കേരളത്തില്‍ എത്ര ലൗ ജിഹാദ് കേസുകള്‍ കണ്ടെത്താന്‍ ബി.ജെ.പിയ്ക്ക് കഴിഞ്ഞു? യോഗി ആദിത്യനാഥിനോട് ശശി തരൂര്‍
Kerala News
കേരളത്തില്‍ എത്ര ലൗ ജിഹാദ് കേസുകള്‍ കണ്ടെത്താന്‍ ബി.ജെ.പിയ്ക്ക് കഴിഞ്ഞു? യോഗി ആദിത്യനാഥിനോട് ശശി തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st April 2021, 9:34 pm

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനിടെ ലൗ ജിഹാദ് പ്രചരണങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി.

കേരളത്തില്‍ എന്തുകൊണ്ട് ലൗ ജിഹാദ് നിയമങ്ങള്‍ നടപ്പിലാക്കുന്നില്ലെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്   പ്രസ്താവന നടത്തിയ പശ്ചാത്തലത്തിലായിരുന്നു തരൂരിന്റെ പ്രതികരണം.

കേരളത്തില്‍ ലൗ ജിഹാദില്ലെന്നും ബി.ജെ.പിക്ക് എത്ര ‘ലൗ ജിഹാദ്’ കേസുകള്‍ കണ്ടെത്താന്‍ കഴിഞ്ഞെന്നും ശശി തരൂര്‍ ചോദിച്ചു.

ഇത്തരം വര്‍ഗീയവിഷ പ്രചാരണത്തെ തള്ളിക്കളയണമെന്നും ഈ വിഷയത്തില്‍ മലയാളികള്‍ വീണു പോകരുതെന്നും തരൂര്‍ പറഞ്ഞു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വര്‍ഗീയ വിഷ പ്രചാരണത്തെ തള്ളിക്കളയണമെന്നും തരൂര്‍ പറഞ്ഞു.

ലൗ ജിഹാദ് തടയണമെന്ന് ഹൈക്കോടതി പറഞ്ഞിട്ടും എന്തുകൊണ്ടാണ് കേരളത്തില്‍ ലൗ ജിഹാദിനെതിരെ നിയമനിര്‍മ്മാണം നടത്താതെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രസ്താവന. ഉത്തര്‍പ്രദേശ് ഇതിനോടകം ലൗ ജിഹാദിനെതിരെ നിയമം പാസാക്കിക്കഴിഞ്ഞുവെന്നും യോഗി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ലൗ ജിഹാദ് ചര്‍ച്ചയാക്കി ബി.ജെ.പി രംഗത്ത് എത്തിയിരുന്നു. ലൗ ജിഹാദ് നിയമം കൊണ്ട് വരുമെന്ന് ബി.ജെ.പി പ്രചരണ പത്രികയില്‍ പറഞ്ഞിരുന്നു.

കേരളത്തിലും കര്‍ണ്ണാടകയിലും അമുസ്ലീം യുവതികളെ പ്രണയം നടിച്ച് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുവാനായി സംഘടിത തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഉയര്‍ന്നു വന്ന വിവാദത്തിന്റെ പേരാണ് ലൗ ജിഹാദ്.

മലയാളത്തിലെ ഒരു ദിനപത്രത്തിലാണ് ഇതിനെക്കുറിച്ചുള്ള വാര്‍ത്ത ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് കര്‍ണ്ണാടകയിലെയും കേരളത്തിലെയും ഹിന്ദു ജനജാഗ്രതി സമിതി, ക്ഷേത്രസംരക്ഷണസമിതി തുടങ്ങിയ സംഘടനകള്‍ ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ ചര്‍ച്ചകള്‍ ചൂടുപിടിക്കാന്‍ തുടങ്ങി.

വിവാദങ്ങള്‍ വ്യാപകമായതോടെ കേരളത്തില്‍ ലൗ ജിഹാദ് പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാനായി അന്നത്തെ സംസ്ഥാന ഡി.ജി.പിയോടും ആഭ്യന്തരമന്ത്രാലയത്തോടും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡി.ജി.പിയായിരുന്ന ജേക്കബ് പുന്നൂസ് കേസ് സംബന്ധിച്ച് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേരളത്തിലൊരിടത്തും ലൗ ജിഹാദ് പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Shashi Tharoor Slams Yogi Aditya Nath’s Love Jihad Campaign