ശ്വസിക്കാന്‍ പോലുമാവാതെ, അരുതെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും പൊലീസ് ടിയര്‍ ഗ്യാസും ഷെല്ലും എറിഞ്ഞു, സമരം അവസാനിപ്പിക്കുമെന്ന് കരുതേണ്ട: ഷാഫി പറമ്പില്‍
Kerala News
ശ്വസിക്കാന്‍ പോലുമാവാതെ, അരുതെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും പൊലീസ് ടിയര്‍ ഗ്യാസും ഷെല്ലും എറിഞ്ഞു, സമരം അവസാനിപ്പിക്കുമെന്ന് കരുതേണ്ട: ഷാഫി പറമ്പില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th June 2022, 5:14 pm

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള യൂത്ത് കോണ്‍ഗ്രസ് സമരത്തിന് നേരെ പ്രോകപനമില്ലാതെ പൊലീസ് ആക്രമണം അഴിച്ചുവിട്ടെന്ന് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍.

പ്രവര്‍ത്തകര്‍ക്ക് നേരെ ടിയര്‍ ഗ്യാസും ഷെല്ലും എറിയുന്നതുകണ്ട് നിര്‍ത്താന്‍ പൊലീസിനോട് നേരിട്ടെത്തി അവര്‍ത്തിച്ച് പറഞ്ഞിട്ടും കേട്ടഭാവമില്ലായിരുന്നെന്നും ഷാഫി പറഞ്ഞു. സംഘര്‍ഷ സ്ഥലത്തുവെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകായായിരുന്നു ഷാഫി.

ഒരു പൊലീസുകാരനെങ്കിലും പരിക്കേറ്റോ? ശ്വസിക്കാന്‍ പോലും ആവാതെ അരുതെന്ന് പൊലീസിനോട് ആവര്‍ത്തിച്ച് പറഞ്ഞിട്ടും ടിയര്‍ ഗ്യാസും ഷെല്ലും എറിയുകയാണ്. ഞാന്‍ ചെയ്യരുത് എന്ന് പറയുമ്പോള്‍ എന്റെയടുത്തേക്ക് പോലും എറിയുന്നു. അരുതെന്ന് ആവര്‍ത്തിച്ച് പറഞ്ഞു.

പ്രവര്‍ത്തകരുള്ള സ്ഥലത്തേക്ക് ബോധപൂര്‍വം ടിയര്‍ ഗ്യാസ് എറിയുന്നു. അറസ്റ്റ് ചെയ്ത് കൊണ്ടുപോകട്ടെ, അല്ലാതെ പിന്തിരിയില്ല. സമരം അവസാനിപ്പിക്കില്ലെന്നും ഷാഫി പറഞ്ഞു.

എല്ലാ സമരങ്ങളിലും ജലപീരിങ്കി ഉണ്ടാകാറുണ്ട്. പക്ഷേ, പ്രവര്‍ത്തകരോട് പിരിഞ്ഞുപോകാന്‍ ഞങ്ങള്‍ തന്നെ ആഹ്വാനം ചെയ്യുന്നതിനിടയില്‍ പ്രവര്‍ത്തകരുള്ള സ്ഥലത്തേക്ക് ടിയര്‍ ഗ്യാസും ഷെല്ലും ബോധപൂര്‍വം പൊലീസ് എറിഞ്ഞു. ഇപ്പോഴും എറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരുതരത്തിലുള്ള പ്രതിഷേധത്തേയും ഉള്‍ക്കൊള്ളാന്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്കാകുന്നില്ലെന്നും ഷാഫി പറഞ്ഞു.

മാര്‍ച്ചിനിടെ പ്രതിഷേധക്കാര്‍ പൊലീസിന്റെ ബാരിക്കേഡ് തള്ളി മാറ്റാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉണ്ടായത്.

പൊലീസിനുനേരെ കല്ലേറുണ്ടായി. സെക്രട്ടേറിയറ്റിനുള്ളിലേക്ക് കുപ്പിയെറിഞ്ഞു. പൊലീസ് തുടര്‍ച്ചയായി കണ്ണീര്‍ വാതകവും ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. നോര്‍ത്ത് ഗേറ്റിനോടു ചേര്‍ന്ന വശത്തുകൂടി സെക്രട്ടേറിയറ്റിന് അകത്തു കടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാത്തതിനെ തുടര്‍ന്ന് ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു. ലാത്തിച്ചാര്‍ജില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

മുന്നൂറോളം പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. മാര്‍ച്ചിനെ തുടര്‍ന്ന് പാളയം മുതല്‍ പുളിമൂട് വരെ രണ്ട് വശങ്ങളിലും പൊലീസ് വലയമുണ്ടായിരുന്നു. എല്ലാ വശത്തും ബാരിക്കേഡ് കെട്ടി ഗതാഗതം പൂര്‍ണമായി തടഞ്ഞിട്ടുണ്ട്.