എഡിറ്റര്‍
എഡിറ്റര്‍
എന്‍.ഡി.എ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം: അദ്വാനിക്ക് പിന്തുണയുമായി ശരത് യാദവ്
എഡിറ്റര്‍
Friday 5th October 2012 12:25am

ന്യൂദല്‍ഹി: പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി തര്‍ക്കം തുടരുന്നതിനിടെ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിക്ക് പിന്തുണയുമായി ജെ.ഡി.യു അധ്യക്ഷനും എന്‍.ഡി.എ കണ്‍വീനറുമായ ശരത് യാദവ് രംഗത്ത്.

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് ഏറ്റവും ഉചിതനായ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എല്‍.കെ അദ്വാനിയാണെന്നാണ് ശരത് യാദവ് ഇന്നലെ പറഞ്ഞത്.

Ads By Google

അദ്വാനിയുടെ പ്രായം അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള ഉപായമാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് അടുത്ത ദിവസമാണ് ശരത് യാദവിന്റെ പ്രസ്താവനയെന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനായാല്‍ 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്ര മോഡി വരുമെന്ന സൂചനകള്‍ ശക്തമായ അവസരത്തിലാണ് അദ്വാനിക്ക് പിന്തുണയുമായി ശരത് യാദവ് രംഗത്തെത്തിയിട്ടുള്ളത്.

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാനുള്ള മോഡിയുടെ നീക്കത്തിനെതിരെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അതിശക്തമായ നീക്കങ്ങള്‍ നടത്തിയപ്പോള്‍ മിതത്വം പാലിക്കാന്‍ ശരത് യാദവ് ശ്രമിച്ചിരുന്നു.

ഈ നിലപാടില്‍ നിന്നുള്ള അദ്ദേഹത്തിന്റെ മാറ്റമായാണ് ഇപ്പോഴത്തെ പ്രസ്താവനയെ നിരീക്ഷകര്‍ കാണുന്നത്. ഇതോടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോഡിക്ക് എന്‍.ഡി.എ സഖ്യത്തിലെ പ്രബലകക്ഷിയായ ഐക്യജനതാദളിന്റെ പിന്തുണ ലഭിക്കില്ലെന്ന് ഏകദേശം വ്യക്തമായിരിക്കുകയാണ്.

നരേന്ദ്ര മോഡിയെ പ്രധാനമന്ത്രിയായി ജനതാദള്‍ യു അംഗീകരിക്കില്ലെന്ന നിതീഷ് കുമാറിന്റെ നിലപാടിനുള്ള അംഗീകാരമായി ശരത് യാദവിന്റെ പ്രസ്താവന മാറിയിരിക്കുകയാണ്.

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോഡിക്ക് കൂടുതല്‍ സാധ്യതകളുണ്ടെങ്കിലും മറ്റ് നിരവധി നേതാക്കളും ഇതേ സ്ഥാനം മോഹിച്ച് രംഗത്തുണ്ട്.

Advertisement