എഡിറ്റര്‍
എഡിറ്റര്‍
ജീവന്‍ തുടിക്കുന്ന ചിത്രങ്ങളും ശില്‍പ്പങ്ങളുമായി ശതചിത്ര; കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ പ്രദര്‍ശനം ആരംഭിച്ചു
എഡിറ്റര്‍
Tuesday 17th October 2017 11:02pm


കോഴിക്കോട്: ജീവന്‍ തുടിക്കുന്ന ശില്‍പ്പങ്ങളും ചിത്രങ്ങളുമായി ശതചിത്ര കോഴിക്കോട് ആര്‍ട് ഗ്യാലറിയില്‍ പ്രദര്‍ശനം ആരംഭിച്ചു. ചിത്രകാരന്‍മാരുടെയും ചിത്രകലാ ആസ്വാദകരുടെയും കൂട്ടായ്മയായ വരക്കൂട്ടമാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. നൂറ് കലാകാരന്മാരുടെ ചിത്രങ്ങളും ശില്‍പ്പങ്ങളുമാണ് പ്രദര്‍ശനത്തിലുള്ളത്. പ്രശസ്ത തിരക്കഥാകൃത്തും എഴുത്തുകാരനുമായ സി.വി ബാലകൃഷ്ണനാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.

പ്രഭാകരന്‍, പോള്‍ കല്ലാനോട്, കബിത മുഖോപാധ്യായ, ടി ആര്‍ ഉദയകുമാര്‍, ശ്രീജ പള്ളം, സുനില്‍ അശോകപുരം, സഗീര്‍, സുനില്‍ ലിനസ് ഡെ, മോപ്പസാങ് വാലത്ത്, ജി എം മധു, കല്‍ക്കി സുബ്രഹ്മണ്യം, യൂനുസ് മുസ്ലിയാരകത്ത്, ഷാജി കേശവ്, ഡോ. ടി റഹിമാന്‍, വി കെ ശങ്കരന്‍, കെ എം നാരായണന്‍, ഉണ്ണി കാനായി തുടങ്ങി കേരളത്തിലെ പ്രഗത്ഭരായ ചിത്രകാന്മാരുടേയും ശില്‍പ്പികളുടേയും കലാവിരുതാണ് പ്രദര്‍ശനത്തിനുള്ളത്. ഒപ്പം വരക്കൂട്ടം അംഗങ്ങളുടേയും.

Image may contain: 1 person, standing and indoor

സംസ്ഥാന സര്‍ക്കാരിന്റെ യുവപ്രതിഭ പുരസ്‌കാര ജേതാവായ ഉണ്ണി കാനായി തയ്യാറാക്കിയ കാനായി കുഞ്ഞിരാമന്റെ ശില്‍പ്പം പ്രദര്‍ശനത്തിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ്. കളിമണ്ണു കൊണ്ട് നിര്‍മ്മിച്ച് ഫൈബര്‍ കോട്ടിംഗ് ചെയ്തതാണ് ശില്‍പ്പം. കാനായി കുഞ്ഞിരാമന്റെ 80ാം പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് സമര്‍പ്പിക്കാനാണ് ശില്‍പ്പം നിര്‍മ്മിച്ചതെന്ന് ഉണ്ണി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കലയില്‍ നടക്കുന്ന പരീക്ഷണങ്ങളെയും വിവിധ രചനാരീതികളെയും പരിചയപ്പെടുത്തുന്നതാവും പ്രദര്‍ശനം. വിവിധ ശൈലിയിലും മാധ്യമങ്ങളിലുമുള്ള രചനകള്‍ സമകാലിക ചിത്രകലയുടെ പ്രതിഫലനമാവും. കേരളത്തില്‍ ഇത് ആദ്യമായാണ് 100 കലാകാരന്‍മാര്‍ തങ്ങളുടെ സൃഷ്ടികളുമായി ഒരുമിക്കുന്നത്.

ഷമീം സീഗള്‍, അനീസ് വടക്കന്‍ എന്നിവരാണ് ക്യൂറേറ്റര്‍മാര്‍. വി പി ഷൗക്കത്തലി, പോള്‍ കല്ലാനോട്, ശ്രീജ പള്ളം, ടി ആര്‍ ഉദയകുമാര്‍, കെ പ്രഭാകരന്‍, കമാല്‍ വരദൂര്‍, കല്‍ക്കി സുബ്രഹ്മണ്യം, കബിത മുഖോപാദ്യായ, കെ വി ദയാനന്ദന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Advertisement