'ടിപ്പുസുല്‍ത്താന്‍'; ഇമ്രാന്‍ ഖാനെ കുറിച്ച് എനിക്ക് വ്യക്തിപരമായി അറിയാവുന്ന കാര്യമാണ് അത് ; പ്രശംസയുമായി ശശി തരൂര്‍
D' Election 2019
'ടിപ്പുസുല്‍ത്താന്‍'; ഇമ്രാന്‍ ഖാനെ കുറിച്ച് എനിക്ക് വ്യക്തിപരമായി അറിയാവുന്ന കാര്യമാണ് അത് ; പ്രശംസയുമായി ശശി തരൂര്‍
ന്യൂസ് ഡെസ്‌ക്
Tuesday, 7th May 2019, 10:50 am

ന്യൂദല്‍ഹി: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ടിപ്പു സുല്‍ത്താനെ ആദരിച്ചു കൊണ്ടുള്ള ഇമ്രാന്‍ ഖാന്റെ ട്വീറ്റിന് നല്‍കിയ മറുപടിയാലായിരുന്നു തരൂരിന്റെ പ്രശംസ.

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ കുറിച്ച് എനിക്ക് വ്യക്തിപരമായി അറിയുന്ന കാര്യം അദ്ദേഹത്തിന് ഇന്ത്യയുടെ ചരിത്രത്തിലുള്ള താത്പ്പര്യം സത്യസന്ധവും വിശാലവുമാണ് എന്നതാണ്. അദ്ദേഹം വായിക്കുന്നു, അദ്ദേഹം ഇതെല്ലാം ശ്രദ്ധിക്കുന്നു.

ടിപ്പു സുല്‍ത്താനെ ഓര്‍ക്കാന്‍ ഒരു പാക് നേതാവ് വേണ്ടി വന്നത് നിരാശയുണ്ടാക്കുന്നതാണ് എന്നാണ് തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ ഇമ്രാന്‍ ഖാനെ പ്രശംസിച്ചുകൊണ്ടുള്ള തരൂരിന്റെ ട്വിറ്റിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

അടിമജീവിതത്തിന് വഴങ്ങാതെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍കൊടുക്കാന്‍പോലും തയ്യാറായ ഭരണാധികാരിയായിരുന്നു ടിപ്പു സുല്‍ത്താനെന്നായിരുന്നു ഇമ്രാന്‍ ഖാന്‍ ടിപ്പുവിനെ കുറിച്ച് പറഞ്ഞത്. മൈസൂര്‍ സുല്‍ത്താന്റെ ചരമവാര്‍ഷികദിനത്തിലായിരുന്നു പാക് പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരമര്‍പ്പിച്ചത്.

ഇന്ന് മെയ് 4 ടിപ്പു സുല്‍ത്താന്റെ ചരമവാര്‍ഷികം..ഞാന്‍ ഏറ്റവും അധികം ആദരിക്കുന്ന ഭരണാധികാരി.. കാരണം അയാള്‍ സ്വാതന്ത്ര്യമാണ് തെരഞ്ഞെടുത്തത്. അടിമയായി ജീവിതം നയിക്കുന്നതിനെക്കാള്‍ പ്രാധാന്യം സ്വാതന്ത്ര്യത്തിന് നല്‍കി അതിനായി പോരാടി മരിച്ചു’ എന്നായിരുന്നു ടിപ്പുവിനെക്കുറിച്ച് ഇമ്രാന്‍ ട്വിറ്ററില്‍ കുറിച്ചത്.

പതിനെട്ടാം നൂറ്റാണ്ടിലെ ഭരണാധികാരിയെ ഇതാദ്യമായല്ല ഇമ്രാന്‍ഖാന്‍ വാഴ്ത്തുന്നത്. ഫെബ്രുവരിയില്‍ പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ-പാക് ബന്ധം കലുഷിതമായപ്പോള്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തിലും ഇമ്രാന്‍ ടിപ്പുവിന്റെ ധീരത എടുത്തുകാട്ടിയായിരുന്നു സംസാരിച്ചത്.

നാലാം ആംഗ്ലോ-മൈസൂര്‍ യുദ്ധത്തില്‍ ശ്രീരംഗപട്ടണത്തുവെച്ചാണ് ടിപ്പു കൊല്ലപ്പെടുന്നത്.