മൈന്‍ഡ് ബ്ലോവിങ് കാമിയോ എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്; ബ്രഹ്മാസ്ത്രയില്‍ ഏറ്റവും ബെസ്റ്റ് പാര്‍ട്ട് ഷാരൂഖിന്റേത്
Film News
മൈന്‍ഡ് ബ്ലോവിങ് കാമിയോ എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്; ബ്രഹ്മാസ്ത്രയില്‍ ഏറ്റവും ബെസ്റ്റ് പാര്‍ട്ട് ഷാരൂഖിന്റേത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th September 2022, 8:06 am

പുരാണ കഥകളിലെ മിത്തുകളില്‍ നിന്നുമുള്ള ആശയങ്ങള്‍ ഉള്‍ക്കൊണ്ട് അയാന്‍ മുഖര്‍ജി സൃഷ്ടിച്ച അസ്ത്രവേഴ്‌സ്, ഇതിന്റെ ഒന്നാം ഭാഗമാണ് ബ്രഹ്മാസ്ത്ര പാര്‍ട്ട് വണ്‍ ശിവ. വാനാരാസ്ത്രം, നന്ദി അസ്ത്രം, പ്രഭാസ്ത്രം, ആഗ്നേയാസ്ത്രം എന്നിങ്ങനെ നാല് അസ്ത്രങ്ങളാണ് ബ്രഹ്മാസ്ത്രയുടെ ആദ്യഭാഗത്ത് പരിചയപ്പെടുത്തിയിരിക്കുന്നത്.

രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രത്തില്‍ ഷാരൂഖ് ഖാന്‍, നാഗാര്‍ജുന, അമിതാഭ് ബച്ചന്‍, മൗനി റോയി എന്നിങ്ങനെ വലിയ താരനിര തന്നെയാണ് എത്തിയത്. ഇതില്‍ പ്രേക്ഷകരെ ഏറ്റവും ആവേശം കൊള്ളിച്ചതാവട്ടെ ഷാരൂഖ് ഖാന്റെ മോഹന്‍ ഭാര്‍ഗവും.

തുടക്കം മുതല്‍ തന്നെ അയാന്‍ മുഖര്‍ജി സസ്‌പെന്‍സാക്കി വെച്ചതായിരുന്നു ഷാരൂഖ് ഖാന്റെ കാമിയോ റോള്‍. റിലീസിന്റെ അവസാന നിമിഷങ്ങളിലാണ് ഷാരൂഖിന്റെ റോള്‍ പുറത്തേക്ക് ലീക്കായത്. ഇതുതന്നെ ആരാധകരെ ആവേശത്തിലാക്കി. 2018ല്‍ പുറത്ത് വന്ന ജബ് ഹാരി മെറ്റ് സേജല്‍ എന്ന ചിത്രത്തിന് ശേഷം ഷാരൂഖിനെ തിയേറ്ററില്‍ കാണാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇടക്ക് റോക്കട്രിയില്‍ അതിഥി വേഷത്തിലെത്തിയ താരത്തിന്റെ ബ്രഹ്മാസ്ത്രയിലെ മാസ് എന്‍ട്രി കാണാന്‍ കാത്തിരിക്കുകയായിരുന്നു സിനിമാ പ്രേമികള്‍.

അവരുടെ പ്രതീക്ഷകളെ ഷാരൂഖ് തെറ്റിച്ചതുമില്ല. വാനാരാസ്ത്രത്തിന്റെ ശക്തി കയ്യിലുള്ള സയന്റിസ്റ്റായി അക്ഷരാര്‍ത്ഥത്തില്‍ ഷോ സ്റ്റീലര്‍ തന്നെയായി ഷാരൂഖ്. ഏതാനും മിനിട്ടുകള്‍ മാത്രമാണ് ഷാരൂഖ് സ്‌ക്രീനില്‍ എത്തുന്നുള്ളുവെങ്കിലും ഏറ്റവുമധികം ത്രില്ലടിപ്പിച്ചതും തിയേറ്റര്‍ വിട്ടുപോയാലും ഓര്‍ത്തിരിക്കുന്നതുമായ കഥാപാത്രമായി ഷാരൂഖ് ഖാന്‍.

വാനാരാസ്ത്രത്തിന്റെ ശക്തിയില്‍ എതിരാളികളെ നേരിടുന്ന മോഹന്‍ ഒരു കാഴ്ചാ വിരുന്ന് തന്നെയുണ്ടാക്കി. പ്രത്യേകിച്ചും ഹനുമാന്റെ ഭീമാകാര രൂപത്തില്‍ ആകാശത്തേക്ക് ഉയര്‍ന്നുനില്‍ക്കുന്ന രംഗങ്ങള്‍ തിയേറ്ററില്‍ തന്നെ കാണേണ്ടതാണ്. പ്രേക്ഷകന്റെ പ്രതീക്ഷകളോട് 100 ശതമാനവും നീതി പുലര്‍ത്തുന്ന പ്രകടനമാണ് ഷാരൂഖ് നടത്തിയത്. ചിത്രത്തില്‍ ഏറ്റവും ബെസ്റ്റ് പാര്‍ട്ട് ഷാരൂഖ് ഖാന്റേതാണെന്ന് ചിത്രം കണ്ട പ്രേക്ഷകര്‍ പറയുന്നു.

അസിസ്റ്റന്റ് ഡയറക്ടറായി അരങ്ങേറിയ ആദ്യചിത്രമായ സ്വദേശിലെ ഷാരൂഖിന്റെ മോഹന്‍ ഭാര്‍ഗവ് എന്ന കഥാപാത്രത്തെ തന്നെയാണ് അയാന്‍ ബ്രഹ്മാസ്ത്രയിലുമെത്തിച്ചത് എന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം.

Content Highlight: sharukh khan has the best part and mind blowing cameo appearance in brahmastra