രഞ്ജിത്ത് പോയതോടെ ഹെവിവെയ്റ്റില്‍ എഴുതുന്ന എഴുത്തുകാരെ തേടിനടന്നു, അവിടെയെല്ലാം കുറെ പരാജയം സംഭവിച്ചു: ഷാജി കൈലാസ്
Film News
രഞ്ജിത്ത് പോയതോടെ ഹെവിവെയ്റ്റില്‍ എഴുതുന്ന എഴുത്തുകാരെ തേടിനടന്നു, അവിടെയെല്ലാം കുറെ പരാജയം സംഭവിച്ചു: ഷാജി കൈലാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 8th August 2022, 8:36 am

ഒരു കാലത്ത് മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് കൂട്ടുകെട്ടുകളിലൊന്നായിരുന്നു രഞ്ജിത്തും ഷാജി കൈലാസും. രഞ്ജിത്ത് തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത നരസിംഹം, ആറാം തമ്പുരാന്‍, വല്ല്യേട്ടന്‍ പോലെയുള്ള നിരവധി ഹിറ്റ് ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചത്. എന്നാല്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഈ കൂട്ടുകെട്ടിലുള്ള സിനിമകളൊന്നും സംഭവിച്ചില്ല.

രഞ്ജിത്തുമായുള്ള സൗഹൃദത്തെ പറ്റി സംസാരിക്കുകയാണ് കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഷാജി കൈലാസ്.

‘രഞ്ജിത്തുമായുള്ള സൗഹൃദം പെട്ടെന്ന് ബ്രേക്കായതല്ല. രഞ്ജിത്ത് സംവിധായകനായി. പിന്നെ ഹെവിവെയ്റ്റായി എഴുതാന്‍ പറ്റിയ എഴുത്തുകാരെ ഞാന്‍ തേടിനടക്കുകയായിരുന്നു. അവിടെയൊക്കെ കുറെ പരാജയങ്ങള്‍ കിട്ടിയിട്ടുണ്ട്. പിന്നെ ഞാന്‍ തന്നെ സ്വയം മാറി. എന്തിനാ ഈ പ്രൊഡ്യൂസര്‍മാരെ ഇതിനകത്ത് കൊണ്ടിടുന്നത്.

എനിക്ക് കറക്റ്റായിട്ട് ഒന്നും കിട്ടുന്നുണ്ടായിരുന്നില്ല. പ്രൊഡ്യൂസര്‍മാര്‍ ഓരോ സിനിമയുമായി വന്ന് നില്‍പ്പുണ്ട്. അതെല്ലാം വേണ്ടെന്നാണ് ഞാന്‍ പറഞ്ഞത്. ഹെവി സാധനമില്ലാതെ പോയിട്ട് കാര്യമില്ല. മാറിനിക്കാം, കുറച്ച് സമയമാവട്ടെ എന്ന് കരുതി.

രഞ്ജിത്ത് എന്റെ കാല്‍ തൊട്ട് തൊഴുതിട്ടാണ് പോയത്. നല്ല സിനിമകള്‍ ചെയ്തു. രഞ്ജിത്ത് പിന്നെ ആങ്കിള്‍ മാറ്റി പിടിച്ചു, വേറെ പാറ്റേണില്‍ സിനിമ ഉണ്ടാക്കാന്‍ ശ്രമിച്ചു. എപ്പോഴെങ്കിലും സമയം കിട്ടുമ്പോള്‍ എന്തെങ്കിലും ഉണ്ടാക്കി താടാ എന്ന് രഞ്ജിത്തിനോട് ചോദിച്ചിട്ടുണ്ട്. ആ പിന്നെ എടുക്കാം എന്ന് ഇടക്കിടക്ക് പറയും. കിട്ടിയാല്‍ നമ്മുടെ ഭാഗ്യം,’ ഷാജി കൈലാസ് പറഞ്ഞു.

പൃഥ്വിരാജ് നായകനായ കടുവയാണ് ഒടുവില്‍ റിലീസ് ചെയ്ത ഷാജി കൈലാസ് ചിത്രം. ജിനു വി. എബ്രഹാം തിരക്കഥയെഴുതിയ ചിത്രത്തില്‍ വിവേക് ഒബ്രോയ്, സംയുക്ത മേനോന്‍, അലന്‍സിയര്‍, കലാഭവന്‍ ഷാജോണ്‍, ബൈജു, സാജന്‍ നവോദയ, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജൂലൈ ഏഴിന് തിയേറ്ററുകളിലെത്തിയ ചിത്രം ഓഗസ്റ്റ് നാലിന് നെറ്റ്ഫ്‌ളിക്‌സിലും സ്ട്രീമിങ് ആരംഭിച്ചിരുന്നു.

Content Highlight: Shaji Kailas is talking about his friendship with Ranjith