വോട്ടിന് വേണ്ടി 'കൈനീട്ടം' കൊടുത്ത് ആളുകളെ സ്വാധീനിക്കാന്‍ ശ്രമിച്ചതാണ് ഞാന്‍ വിഷയമാക്കിയത്; അങ്ങനെയാണ് ഇവര്‍ കാലാകാലങ്ങളായി സംഘടനയുടെ തലപ്പത്തിരിക്കുന്നത്: ഷമ്മി തിലകന്‍
Entertainment news
വോട്ടിന് വേണ്ടി 'കൈനീട്ടം' കൊടുത്ത് ആളുകളെ സ്വാധീനിക്കാന്‍ ശ്രമിച്ചതാണ് ഞാന്‍ വിഷയമാക്കിയത്; അങ്ങനെയാണ് ഇവര്‍ കാലാകാലങ്ങളായി സംഘടനയുടെ തലപ്പത്തിരിക്കുന്നത്: ഷമ്മി തിലകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 28th June 2022, 3:36 pm

എ.എം.എം.എയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തലേദിവസം കൈനീട്ടമെന്ന പേരില്‍ അംഗങ്ങള്‍ക്ക് പണം നല്‍കി സ്വാധീനിക്കുന്ന രീതിയാണ് ഉള്ളതെന്ന് നടന്‍ ഷമ്മി തിലകന്‍. ഇങ്ങനെയാണ് ഇവര്‍ കാലാകാലങ്ങളായി സംഘടനയുടെ തലപ്പത്തിരിക്കുന്നതെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ചേര്‍ന്ന സംഘടനയുടെ ജനറല്‍ ബോഡി മീറ്റിങ്ങില്‍ തനിക്കെതിരായ അച്ചടക്ക നടപടി ചര്‍ച്ചയായതിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”എന്റെ പ്രശ്‌നങ്ങള്‍ക്ക് ഞാന്‍ പരാതിയൊന്നും കൊടുത്തിട്ടില്ല. അതൊരു വിഷയമേ ആക്കിയിട്ടില്ല. പക്ഷെ, ഞാന്‍ വിഷയമാക്കിയത് എന്റെ അച്ഛനോട് കാണിച്ച അനീതിയാണ്.

കൈനീട്ടം കൊടുത്ത്, വോട്ട് വാങ്ങിക്കാന്‍ വേണ്ടി ആളുകളെ സ്വാധീനിക്കാന്‍ ശ്രമിച്ചതാണ് ഞാന്‍ വിഷയമാക്കിയത്. സംഘടനയിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ പിറ്റേ ദിവസം കൂടിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് കൈനീട്ടം കൊടുക്കാന്‍ തീരുമാനിച്ചത്.

അതായത് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള കമ്മിറ്റി എന്ന് പറയുന്നത് അവര്‍ക്ക് വെറും ദൈനംദിന കാര്യങ്ങള്‍ മാത്രം നോക്കാനുള്ള ഉത്തരവാദിത്തമാണുള്ളത്.

ഏതെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ സാമ്പത്തിക സഹായം പോലുള്ള കാര്യങ്ങളൊന്നും ചെയ്യാന്‍ പാടില്ല, എന്നല്ലേ ഇലക്ഷന്‍ കമ്മീഷന്റെ നിയമം. ഇവിടെ എല്ലാം പ്രഖ്യാപിച്ച് കഴിഞ്ഞ് തെരഞ്ഞെടുപ്പിന്റെ തലേദിവസം കൂടിയ മീറ്റിങ്ങില്‍ 25 പേര്‍ക്ക് കൈനീട്ടം പ്രഖ്യാപിച്ചു.

തെറ്റല്ലേ അത്. അത് നിയമലംഘനമല്ലേ. അങ്ങനെയൊക്കെയാണ് ഇവര്‍ കാലാകാലങ്ങളായി അമ്മ സംഘടനയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ ഇരിക്കുന്നത്.

കൈനീട്ടം എന്ന പേരില്‍ എനിക്കും തന്നു. എനിക്ക് അതിനുള്ള പ്രായമായിട്ടില്ല, എന്ന് പറഞ്ഞ് ഞാനത് തിരിച്ചുകൊടുത്തു. എനിക്കിപ്പോഴും റിട്ടയേര്‍ഡ് ചെയ്യാനുള്ള ആഗ്രഹമില്ല. പെന്‍ഷനായാണ് ഇത് നല്‍കുന്നത്. കൈനീട്ടം എന്ന ഒരു പേരേ ഉള്ളൂ.

ഓഡിറ്റിങ്ങ് വരുന്നതിനകത്ത് ഇത് എഴുതിയിരിക്കുന്നത് റിട്ടയര്‍മെന്റ് സ്‌കീം എന്നാണ്. എനിക്ക് കൈനീട്ടം പ്രഖ്യാപിച്ചപ്പോള്‍ 52 വയസേ ഉള്ളൂ, 52 വയസിലാണോ റിട്ടയേര്‍ഡ് ചെയ്യേണ്ടത്. കലാകാരന് റിട്ടയര്‍മെന്റുണ്ടോ.

എന്തടിസ്ഥാനത്തിലാണ് എന്റെ 52ാം വയസില്‍ അവര്‍ റിട്ടയര്‍മെന്റ് പ്രഖ്യാപിച്ച് 5000 രൂപ തന്ന് വീട്ടില്‍ പോയിരുന്നോ എന്നുള്ള രീതിയില്‍ പറഞ്ഞത്. അതൊക്കെ തെറ്റല്ലേ. എന്നിട്ടും അതൊന്നും ഞാന്‍ പ്രശ്‌നമാക്കിയില്ല.

ഞാന്‍ കൊടുത്ത കത്തില്‍ പറയുന്നത്, എന്റെ ചില ആവശ്യങ്ങളുണ്ട്, സംഘടനയിലെ ചില പുഴുക്കുത്തുകള്‍ക്കെതിരെ ഞാന്‍ ചില ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അതിന് തീരുമാനമാകുന്നത് വരെ എന്നെ ഈ ‘കൈനീട്ടം’ (സംഘാംഗങ്ങള്‍ എനിക്ക് വളരെ കനിഞ്ഞനുഗ്രഹിച്ച് തന്നു എന്നാണ് കത്തില്‍ എഴുതിയത്) വാങ്ങിക്കാന്‍ നിര്‍ബന്ധിക്കരുത്, എന്നാണ്. കത്തെഴുതിയിട്ടാണ് ഞാനത് തിരിച്ചുകൊടുത്തത്,” ഷമ്മി തിലകന്‍ പറഞ്ഞു.

ഞായറാഴ്ച കൊച്ചിയില്‍ ചേര്‍ന്ന എ.എം.എം.എയുടെ ജനറല്‍ ബോഡി യോഗത്തില്‍ ഷമ്മി തിലകനെ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനമെടുത്തിരുന്നു. അച്ചടക്ക ലംഘനം, ജനറല്‍ ബോഡി യോഗം മൊബൈലില്‍ പകര്‍ത്തിയതിനെകുറിച്ച് അച്ചടക്കസമിതിക്ക് മുമ്പാകെവിശദീകരണം നല്‍കിയില്ല, ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടും വന്നില്ല എന്നീ ആരോപണങ്ങളാണ് ഷമ്മി തിലകനെതിരെ സംഘടന ഉയര്‍ത്തിയത്.

ഷമ്മി തിലകനെതിരെ നടപടിയെടുക്കുമെന്നും സംഘടനക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ നിരന്തരം അഭിപ്രായങ്ങള്‍ പറയുന്നതില്‍ സംഘടനയിലെ പല അംഗങ്ങള്‍ക്കും എതിര്‍പ്പുണ്ടെന്നും പ്രസ് മീറ്റില്‍ ഇടവേള ബാബുവും സിദ്ധിഖും പറഞ്ഞിരുന്നു. നടപടിയെടുക്കാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഷമ്മി തിലകനെ വിളിച്ച് വിശദീകരണം ചോദിച്ച ശേഷം നടപടിയെടുക്കുമെന്നും സിദ്ധിഖ് പറഞ്ഞു.

അദ്ദേഹം ഇപ്പോഴും സംഘടനയിലെ അംഗമാണെന്നും പുറത്താക്കണമെന്നാണ് ഭൂരിഭാഗം പേരും നിര്‍ദേശിച്ചതെന്നും സിദ്ധിഖ് പറഞ്ഞിരുന്നു.

എ.എം.എം.എ ഭാരവാഹികള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ആരോപണങ്ങള്‍ ഉന്നയിച്ചത് അച്ചടക്ക ലംഘനമായി കണക്കാക്കിയാണ് ഷമ്മി തിലകനെതിരെ നടപടി സ്വീകരിക്കാന് സംഘടന തീരുമാനിച്ചതെന്നും നടന്‍ ജഗദീഷ് മാത്രമാണ് ഷമ്മി തിലകനെതിരായ അച്ചടക്ക നടപടി വേണ്ടെന്ന് വാദിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Content Highlight: Shammi Thilakan says AMMA association leaders tries to influence its members through the ‘Kaineettam’ program