ഭൂരിപക്ഷവാദം തടയുന്നതില്‍ ജുഡീഷ്യറി പരാജയം; സര്‍ക്കാരും നീതിപീഠവും തമ്മില്‍ വ്യത്യാസമില്ലെന്ന് തരൂര്‍
national news
ഭൂരിപക്ഷവാദം തടയുന്നതില്‍ ജുഡീഷ്യറി പരാജയം; സര്‍ക്കാരും നീതിപീഠവും തമ്മില്‍ വ്യത്യാസമില്ലെന്ന് തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th December 2021, 8:53 am

ന്യൂദല്‍ഹി: നീണ്ടുപോകുന്ന കേസുകള്‍ പലപ്പോഴും നീതിനിഷേധത്തിന് കാരണമാകുന്നുവെന്ന് കോണ്‍ഗ്രസ് അംഗം ശശി തരൂര്‍.

നിയമവ്യവസ്ഥ നിസ്സംഗരായി നിന്ന ഒട്ടേറെ സന്ദര്‍ഭങ്ങള്‍ രാജ്യത്തുണ്ടായിട്ടുണ്ടെന്നും ശശി തരൂര്‍ ലോക്സഭയില്‍ പറഞ്ഞു. ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാരുടെ (ശമ്പള, സേവന വ്യവസ്ഥ) ഭേദഗതി ബില്‍ സംബന്ധിച്ച ചര്‍ച്ചയ്ക്ക് തുടക്കമിട്ടു പ്രസംഗിക്കുകയായിരുന്നു തരൂര്‍.

നാലരക്കോടിയോളം കേസുകളാണ് രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്നതെന്നും പല തീരുമാനങ്ങളും ഭരണകൂടവും നീതിപീഠവും തമ്മില്‍ അധികാര വ്യത്യാസമില്ലെന്ന പ്രതീതിയുണര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിനു പ്രത്യേക പദവി പിന്‍വലിച്ച തീരുമാനത്തോടനുബന്ധിച്ച കേസുകളില്‍ ഭരണകൂടത്തിന്റെ സ്വാധീനമുണ്ടായിയെന്നും തരൂര്‍ പറഞ്ഞു.

ഹേബിയസ് കോര്‍പസ് ഹര്‍ജികളില്‍പ്പോലും കുറ്റകരമായ കാലതാമസമുണ്ടായി. 15 ദിവസത്തിനകം ഹേബിയസ് കോര്‍പസ് ഹര്‍ജികളില്‍ തീര്‍പ്പാക്കണമെന്നാണെങ്കിലും കശ്മീരില്‍ 252 ദിവസംവരെ നീണ്ട കേസുകളുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

നിരവധി പ്രതിപക്ഷാംഗങ്ങള്‍ നിയമവ്യവസ്ഥയിലെ അപാകതകളും അഴിമതി ആരോപണങ്ങളും പരിഹരിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, തരൂരിന്റെ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങളെ ബി.ജെ.പി അംഗം നിഷികാന്ത് ദുബെ എതിര്‍ത്തു. കോടതിയിലിരിക്കുന്ന ചില കേസുകളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ രേഖയില്‍ നിന്നു നീക്കുമെന്ന് ചെയറിലുണ്ടായിരുന്ന എ.രാജ പറഞ്ഞു.

അതേസമയം ഒരു ടിവി ചാനലിന്റെ എഡിറ്ററുമായി ബന്ധപ്പെട്ട കേസില്‍ പെട്ടെന്നു തീര്‍പ്പാക്കാന്‍ മുംബൈ ഹൈക്കോടതിക്കു കഴിയുകയും ചെയ്തു. ജഡ്ജിമാരുടെ സേവനകാലാവധി നീട്ടുന്നത് പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ നിയമം പാര്‍ലമെന്റ് അവതരിപ്പിച്ചു പാസ്സാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സര്‍ക്കാരിന് ഉണ്ടാവണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.

കെ.ആര്‍.നാരായണന്‍ എന്ന രാഷ്ട്രപതി ഉണ്ടായതുകൊണ്ട് മാത്രമാണ് കെ.ജി. ബാലകൃഷ്ണന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിതനായതെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. തോമസ് ചാഴികാടന്‍, ഇ.ടി.മുഹമ്മദ് ബഷീര്‍, ലക്ഷദ്വീപ് എംപി പി.പി. മുഹമ്മദ് ഫൈസല്‍ തുടങ്ങിയവരും നീതിന്യായ വ്യവസ്ഥയില്‍ സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Shashi Tharoor against Central government