'മഹുവ മൊയ്ത്രയുമായുള്ള ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് തരംതാണ രാഷ്ട്രീയം, അവര്‍ എനിക്ക് മകളെ പോലെ ': ശശി തരൂര്‍
national news
'മഹുവ മൊയ്ത്രയുമായുള്ള ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് തരംതാണ രാഷ്ട്രീയം, അവര്‍ എനിക്ക് മകളെ പോലെ ': ശശി തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd October 2023, 2:43 pm

ന്യൂദൽഹി: എം.പി യും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മഹുവ മൊയ്ത്രയുമായുള്ള ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ തരം താഴ്ന്ന രാഷ്ട്രീയമെന്ന് കോണ്‍ഗ്രസ് എം. പി. ശശി തരൂര്‍.

15 പേര്‍ പങ്കെടുത്ത പിറന്നാള്‍ ആഘോഷ ചടങ്ങായിരുന്നു അത്. അതില്‍ തന്റെ സഹോദരി അടക്കം പങ്കെടുത്തിരുന്നു. ഇതെല്ലം ഒഴിവാക്കിയ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പിന്നിലുള്ള ലക്ഷ്യം എല്ലാവര്‍ക്കും അറിയാമെന്നും ശശി തരൂര്‍ പറഞ്ഞു.

‘ഇതൊരു തരംതാഴ്ന്ന രാഷ്ട്രീയമാണ് . മഹുവ മൊയ്ത്ര എനിക്ക് മകളെ പോലെയാണ്. എന്നെക്കാള്‍ പത്തിരുപത് വയസ്സ് പ്രായം കുറഞ്ഞ ആളാണ്. ആ കുട്ടിയുടെ ബര്‍ത്ത്‌ഡേ പാര്‍ട്ടിക്ക് ഞാനടക്കം 15 പേരെ ക്ഷണിച്ചിട്ടുണ്ടായിരുന്നു. അതില്‍ എന്റെ സഹോദരിയും ഉള്‍പ്പെടുന്നുണ്ട്.

എന്നാല്‍ മനഃപൂര്‍വം ആളുകളെ പറ്റിക്കാനായി മറ്റുള്ളവരുടെ ചിത്രം വെട്ടിക്കളഞ്ഞ് പ്രചരിപ്പിച്ചതാണ്. അതിലൂടെ ഞങ്ങള്‍ ഒരു സ്വകാര്യ കൂടിക്കാഴ്ചയില്‍ ആണെന്ന് തെളിയിക്കുകയാണ് ലക്ഷ്യം.

രണ്ടുപേര്‍ മാത്രം ഒറ്റയ്ക്കിരിക്കുമ്പോള്‍ ആരു വന്നിട്ട് ഫോട്ടോ എടുക്കാന്‍ ആണ്, മൂന്നാമത് ഒരാള്‍ക്ക് എടുക്കാന്‍ സാധിക്കുമോ? സമൂഹമാധ്യമങ്ങളിലെ ട്രോളുകളില്‍ മനുഷ്യന്മാരെ തരംതാഴ്ത്തുന്ന എന്തും പ്രയോഗിക്കും.

ഞാന്‍ ഇത്തരം വാര്‍ത്തകള്‍ക്ക് ഒന്നും വലിയ പ്രാധാന്യം നല്‍കാറില്ല. ഇനി അങ്ങോട്ട് പ്രാധാന്യം നല്‍കാന്‍ പോകുന്നുമില്ല. ജനങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയ പ്രവര്‍ത്തനം ശരിയായ രീതിയില്‍ ചെയ്യണം. ജനസേവനത്തിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്,’ശശി തരൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ശശി തരൂരും മഹുവയും അത്താഴവിരുന്നില്‍ ഒരുമിച്ചുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. ചിത്രത്തിലുള്ള മറ്റുള്ളവരെ നീക്കം ചെയ്താണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. ഇതിനെതിരെ മഹുവ തന്നെ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ചിത്രത്തിലുള്ള മറ്റുള്ളവരെ കൂടെ കാണിക്കാന്‍ ചിത്രം പ്രചരിപ്പിച്ചവരോട് മഹുവ ആവശ്യപ്പെട്ടിരുന്നു.

Content Highlight: Shashi Tharoor on Mahuva Moithra photos