എഡിറ്റര്‍
എഡിറ്റര്‍
ജെ.ഡി.യു-ബി.ജെ.പി സഖ്യത്തിനല്ല ബീഹാറി ജനത വോട്ട് ചെയ്തത്; നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ശരദ് യാദവ്
എഡിറ്റര്‍
Tuesday 1st August 2017 10:25am

ന്യൂദല്‍ഹി: ആര്‍.ജെ.ഡി-ജെ.ഡി.യു, കോണ്‍ഗ്രസ് സഖ്യത്തെ പിളര്‍ത്തിക്കൊണ്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയ നിതീഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ജെ.ഡി.യു ദേശീയ അധ്യക്ഷന്‍ ശരദ് യാദവ്.

ബീഹാറിലെ ജനവിധി ജെ.ഡി.യു-ബി.ജെ.പി സഖ്യത്തിനായിരുന്നില്ലെന്നും ബീഹാറിലെ മഹാസഖ്യം തകര്‍ത്തെറിഞ്ഞ നിതീഷിന്റെ നടപടി അസ്വാഭാവികവും അങ്ങേയറ്റം ദൗര്‍ഭാഗ്യകരവുമാണെന്നും ശരദ് യാദവ് പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യം ഞങ്ങളെ സംബന്ധിച്ച് അരോചകമാണ്. മഹാസഖ്യം തകര്‍ത്തത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പ്രതികരിച്ചു. ബി.ജെ.പി ജെ.ഡി.യു സഖ്യത്തിന് വേണ്ടിയായിരുന്നില്ല ജനങ്ങള്‍ വോട്ട് ചെയ്തത്. ആ ഭരണമായിരുന്നില്ല ജനങ്ങള്‍ ആഗ്രഹിച്ചത്. -ശരദ് യാദവ് മാധ്യമങ്ങളോട് പറഞ്ഞു.


Dont Miss ഇന്ത്യയിലെ ഭൂരിപക്ഷം മുസ്‌ലീങ്ങളും ഹിന്ദുവംശജരെന്ന് ബി.ജെ.പി എം.പി പാര്‍ലമെന്റില്‍


മഹാസഖ്യത്തിനൊപ്പം തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചശേഷം മുന്നണി മാറുന്നത് ജനവിധിക്ക് എതിരാണെന്നും ശരദ് യാദവ് ചൂണ്ടിക്കാട്ടി. ഇതിനായല്ല ജനങ്ങള്‍ ജെഡിയുവിന് വോട്ടു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി പിന്തുണയോടെ നിതീഷ് അധികാരത്തിലെത്തിയതിനുശേഷം ആദ്യമായാണ് ശരദ് യാദവ് പ്രതികരണവുമായെത്തുന്നത്.

ആര്‍.ജെ.ഡിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നുള്ള അപ്രതീക്ഷിത നീക്കങ്ങള്‍ക്കൊടുവിലാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം രാജിവച്ചത്. തൊട്ടടുത്ത ദിവസം തന്നെ ബി.ജെ.പി പിന്തുണയോടെ അദ്ദേഹം അധികാരത്തില്‍ തിരിച്ചെത്തുകയും ചെയ്തു. ബിജെപിയുമായി കൂട്ടുകൂടിയ ജെ.ഡി.യു തീരുമാനത്തില്‍ അമര്‍ഷമുണ്ടായിരുന്നെങ്കിലും അതു പരസ്യമായി പറയാന്‍ ശരദ് യാദവ് ഇതുവരെ തയാറായിരുന്നില്ല.

രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ നേതാവാണ് നരേന്ദ്രമോദിയെന്നും അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം നിതീഷ് കുമാര്‍ പറഞ്ഞത്. അദ്ദേഹത്തിനെതിരെ നില്‍ക്കാന്‍ തനിക്ക് കഴിവില്ലെന്നും രാജ്യത്ത് നിലവില്‍ അതിന് കഴിവുള്ള വ്യക്തികളുണ്ടെന്ന് തോന്നുന്നില്ലെന്നും നിതീഷ് പറഞ്ഞിരുന്നു.

മഹാസഖ്യത്തില്‍ തുടരുകയെന്നത് അസാധ്യമായതിനാലാണ് താന്‍ പിന്‍മാറിയതെന്നും ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വി യാദവിനെതിരായ ആരോപണങ്ങള്‍ തെളിയിക്കുന്നതിന് സി.ബി.ഐ റെയ്ഡിന്റെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്നും നിതീഷ് ആവശ്യപ്പെട്ടിരുന്നു.

മഹാസഖ്യം പിളരാതെ മുന്നോട്ടുപോകുമെന്ന ലാലു പ്രസാദ് യാദവിന്റെ പ്രഖ്യാപനമുള്‍പ്പെടെ എല്ലാം താന്‍ സഹിച്ചതാണെന്നും എന്നാല്‍ പിന്നീട് പിന്‍മാറുകയല്ലാതെ മറ്റൊരു മാര്‍ഗമുണ്ടായില്ലെന്നുമായിരുന്നു നീതീഷിന്റെ വാക്കുകള്‍.

Advertisement