വിജയത്തിന് സമം ക്യാപ്റ്റന്‍ വിജയനല്ലാതെ മറ്റാര് ; മുഖ്യമന്ത്രിക്ക് ആശംസകളുമായി ഷാജി കൈലാസ്
Kerala News
വിജയത്തിന് സമം ക്യാപ്റ്റന്‍ വിജയനല്ലാതെ മറ്റാര് ; മുഖ്യമന്ത്രിക്ക് ആശംസകളുമായി ഷാജി കൈലാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd May 2021, 5:19 pm

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ വിജയം കരസ്ഥമാക്കിയ മുഖ്യമന്ത്രിയ്ക്ക് ആശംസകളറിയിച്ച് സംവിധായകന്‍ ഷാജി കൈലാസ്. വിജയത്തിന് സമം ക്യാപ്റ്റന്‍ വിജയനല്ലാതെ മറ്റാര് എന്നാണ് ഫേസ്ബുക്ക് കുറിപ്പില്‍ ഷാജി കൈലാസ് എഴുതിയത്.

ഇത് ക്യാപ്റ്റന്റെ കളിയായിരുന്നു, നാടിനെ നാവാക്കി, നാവിനെ വാക്കാക്കി, വാക്കിനെ സ്വപ്‌നമാക്കി, ഒരു ജനതയുടെ അഭിലാഷങ്ങള്‍ക്ക് ചൂരും ചൂടും പകര്‍ന്ന നായകന്റെ കളി. ഈ കളിയില്‍ നായകന്‍ ജയിക്കുമ്പോള്‍ ജയിക്കുന്നത് ഒരു ദേശത്തിന്റെ ആവേശങ്ങളും ആശകളുമാണെന്നറിയുന്നു. വിജയത്തിന് സമം വിജയം മാത്രം..വിജയത്തിന് സമം ക്യാപ്റ്റന്‍ വിജയനല്ലാതെ മറ്റാര്..! അഭിനന്ദനങ്ങള്‍, ഷാജി കൈലാസ് ഫേസ്ബുക്കില്‍ എഴുതി.

നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും മുഖ്യമന്ത്രിക്കും അഭിനന്ദനം അറിയിച്ചുകൊണ്ട് നടന്‍ മമ്മൂട്ടിയും നേരത്തേ രംഗത്തു വന്നിരുന്നു.

പിണറായി വിജയനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടി അഭിനന്ദനം അറിയിച്ചത്.

നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഭരണത്തുടര്‍ച്ചയിലേക്കു കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അഭിനന്ദനങ്ങള്‍ എന്നാണ് മമ്മൂട്ടി എഴുതിയത്.

പതിനഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വന്‍ വിജയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും എല്‍.ഡി.എഫ് മുന്നണിക്കും അഭിനന്ദനങ്ങളുമായി നടന്‍ മോഹന്‍ലാലും രംഗത്തു വന്നിരുന്നു.

ഭരണതുടര്‍ച്ചയിലേക്ക് കാല്‍വയ്ക്കുന്ന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും എല്ലാവിധ ആശംസകളും നേരുന്നുവെന്ന് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറഞ്ഞു.

പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ആസിഫ് അലി, റിമ കല്ലിങ്കല്‍ എന്നിവരും പുതിയ സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Shaji Kailas says about Pinarayi Vijayan