ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
‘പവാറിന്റെ രാഷ്ട്രീയം മഹാരാഷ്ട്രയ്ക്ക് അപകടകരം’: ആഞ്ഞടിച്ച് ശിവസേന
ന്യൂസ് ഡെസ്‌ക്
Wednesday 13th June 2018 3:39pm

മുംബൈ: എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിനെതിരെ ആഞ്ഞടിച്ച് ശിവസേന നേതൃത്വം. പവാറിന്റെ രാഷ്ട്രീയം മഹാരാഷ്ട്രയ്ക്ക് അപകടം വരുത്തിവയ്ക്കുമെന്നും, സമൂഹത്തിന്റെ ഐക്യത്തിന് വിഘാതം സൃഷ്ടിക്കുന്നതാണ് അദ്ദേഹത്തിന്റെ നിലപാടുകളെന്നുമാണ് ശിവസേനയുടെ പ്രസ്താവന.

ഭീമ-കോറേഗാവ് സംഘര്‍ഷത്തിന്മേല്‍ നടക്കുന്ന പൊലീസ് അന്വേഷണത്തിനു തടസ്സങ്ങളുണ്ടാക്കുന്നത് ഒരു മുന്‍ മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ലെന്നു പറഞ്ഞ ശിവസേന നേതൃത്വം അന്വേഷണനടപടികളില്‍ സംശയമുന്നയിക്കുന്നതു വഴി ആരെയാണ് രക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും ചോദിച്ചു. പാര്‍ട്ടി പത്രമായ ‘സാമ്‌ന’യുടെ മുഖപ്രസംഗത്തിലാണ് ശിവസേന പവാറിനെതിരെയുള്ള പ്രസ്താവന നടത്തിയിട്ടുള്ളത്.

ജനുവരി ഒന്നിനു നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതേത്തുടര്‍ന്ന്, ഏല്‍ഗര്‍ പരിഷദ് സംഘടിപ്പിച്ചതിന്റെ പേരില്‍ ചില പുരോഗമനവാദികളെ പൊലീസ് ‘നക്‌സലൈറ്റുകളാ’യി മുദ്രകുത്താന്‍ ശ്രമിക്കുകയാണെന്ന് പവാര്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ ആരോപണത്തോടുള്ള പ്രതികരണവുമായാണ് ശിവസേന രംഗത്തു വന്നിരിക്കുന്നത്.


Also Read: കാറിനു സൈഡ് കൊടുത്തില്ല; ഗണേഷ്‌കുമാര്‍ എം.എല്‍.എ യുവാവിനെ മര്‍ദ്ദിച്ചതായി പരാതി


‘ശരദ് പവാറിന്റെ രാഷ്ട്രീയം സംസ്ഥാനത്തിന് അപകടകരമാണ്. എന്തടിസ്ഥാനത്തിലാണ് ഭീമ-കോറേഗാവ് സംഘര്‍ഷങ്ങള്‍ ആസൂത്രണം ചെയ്തതിന് അറസ്റ്റിലായവര്‍ യഥാര്‍ത്ഥത്തില്‍ നിരപരാധികളാണെന്ന് അദ്ദേഹം പറയുന്നത്?’ പാര്‍ട്ടി മുഖപത്രത്തില്‍ ചോദിക്കുന്നു. ‘ സംഭവത്തെത്തുടര്‍ന്ന് മഹാരാഷ്ട്ര കത്തിയെരിഞ്ഞുകൊണ്ടിരുന്നപ്പോള്‍ ക്യാമറകള്‍ക്കു മുന്നില്‍ വന്ന് ജനങ്ങളോട് സംയമനം പാലിക്കാന്‍ പറയുന്നതിനു പകരം, പവാര്‍ ചെയ്തത് ഹിന്ദു സംഘടനകളാണ് ഇതിനു പിന്നിലെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു.’ പാര്‍ട്ടി നേതൃത്വം കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയില്‍ വര്‍ഗ്ഗീയമായ ചേരിതിരിവുകള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പവാറും ഭാരിപാ ബഹുജന്‍ മഹാസംഘ് നേതാവ് പ്രകാശ് അംബേദ്കറും മറ്റുള്ളവരും ചേര്‍ന്ന് ഭീമ-കോറേഗാവ് വിഷയത്തിലെ അന്വേഷണത്തെ വഴിതിരിച്ചു വിടാനാണോ ശ്രമിക്കുന്നതെന്നും ശിവസേന ചോദിക്കുന്നു. ‘പവാറിന്റെ പ്രവൃത്തികളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ വീക്ഷണമാണ്. അത് തീര്‍ച്ചയായും സമൂഹത്തിന്റെ ഐക്യത്തെ തകര്‍ക്കുന്ന തരത്തിലുള്ളതാണ്.’ എഡിറ്റോറിയലില്‍ പറയുന്നു.

പുരോഗമനവാദികളെ നക്‌സലൈറ്റുകളായി മുദ്ര കുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എന്‍.സി.പിയുടെ പത്തൊന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന ചടങ്ങില്‍ ശരദ് പവാര്‍ പറഞ്ഞിരുന്നു. ‘സംഘര്‍ഷത്തിനു പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. അവരെ അറസ്റ്റു ചെയ്യാതെ യാതൊരു ബന്ധവുമില്ലാത്ത മറ്റുള്ളവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത് അധികാര ദുര്‍വിനിയോഗമാണ്.’ പവാര്‍ പറഞ്ഞിരുന്നു.

Advertisement