അച്ഛനുവേണ്ടി ചെയ്തതാണ് ഒടിയന്‍; അവാര്‍ഡ് അച്ഛന് സമര്‍പ്പിക്കുന്നു: പുരസ്‌കാരത്തെക്കുറിച്ച് ഷമ്മി തിലകന്‍
Kerala State Film Award
അച്ഛനുവേണ്ടി ചെയ്തതാണ് ഒടിയന്‍; അവാര്‍ഡ് അച്ഛന് സമര്‍പ്പിക്കുന്നു: പുരസ്‌കാരത്തെക്കുറിച്ച് ഷമ്മി തിലകന്‍
ന്യൂസ് ഡെസ്‌ക്
Wednesday, 27th February 2019, 2:28 pm

 

മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്‌കാരം പിതാവ് തിലകന് സമര്‍പ്പിക്കുന്നെന്ന് ഷമ്മി തിലകന്‍. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചതിനോട് പ്രതികരിച്ച് ഡൂള്‍ന്യൂസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

“അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ട്. ഇതിനുമുമ്പും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പക്ഷേ ഈ പുരസ്‌കാരം, ഒടിയന്‍ സിനിമയ്ക്കു ലഭിച്ച അവാര്‍ഡ് എന്റെ മരണപ്പെട്ട പിതാവിന് സമര്‍പ്പിക്കുന്നു. കാരണം അത് ചെയ്യാന്‍ കാരണം എന്റെ അച്ഛനാണ്. അച്ഛനോടുള്ള താല്‍പര്യത്താല്‍ ഞാന്‍ ചെയ്തതാണത്. അച്ഛനു സമര്‍പ്പിക്കുന്നു. പുരസ്‌കാരം ലഭിക്കാനായോ മറ്റെന്തെങ്കിലും നേട്ടത്തിനുവേണ്ടി ചെയ്തതല്ല ആ ചിത്രം. ” ഷമ്മി തിലകന്‍ പറയുന്നു.

ഡബ്ബിങ് ചെയ്തുകഴിഞ്ഞപ്പോള്‍ തന്നെ പുരസ്‌കാരം കിട്ടുമെന്ന തോന്നലുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

“അത് ചെയ്തപ്പോള്‍, മനസില്‍ ഒരു കാര്യം തോന്നിയിരുന്നു. അഹങ്കാരമാണെന്നൊക്കെ പറയാം, അതിനു തന്നില്ലെങ്കില്‍ പിന്നേതിനാണ് അവാര്‍ഡ് തരേണ്ടത് എന്ന ചിന്ത ഉണ്ടായിരുന്നു.

Also read:സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: നിമിഷാ സജയന്‍ മികച്ച നടി, സൗബിനും, ജയസൂര്യയും മികച്ച നടന്മാര്‍

കാരണം ഞാനത് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അനേക തവണ അതിന്റെ സംവിധായകന്‍ എന്നെ കെട്ടിപ്പിടിച്ച് ഉമ്മവെച്ച് പറഞ്ഞിട്ടുണ്ട്. ചേട്ടാ ഇപ്പോഴാണ് പ്രകാശ് രാജിന്റെ ക്യാരക്ടര്‍ ക്യാരക്ടറായതെന്ന് പറഞ്ഞിട്ടുണ്ട്. പ്രകാശ് രാജ് മാത്രമല്ല ആ കഥാപാത്രത്തില്‍ അഭിനയിക്കുന്നത് രണ്ട് നടന്മാരാണെന്നും പറഞ്ഞിട്ടുണ്ട്. ആ ഒരു അഭിമാനം ഇപ്പോള്‍ തോന്നുന്നു. ” അദ്ദേഹം വ്യക്തമാക്കി.