന്‍ വന്നിരുന്നു. ഒരു കൊടുങ്കാറ്റു പോലെ. അയാള്‍ സ്ഥലത്ത് എത്തും മുമ്പ് മറ്റൊരു കൊടുങ്കാറ്റ് അവിടാകെ വീശിയടിച്ചു. ഓര്‍ക്കുന്നു. രണ്ട് തെങ്ങുകള്‍ സ്റ്റേജിനു മുന്നില്‍ ഒടിഞ്ഞു വീണു.
ഒറ്റക്കാലില്‍ നിന്നുകൊണ്ട് പ്രതികൂലമായ കാലവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് അയാള്‍ സംസാരിച്ചു.
അണികള്‍ മഴയിലും കാറ്റിലും ചൂടുപിടിച്ചു.

ന്യൂനപക്ഷ വര്‍ഗീയതയുടെ നേതാവ് എന്നതിനേക്കാള്‍ ഭൂരിപക്ഷ വര്‍ഗീയതയുടെ ഉത്പന്നമായിരുന്നു മഅദനി.
മഅ്ദനിയെ രൂപപ്പെടുത്തുന്നതില്‍ 1989-ല്‍ നടന്ന ഭഗത്പൂര്‍ കലാപത്തിന് പങ്കുണ്ട്. അതില്‍ 1070 മുസ്‌ലീങ്ങള്‍ ക്രൂരമായി കൊല്ലപ്പെട്ടു. 50,000 പേര്‍ക്ക് നാടുവിടേണ്ടിവന്നു.

ബാബറി മസ്ജിദിന്മേലുണ്ടായ സംഘപരിവാറിന്റെ ഭീഷണിക്കും മസ്ജിദിന്റെ തകര്‍ച്ചക്കും മഅ്ദനിയെ ‘വര്‍ഗീയ പ്രാസംഗികനാ’ക്കുന്നതില്‍ പങ്കുണ്ട്.

രാജ്യം മുഴുവന്‍ വര്‍ഗീയ വിത്തെറിഞ്ഞു നടന്ന അദ്വാനിയുടെ രഥയാത്രയ്ക്ക് അതില്‍ പങ്കുണ്ട്.
പൗരാണികമായ ഒരു മുസ്‌ലിം പള്ളി തകര്‍ക്കപ്പെടുമ്പോള്‍ നിസ്സംഗമായി നോക്കിനിന്ന കോണ്‍ഗ്രസ്സിനും ഇതര രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും അതില്‍ പങ്കുണ്ട്.


Must Read: ‘അമിത് ഷാ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ സഞ്ചരിക്കാറില്ല, പാര്‍ട്ടി പ്രവര്‍ത്തകരുടെ വീട്ടിലേ ഉറങ്ങൂ’ ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിന്റെ തള്ള് തെളിവുസഹിതം പൊളിച്ചടുക്കി ആള്‍ട്ട് ന്യൂസ്


ബാല്‍ താക്കറേയ്ക്കും അശോക് സിംഗാളിനും ഉമാഭാരതിക്കും തൊഗാഡിയയ്ക്കും അതില്‍ പങ്കുണ്ട്.
ഇവരെയൊക്കെ കണ്ടില്ലെന്ന് നടിയ്ക്കുകയോ കയറൂരി വിടുകയോ ചെയ്ത നമ്മുടെ നിയമ വ്യവസ്ഥയ്ക്കും ഭരണകൂടങ്ങള്‍ക്കും അതില്‍ പങ്കുണ്ട്.
ഇതൊന്നുമില്ലാതെ ഒരു ‘മഅ്ദനി’ ചുമ്മാതെയങ്ങ് ഉണ്ടാവുകയില്ല.

നമ്മുടെ ഭരണകൂടവും നീതിന്യായ വ്യവസ്ഥയും രാഷ്ട്രീയപ്പാര്‍ട്ടികളും എല്ലാംകൂടി ചെയ്യുന്ന ഏറ്റവും വലിയ കുറ്റകൃത്യമാണ് ‘അസഹിഷ്ണുവായ ഒരു പ്രജയെ’ സൃഷ്ടിക്കുക എന്നത്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് എന്തെങ്കിലും ശിക്ഷ വിധിക്കുക സാധ്യമല്ലാത്തതിനാല്‍ ഇത് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു.

മഅ്ദനി കയറിപ്പോയത് ഭരണകൂടം ഒരുക്കിയ ഒറ്റാലിലേക്കായിരുന്നു. ഒന്‍പതര വര്‍ഷങ്ങള്‍ക്കു ശേഷം നിരപരാധിയെന്ന് കണ്ട് അയാളെ പുറത്തെടുക്കുമ്പോഴേക്ക് മറ്റൊരു ഒറ്റാല്‍ അയാള്‍ക്കുവേണ്ടി തയ്യാറായിരുന്നു.
എന്തുതരം വിചാരണയാണ് ഇപ്പോള്‍ നടന്നുകൊണ്ടിര്‍ക്കുന്നത്?

മരിക്കും വരെ വിചാരണയ്ക്ക് ശിക്ഷിക്കുന്ന ഈ രീതി ഏത് പ്രാകൃത ഭരണകൂടത്തില്‍ നിന്ന് നാം കടംകൊണ്ടതാണ്?
ഇവിടെ തടങ്കലിലായിരിക്കുന്നത് നീതിന്യായമാണ്. ഒറ്റക്കാലില്‍ മുടന്തുന്നതും നരയ്ക്കുന്നതും രോഗിയാവുന്നതും നീതിന്യായം തന്നെ!

Advertisement