എനിക്ക് കിട്ടിയ സ്റ്റാര്‍ഡം ഞാന്‍ ചോദിച്ച് വാങ്ങിയതല്ല, കിന്നാരത്തുമ്പികള്‍ എന്തുകൊണ്ട് ഹിറ്റായി എന്നറിയില്ല: ഷക്കീല
Movie Day
എനിക്ക് കിട്ടിയ സ്റ്റാര്‍ഡം ഞാന്‍ ചോദിച്ച് വാങ്ങിയതല്ല, കിന്നാരത്തുമ്പികള്‍ എന്തുകൊണ്ട് ഹിറ്റായി എന്നറിയില്ല: ഷക്കീല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 23rd February 2022, 3:14 pm

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു ഷക്കീല. സൂപ്പര്‍താര ചിത്രങ്ങള്‍ പോലും തിയേറ്ററുകളില്‍ പരാജയപ്പെട്ട് മലയാള സിനിമ പ്രതിസന്ധിയില്‍ നില്‍ക്കുന്ന കാലത്ത് തിയേറ്ററുകളെ തകര്‍ച്ചയുടെ വക്കില്‍ നിന്നും രക്ഷിച്ചത് ഷക്കീലയുടെ സിനിമകളായിരുന്നു.

സിനിമയിലെ താന്‍ നേരിട്ട അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഷക്കീല. തനിക്ക് കിട്ടിയ സ്റ്റാര്‍ഡം ഞാന്‍ ചോദിച്ച് വാങ്ങിയതല്ലെന്നും പ്രേക്ഷകര്‍ നല്‍കിയതാണെന്നും ഷക്കീല പറയുന്നു. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിനോടായിരുന്നു ഷക്കീലയുടെ പ്രതികരണം.

‘കിന്നാരത്തുമ്പി ചെയ്യുമ്പോള്‍ എന്നോട് പറഞ്ഞിരുന്നത് 17 വയസുള്ള ആണ്‍കുട്ടിക്ക് 35 വയസുള്ള സ്ത്രീയുമായി ചില ഭാവനകള്‍ ഉണ്ടാകുന്നുവെന്നാണ്. ആ ഭാവന എന്താണ് എന്ന എന്റെ ചോദ്യത്തിന് സെക്സ് ചെയ്യുന്നതാണെന്ന് പറഞ്ഞു. അതില്‍ എനിക്ക് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. ആ സിനിമ എന്തുകൊണ്ടാണ് ഹിറ്റായത് എന്ന് എനിക്കറിയില്ല.

അതിനു ശേഷം ഗ്ലാമര്‍ റോളുകളായിരുന്നു എനിക്ക് കിട്ടിയിരുന്നത്. കഥാപാത്രം എന്താണ് എന്ന് അറിഞ്ഞിട്ടാണ് ഞാന്‍ അതെല്ലാം ചെയ്തിരുന്നത്. എന്നാല്‍ ഷൂട്ടെല്ലാം കഴിയുമ്പോള്‍ ബെഡ്റൂം സീനുകള്‍ മാത്രമേ കാണൂ. അതെന്റെ തെറ്റല്ല.

ഇതെല്ലാം ഗ്ലാമര്‍ സിനിമകളാണെന്നും 18 വയസിന് മുകളിലുള്ളവര്‍ക്കേ കാണാന്‍ സാധിക്കുകയുള്ളൂവെന്നുമെല്ലാം എനിക്കറിയാമായിരുന്നു,’ ഷക്കീല പറഞ്ഞു.

‘ഒരു സമയത്ത് കൊമേഴ്സ്യല്‍ സിനിമകളെല്ലാം പരാജയപ്പെടുകയായിരുന്നു. അപ്പോഴാണ് ചില ചെറിയ തിയേറ്ററുകളില്‍ എന്റെ സിനിമ ഹിറ്റാവാന്‍ തുടങ്ങിയത്. എല്ലാ തിയേറ്ററുകളേയും കല്യാണ മണ്ഡപമാക്കുന്ന സ്ഥിതി വന്നു. പെട്ടെന്ന് എന്റെ സിനിമകള്‍ തിയേറ്ററുകളില്‍ ഓടാന്‍ തുടങ്ങി. സര്‍ക്കാരിന് അതുകൊണ്ട് നേട്ടമുണ്ടായി. നികുതി കിട്ടാന്‍ തുടങ്ങി.

എനിക്ക് കിട്ടിയ സ്റ്റാര്‍ഡം ഞാന്‍ ചോദിച്ച് വാങ്ങിയതല്ല. നിങ്ങള്‍ തന്നതാണ്. എന്റെ സിനിമ കണ്ട് എന്നെ സ്റ്റാറാക്കിയതും ഷക്കീല എന്ന അംഗീകാരം നല്‍കിയതും നിങ്ങളല്ലേ,’ ഷക്കീല ചോദിച്ചു.

ഇപ്പോള്‍ സിനിമാ തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് ചെന്നൈയില്‍ താമസിക്കുകയാണ് ഷക്കീല.


Content Highlight: shakeela about her movies