മോദിയുടെ ആത്മവിശ്വാസം വാക്കുകളില്‍ മാത്രം, പ്രവൃത്തിയില്‍ ഇല്ലെന്ന് ഷീലാ ദീക്ഷിത്
Daily News
മോദിയുടെ ആത്മവിശ്വാസം വാക്കുകളില്‍ മാത്രം, പ്രവൃത്തിയില്‍ ഇല്ലെന്ന് ഷീലാ ദീക്ഷിത്
ന്യൂസ് ഡെസ്‌ക്
Friday, 28th November 2014, 10:17 am

sheela-dixitന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച നടപടി വിശദീകരിച്ച് കേരളാ മുന്‍ ഗവര്‍ണര്‍ ഷീലാ ദീക്ഷിത്. നരേന്ദ്ര മോദി ആത്മവിശ്വാസമുള്ള നേതാവാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ആത്മവിശ്വാസം വാക്കുകളില്‍ മാത്രമേ ഉള്ളൂ. പ്രവൃത്തിയില്‍ കാണാന്‍ കഴിഞ്ഞില്ലെന്നാണ് ഷീലാ ദീക്ഷിത് പറഞ്ഞത്.

നേരത്തെ കോണ്‍ഗ്രസുകാര്‍ നരേന്ദ്ര മോദിയെ കണ്ടുപഠിക്കുകയാണ് വേണ്ടതെന്നായിരുന്നു അവര്‍ പറഞ്ഞത്. മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ആത്മവിശ്വാസവും ദിശാബോധവുമുള്ള നേതാവിനെയാണ് കാണാന്‍ സാധിച്ചതെന്നും ഷീലാ ദീക്ഷിത് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചതില്‍ നിരാശയോ ഖേദമോ ഇല്ല. രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാന്‍ മനസ്സാക്ഷി അനുവദിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

ദല്‍ഹിയില്‍ കോണ്‍ഗ്രസ് തിരിച്ചുവരും. പാര്‍ട്ടിയെ ആര് നയിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇക്കാര്യം പ്രചാരണ ഘട്ടത്തില്‍ തീരുമാനിക്കുമെന്നും ഷീലാ ദീക്ഷിത് പറഞ്ഞു.

ദല്‍ഹിയില്‍ മത്സരരംഗത്ത് താന്‍ ഉണ്ടാവില്ല. പാര്‍ട്ടിക്ക് ആവശ്യമെങ്കില്‍ മാര്‍ഗനിര്‍ദേശം നല്‍കും. പാര്‍ട്ടിയെ നയിക്കാന്‍ യുവാക്കള്‍ മുന്നോട്ടുവരണമെന്നും ഷീലാ ദീക്ഷിത് അഭിപ്രായപ്പെട്ടു.

ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെയുള്ളത് മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന വിവാദങ്ങളാണ്. ഉമ്മന്‍ചാണ്ടി ജനപിന്തുണയുള്ള നേതാവാണെന്നും അവര്‍ വ്യക്തമാക്കി.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ ഷീലാ ദീക്ഷിതിനെ മിസോറാമിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഷീലാ ദീക്ഷിത് രാജിവെച്ച് ഒഴിയുകയായിരുന്നു.