ഷീന ജോസ് അന്തരിച്ചു
Obituary
ഷീന ജോസ് അന്തരിച്ചു
ന്യൂസ് ഡെസ്‌ക്
Sunday, 8th November 2020, 5:29 pm

തൃശ്ശൂര്‍: കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളിലെ നിറസാന്നിദ്ധ്യവും സജീവപ്രവര്‍ത്തകയുമായിരുന്ന ഷീന ജോസ് അന്തരിച്ചു. 55 വയസ്സായിരുന്നു. അസുഖ ബാധിതയായി ചികിത്സയില്‍ ആയിരുന്നു.

കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകാലം കേരളത്തിലെ ഫെമിനിസ്റ്റ് ക്വിയര്‍ വേദികളില്‍ സജീവപ്രവര്‍ത്തകയായിരുന്നു ഷീന ജോസ്. 1980കളുടെ പകുതിയില്‍ വിവിധ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഘടനകളുമായും പ്രസ്ഥാനങ്ങളുമായും ബന്ധപ്പെട്ട് വിവിധ സമര പരിപാടികളും ശില്പശാലകളും പഠന പരിപാടികളും യാത്രകളും സംഘടിപ്പിക്കുന്നതില്‍ ഷീന ജോസ് പ്രധാന പങ്കു വഹിച്ചു.

1990കളില്‍ കേരളത്തില്‍ വച്ച് സംഘടിപ്പിച്ച ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ ദേശീയ സമ്മേളനം പോലെ അന്ന് നടന്ന പ്രധാനപ്പെട്ട എല്ലാ സ്ത്രീ മുന്നേറ്റങ്ങളിലും ഷീന ജോസ് നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ മൂന്ന് ഫെമിനിസ്റ്റ് പ്രസ്ഥാനങളില്‍ ഒന്നായ ചേതനയുടെ പ്രസിഡണ്ട് ആയിരുന്നു ഷീന ജോസ്.

സൂര്യനെല്ലി വിഷയത്തിലടക്കം സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങളിലെല്ലാം ഷീന ജോസും ചേതനയും സംഘവും ശക്തമായ പ്രതിഷേധ പരിപാടികളുമായി രംഗത്തുണ്ടായിരുന്നു. തിരുവനന്തപുരത്തും കോഴിക്കോടും പ്രവര്‍ത്തിച്ചിരുന്ന സംഘടനകളുമായും (പ്രചോദന, ബോധന, മാനുഷി) ബദല്‍ മാധ്യമ ഇടപെടലുകളായ പാഠഭേദം, വാക്ക് തുടങ്ങിയ മാഗസിനുകളുടെ പ്രവര്‍ത്തനങ്ങളിലും ഷീന തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.

ഇന്ത്യയിലെ പരിസ്ഥിതി മുന്നേറ്റത്തിന് പുതിയ ദിശാബോധം നല്‍കിയ പശ്ചിമഘട്ട രക്ഷായാത്രയിലും പെരിങ്ങോം സമരമടക്കമുള്ള ആണവ വിരുദ്ധ സമരത്തിലും ജനകീയ ആരോഗ്യ പ്രസ്ഥാനത്തിലുമെല്ലാം നേതൃത്വപരമായ ഇടപെടല്‍ ഷീന നടത്തിയിരുന്നു. ഏഴിമലയില്‍ നിന്നും ബലിയപാല്‍ സമരത്തിലേക്ക് ഷീന ജോസ് അടക്കമുള്ള പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നടത്തിയ ഐക്യദാര്‍ഢ്യ യാത്രയും ശ്രദ്ധേയമായിരുന്നു.

വിബ്ജിയോര്‍ അന്തര്‍ദേശീയ ചലച്ചിത്രമേളയുടെ സ്ഥാപക അംഗവും സജീവ പ്രവര്‍ത്തകയുമായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sheena Jose Obituary