'വളരെ വിരൂപനാണ് എന്നാണ് എന്നെ ബിഗ്‌സ്‌ക്രീനില്‍ ആദ്യമായി കണ്ടപ്പോള്‍ എനിക്ക് തോന്നിയത്': ഷാരൂഖ് ഖാന്‍
Movie Day
'വളരെ വിരൂപനാണ് എന്നാണ് എന്നെ ബിഗ്‌സ്‌ക്രീനില്‍ ആദ്യമായി കണ്ടപ്പോള്‍ എനിക്ക് തോന്നിയത്': ഷാരൂഖ് ഖാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 25th October 2019, 7:43 pm

അനുഗ്രഹീതനായ കലാകാരനെന്നാണ് ബോളിവുഡ് താരം ഷാരൂഖ് ഖാനെ വിമര്‍ശകരടക്കം വിളിക്കാറുള്ളത്. പി.വി.ആര്‍ അനുപമിലെത്തിയപ്പോള്‍ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ബോളിവുഡ് ലോകത്ത് തരംഗമായിക്കൊണ്ടിരിക്കുന്നത്.

ഇന്ത്യയിലെ ആദ്യ മള്‍ട്ടിപ്ലക്‌സ് സിനിമാ തീയറ്ററാണ് പി.വി.ആര്‍ അനുപം. പുതുക്കിപ്പണിയാനായി കുറച്ചുനാളത്തേക്ക് അടച്ചിടുകയാണ് ഇത്. തീയറ്ററിനെക്കുറിച്ചും ദല്‍ഹി നഗരത്തെക്കുറിച്ചുമുള്ള ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മകള്‍ പങ്കുവക്കുകയാണ് താരം.

ആദ്യസിനിമയിലെ അഭിനയാനുഭവത്തെക്കുറിച്ചുള്ള ഷാരൂഖിന്റെ പരാമര്‍ശം ഇങ്ങനെ, ‘ഞാന്‍ വളരെ വിരൂപനാണെന്നാണ് ഞാന്‍ മനസിലാക്കി. എന്റെ മുടിയിഴകള്‍പോലും ഭയങ്കര മോശമായിരുന്നു. നാനാ പഠേക്കറിനും അമൃത സിങിനും ജൂഹി ചൗളയ്ക്കുമൊപ്പം വച്ചുനോക്കുമ്പോള്‍ എന്റെ അഭിനയം ഒട്ടം കൊള്ളാത്തതായിരുന്നു. അന്ന് നാലുമണിക്കെഴുന്നേറ്റ് വിമാനത്താവളത്തിലേക്കോടി. ഞാനന്ന് കരുതിയത് എനിക്കിനി സിനിമയില്‍ സ്ഥാനമില്ലെന്നായിരുന്നു.’

ജൂഹിയും അസീസും എന്റെ അഭിനയം മോശമല്ലെന്ന് എന്നോട് പറഞ്ഞുകൊണ്ടേയിരുന്നു. അതിന്റെ ഫൈനല്‍കട്ട് അത്യാവശ്യം നല്ലതായിരുന്നു. ഞാന്‍ പിന്നീടും കാഴ്ചയില്‍ മെച്ചമൊന്നുമായില്ല. അന്ന് എങ്ങനായിരുന്നോ അതുപൊലെത്തന്നെയാണ് ഇപ്പോഴും’, ഷാരൂഖ് പറഞ്ഞു.

‘ഒരു പക്ഷേ, ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങള്‍ ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയ കാര്യങ്ങളായിരിക്കാം. നിങ്ങള്‍ക്കതിനെക്കുറിച്ച് അറിയുകപോലുമുണ്ടാവില്ല. എനിക്കങ്ങനെയായിരുന്നു. ഒരു സ്വപ്‌നം സത്യമാവുന്നതുപോലെയായിരുന്നു എന്റെ ജീവിതം’, ഷാരൂഖ് ഖാന്‍ പറഞ്ഞു.

സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലുള്ള കുടുംബമായിരുന്നു എന്റേത്. ഈ ഗ്ലാമര്‍ സിറ്റിയുമായി ഒരു ബന്ധവുമില്ലാത്ത മാതാപിതാക്കളും കുടുംബവും. ഒരു സിനിമാ താരമായിത്തീരുമെന്ന് ഒരിക്കലും ചിന്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു അന്ന്. എന്നാല്‍, ഈ ലോകം എന്നിലേക്ക് അതിന്റെ സ്‌നേഹം മൊത്തം ചൊരിഞ്ഞു. ഇത് സ്വപ്നങ്ങളില്‍ മാത്രമേ സംഭവിക്കാറുണ്ടായിരുന്നുള്ളൂ. ഞാനതിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. എനിക്ക് വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല. ഞാനിപ്പോഴും ആ പഴയ ദല്‍ഹി പയ്യന്‍ തന്നെയാണ്’, ഷാരൂഖ് ഖാന്‍ ഓര്‍മ്മകള്‍ പുതുക്കി.

സിനിമാതാരമായി മാറുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും എന്നാല്‍ പലപ്പോഴും ഒരു താരമായാല്‍ എങ്ങനെയായിരിക്കുമെന്നത് അഭിനയിച്ച് നോക്കുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.