ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഇത്തവണയും ഇന്ത്യയുടെ സജീവ പ്രാതിനിധ്യം
Middle East
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഇത്തവണയും ഇന്ത്യയുടെ സജീവ പ്രാതിനിധ്യം
ന്യൂസ് ഡെസ്‌ക്
Sunday, 21st October 2018, 1:10 pm

ദുബൈ: ഒക്ടോബര്‍ 31 ന് കൊടിയേറുന്ന 37ാമത് ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകമോളയില്‍ ഇത്തവണയും ഇന്ത്യന്‍ പ്രാതിനിധ്യം മികച്ചുനില്‍ക്കും. കേരളത്തില്‍ നിന്നടക്കം ഇന്ത്യയുടെ വിവിധ കോണുകളില്‍ നിന്നും മികച്ച എഴുത്തുകാരുടെ നിരയാണ് ഈ വര്‍ഷവും മേളയിലെത്തുന്നത്.

ശശി തരൂര്‍, ചേതന്‍ ഭഗത്, ഡോ. എല്‍. സുബ്രമണ്യം, പെരുമാള്‍ മുരുകന്‍, റസൂല്‍ പൂക്കുട്ടി, കരണ്‍ ഥാപ്പര്‍, പ്രകാശ് രാജ്, നന്ദിത ദാസ്, ലില്ലി സിംഗ്, മനു എസ്. പിള്ള, യു. കെ. കുമാരന്‍, എസ്. ഹരീഷ്, സന്തോഷ് ഏച്ചിക്കാനം തുടങ്ങിയവര്‍ മേളയുടെ വിവിധ സെഷനുകളില്‍ പങ്കെടുക്കുമെന്ന് ഷാര്‍ജാ ബുക്ക് അതോറിറ്റി എക്സ്റ്റേണല്‍ അഫേര്‍സ് എക്സിക്യൂട്ടീവ് മോഹന്‍ കുമാറൂം, ഡി.സി ബുക്സ് എംഡി രവി ഡിസിയും ദുബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഷാര്‍ജ എക്സ്പോ സെന്ററില്‍ നവംബര്‍ 10 വരെയാണ് പുസ്തകമേള. നൂറോളം രാജ്യങ്ങളിലെ ആയിരത്തിലേറെ പ്രസാധകരാണ് പുസ്തകമേളയുടെ 37-ാം പതിപ്പില്‍ പങ്കെടുക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകമേളയായ ഷാര്‍ജ പുസ്തകമേളയോടനുബന്ധിച്ച് വിവിധദിനങ്ങളില്‍ നടക്കുന്ന പരിപാടികളില്‍, ഇന്ത്യയില്‍ നിന്ന് കലാസാഹിത്യരംഗങ്ങളിലേയും, സാമൂഹിക-സാംസ്‌കാരിക-രാഷട്രീയമേഖലകളിലേയും, സംഗീതം, സിനിമ, മാധ്യമം, പാചകം തുടങ്ങിയ രംഗങ്ങളിലേയും പ്രമുഖര്‍ ഇക്കുറിയും പങ്കെടുക്കുന്നുണ്ട്.

“മീശ” എന്ന നോവലിന്റെ രചയിതാവ് എസ്. ഹരീഷ്, “തൊട്ടപ്പന്‍” എന്ന കഥാസമാഹാരത്തിലൂടെ സമകാലിക മലയാളകഥാലോകത്ത് ഇടം കണ്ടെത്തിയ ഫ്രാന്‍സിസ് നൊറോണ, “ഒറ്റമരപ്പെയ്ത്ത്” എന്ന പുതിയ പുസ്തകവുമായി ദീപ നിശാന്ത് തുടങ്ങി കേരളത്തില്‍ നിന്നുള്ള നിരവധി പേര്‍ പുസ്തകമേളയുടെ ഭാഗമായ സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്.

പ്രമുഖരുടെ നിര ഇത്തവണയും

ശശി തരൂര്‍, എം.പി.അബ്ദുസമദ് സമദാനി, ചേതന്‍ ഭഗത്, പെരുമാള്‍ മുരുകന്‍, റസൂല്‍ പൂക്കുട്ടി, പ്രശസ്ത വയലിനിസ്റ്റും സംഗീതജ്ഞനുമായ ഡോ. എല്‍. സുബ്രമണ്യം, കരണ്‍ ഥാപര്‍, പ്രകാശ് രാജ്, നന്ദിത ദാസ് എന്നിവര്‍ക്കൊപ്പം രാഷ്ട്രീയനേതാവും കവയത്രിയുമായ എം.കെ. കനിമൊഴി, യൂട്യൂബിലൂടെ പ്രശസ്തയായ “സൂപ്പര്‍വുമണ്‍” ലില്ലി സിംഗ്, നോവലിസ്റ്റും വയലാര്‍ പുരസ്‌കാര ജേതാവുമായ യു.കെ. കുമാരന്‍, കവികളായ അന്‍വര്‍ അലി, പി.രാമന്‍, ദിവാകരന്‍ വിഷ്ണുമംഗലം, എഴുത്തുകാരായ സോഹ അലി ഖാന്‍, കെ.വി.മോഹന്‍കുമാര്‍ ഐ.എ.എസ്., സന്തോഷ് എച്ചിക്കാനം, എസ്. ഹരീഷ്, മനു എസ്. പിള്ള, ദീപ നിശാന്ത്, ഫ്രാന്‍സിസ് നൊറോണ എന്നിവരും മേളയ്ക്കെത്തുന്നു.

ചലച്ചിത്രനടന്‍ മനോജ് കെ.ജയന്‍, മാപ്പിളപ്പാട്ടിലെ നിറസാന്നിദ്ധ്യമായ എരഞ്ഞോളി മൂസ, പാചകവിദഗ്ദ്ധരായ രണ്‍വീര്‍ ബ്രാര്‍, ശിപ്ര ഖന്ന, ലതിക ജോര്‍ജ്, ആന്‍സി മാത്യു, എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സിസ്റ്റര്‍ ജെസ്മി, മോട്ടിവേഷന്‍ ട്രെയിനര്‍മാരായ ഗൗര്‍ ഗോപാല്‍ ദാസ്, മനോജ് വാസുദേവന്‍ എന്നിവരും എക്സ്പോ സെന്ററിലെ വിവിധവേദികളില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കും.

പുസ്തകമേളയിലെ പരിപാടികള്‍

നവംബര്‍ 1 വ്യാഴം

ഇന്റലെക്ച്വല്‍ ഹാള്‍
രാത്രി 8.30 മുതല്‍ 10.30 വരെ ലോകസംഗീത ഭൂപടത്തിലെ ഇന്ത്യയുടെ മുഖവും, കര്‍ണാടക ശാസ്ത്രീയസംഗീതശൈലിയിലും പാശ്ചാത്യ ക്ലാസ്സിക്കല്‍ ശൈലിയിലും ലോകപ്രതിഭകളുടെയൊപ്പം വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്തനായ വയലിനിസ്റ്റും കംപോസറും കണ്ടക്ടറുമായ ഡോ. എല്‍. സുബ്രമണ്യവും സംഘവും അവതരിപ്പിക്കുന്ന “ദി ആര്‍ട്ട് ഓഫ് മ്യൂസിക്” സംഗീതപരിപാടി.

നവംബര്‍ 2 വെള്ളി

ബുക്ക് ഫോറം
വൈകുന്നേരം 5.30 മുതല്‍ 6.30 വരെ മനു എസ്.പിള്ളയുടെ “ദി ഐവറി ത്രോണ്‍” എന്ന പുസ്തകത്തെ അധികരിച്ച് പഴയ തിരുവിതാംകൂറിനേക്കുറിച്ചുള്ള ചര്‍ച്ച.

ഇന്റലെക്ച്വല്‍ ഹാള്‍
വൈകുന്നേരം 6 മുതല്‍ 7 വരെ, സ്വന്തം ചിത്രമായ “മാന്റോ”യേക്കുറിച്ച് സംവിധായിക കൂടിയായ നടി നന്ദിത ദാസ് നടത്തുന്ന പ്രഭാഷണം, “ഡിസ്‌കവറിംഗ് മാന്റോ”. 7 മുതല്‍ 8.30 വരെ ഗൗര്‍ ഗോപാല്‍ ദാസ് പങ്കെടുക്കുന്ന “ആന്‍ ഈവനിംഗ് വിത്ത് ഇന്റര്‍നാഷണല്‍ ലൈഫ് കോച്ച് ഗൗര്‍ ഗോപാല്‍ ദാസ്” എന്ന പരിപാടി.
8.30 മുതല്‍ 10.30 വരെ യു.കെ.കുമാരന്‍, കെ.വി.മോഹന്‍കുമാര്‍, സന്തോഷ് എച്ചിക്കാനം എന്നിവര്‍ പങ്കെടുക്കുന്ന, മലയാളകഥകളിലേയും നോവലുകളിലേയും മിത്തുകളേക്കുറിച്ചുള്ള ചര്‍ച്ച.

ബാള്‍ റൂം
വൈകുന്നേരം 6 മുതല്‍ 8 വരെ ഡി.എം.കെ. നേതാവും കവയത്രിയുമായ എം.കെ.കനിമൊഴി പങ്കെടുക്കുന്ന “മീറ്റ് ദി പോയറ്റ് ആന്റ് പൊളിറ്റീഷ്യന്‍” എന്ന പരിപാടി. 8 മുതല്‍ 9 വരെ “ദി ഗേള്‍ ഇന്‍ റൂം 105” എന്ന പുസ്തകത്തേക്കുറിച്ച് ചേതന്‍ ഭഗത് നടത്തുന്ന പ്രഭാഷണം. 9.30 മുതല്‍ 11.30 വരെ എരഞ്ഞോളി മൂസ നയിക്കുന്ന മാപ്പിളപ്പാട്ട്.

കുക്കറി കോര്‍ണര്‍
വൈകുന്നേരം 7 മുതല്‍ 9 വരെ രണ്‍വീര്‍ ബ്രാറിന്റെ “കം ഇന്റു മൈ കിച്ചന്‍” കുക്കറി ഷോ.

നവംബര്‍ 3 ശനി

ഇന്റലെക്ച്വല്‍ ഹാള്‍
രാവിലെ 11 മുതല്‍ ഉച്ചക്ക് 1 മണി വരെ മനോജ് വാസുദേവന്‍ നയിക്കുന്ന നേതൃത്വപരിശീലനപരിപാടി. വൈകുന്നേരം 4.30 മുതല്‍ 5.30 വരെ ചലച്ചിത്രനടന്‍ മനോജ് കെ.ജയനുമായുള്ള സര്‍ഗ്ഗസംവാദം. 7 മുതല്‍ 8 വരെ മുതിര്‍ന്ന ചലച്ചിത്രനടനായ പ്രകാശ് രാജ് പങ്കെടുക്കുന്ന ചര്‍ച്ച – “എക്സ്പ്ലോറിംഗ് അണ്‍നോണ്‍”. 8 മുതല്‍ 9 വരെ സോഹ അലി ഖാന്‍ പങ്കെടുക്കുന്ന “ദി പെരില്‍സ് ഓഫ് ബീയിംഗ് മോഡറേറ്റ്ലി ഫേമസ്” എന്ന പുസ്തകത്തേക്കുറിച്ചുള്ള ചര്‍ച്ച. 9 മുതല്‍ 10.30 വരെ എഴുത്തുകാരായ എസ്.ഹരീഷ്, ഫ്രാന്‍സിസ് നൊറോണ, ദീപ നിശാന്ത് എന്നിവര്‍ പങ്കെടുക്കുന്ന, “മീശയ്ക്ക് ശേഷമുള്ള മലയാളകഥകളും നോവലുകളും” എന്ന വിഷയത്തിലുള്ള ചര്‍ച്ച.

ബുക്ക് ഫോറം
വൈകുന്നേരം 6 മുതല്‍ 7 വരെ കരണ്‍ ഥാപര്‍ നടത്തുന്ന, “ഡെവിള്‍സ് അഡ്വക്കേറ്റ്” എന്ന പുസ്തകത്തേക്കുറിച്ചുള്ള പ്രഭാഷണം.

കുക്കറി കോര്‍ണര്‍
വൈകുന്നേരം 7 മുതല്‍ 9 വരെ ശിപ്ര ഖന്നയുടെ “കിച്ചന്‍ സ്റ്റാഴ്സ് കാ സഫര്‍” കുക്കറി ഷോ.

നവംബര്‍ 5 തിങ്കള്‍

ബാള്‍ റൂം
രാത്രി 8 മുതല്‍ 10 വരെ എം. പി. അബ്ദുസമദ് സമദാനിയുമായുള്ള സംവാദം.

നവംബര്‍ 8 വ്യാഴം

ബാള്‍ റൂം
രാത്രി 8 മുതല്‍ 10 വരെ ലില്ലി സിംഗ് പങ്കെടുക്കുന്ന പരിപാടി; “മീറ്റ് ദി സൂപ്പര്‍വുമണ്‍”.