ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റുകൾ നേടിയാൽ എന്ത് ചെയ്യും? തുറന്ന് പറഞ്ഞ് ഷഹീൻ അഫ്രീദി
2023 ICC WORLD CUP
ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റുകൾ നേടിയാൽ എന്ത് ചെയ്യും? തുറന്ന് പറഞ്ഞ് ഷഹീൻ അഫ്രീദി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 13th October 2023, 3:24 pm

ഏകദിന ലോകകപ്പിൽ ക്രിക്കറ്റ്‌ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടമാണ്‌ ഇന്ത്യ-പാകിസ്ഥാൻ മത്സരം. ആവേശകരമായ പോരാട്ടം ആരംഭിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ മത്സരത്തിലെ തന്റെ ലക്ഷ്യങ്ങളെകുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് പാക് പേസർ ഷഹീൻ അഫ്രീദി.

ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയാൽ മാത്രമേ മത്സരശേഷം സെൽഫി എടുക്കൂ എന്നാണ് ഷഹീൻ പറഞ്ഞത്.

മത്സരത്തിനായി പാകിസ്ഥാൻ ടീം അഹമ്മദാബാദിൽ എത്തിയിരിക്കുകയാണ്. ടീം പരിശീലനം കഴിഞ്ഞ് ഗ്രൗണ്ട് വിട്ട് പോവുന്ന സമയം ഷഹീനിനൊപ്പം സെൽഫി എടുക്കാനായി മാധ്യമ പ്രവർത്തകരും ആരാധകരും എത്തി. ഈ സാഹചര്യത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘ഞാൻ തീർച്ചയായും ഒരു ഫോട്ടോ എടുക്കും. അത് ഞാൻ ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റുകൾ നേടിയതിന് ശേഷം മാത്രമായിരിക്കും,’ റേവ് സ്പോർട്സ് ഷഹീൻ അഫ്രീദിയെ ഉദ്ധരിച്ച് റിപ്പോർട്ട്‌ ചെയ്തു.

പാകിസ്ഥാൻ ബൗളിങ് നിരയിലെ പ്രധാന താരമാണ്‌ ഷഹീൻ അഫ്രീദി. ലോകകപ്പിൽ നെതർലാൻഡ്സിനെതിരെയും ശ്രീലങ്കക്കെതിരെയും ഓരോ വിക്കറ്റുകളാണ്‌ താരത്തിന് നേടാൻ സാധിച്ചത്. ഇന്ത്യക്കെതിരെ താരത്തിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

2018ൽ ഏകദിനത്തിൽ പാകിസ്ഥാന് വേണ്ടി അരങ്ങേറിയ താരം 46 മത്സരങ്ങളിൽ നിന്നും 88 റൺസാണ് താരം നേടിയത്. 5.49 ആണ് ഷഹീനിന്റെ ഇക്കോണമി.

ലോകകപ്പിൽ ഓസ്ട്രേലിയയെയും അഫ്ഗാനിസ്ഥാനെയും തോൽപ്പിച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യൻ ടീം പാകിസ്ഥാനെതിരെ കളത്തിലിറങ്ങുന്നത്.

മറുഭാഗത്ത്‌ നെതർലാൻഡ്‌സിനെയും ശ്രീലങ്കയെയും തകർത്താണ് പാക് ടീം വരുന്നത്.

അൺബീറ്റൺ ആയി വരുന്ന രണ്ട് ടീമുകളും മുഖാമുഖമെത്തുമ്പോൾ അഹമ്മദാബാദിൽ ആവേശം വാനോളം ഉയരുമെന്നുറപ്പാണ്.

Content Highlight: Shaheen Afridi talks about the confidence of facing India in worldcup.