'ഏതെങ്കിലും പ്രവര്‍ത്തകര്‍ ഭാഗമായിട്ടുണ്ടെങ്കില്‍ അവര്‍ നാളെ എസ്.എഫ്.ഐയില്‍ ഉണ്ടാവില്ല'- എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി
kERALA NEWS
'ഏതെങ്കിലും പ്രവര്‍ത്തകര്‍ ഭാഗമായിട്ടുണ്ടെങ്കില്‍ അവര്‍ നാളെ എസ്.എഫ്.ഐയില്‍ ഉണ്ടാവില്ല'- എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി
ന്യൂസ് ഡെസ്‌ക്
Friday, 12th July 2019, 6:15 pm

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന അക്രമസംഭവത്തില്‍ ഏതെങ്കിലും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ നാളെ എസ്.എഫ്.ഐയില്‍ ഉണ്ടാവില്ലെന്ന് സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ്. പൊലീസ് തലത്തിലുള്‍പ്പെടെ നല്ല അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘ആരാണ് അക്രമത്തിനു തുടക്കം കുറിച്ചത്, എങ്ങനെയാണ് ആ വിദ്യാര്‍ഥി അവിടെ അക്രമിക്കപ്പെട്ടത്, അതേക്കുറിച്ച് പൊലീസ് തലത്തിലുള്‍പ്പെടെ നല്ല അന്വേഷണം നടക്കട്ടെ. അതില്‍ കുറ്റക്കാരായവര്‍, അക്രമത്തിനു നേതൃത്വം നല്‍കിയവര്‍, അവര്‍ കര്‍ശനമായ നിലയിലുള്ള നിയമനടപടിക്കു വിധേയമാകട്ടെ.

അത്തരമാളുകളെ സംരക്ഷിക്കുന്ന നിലപാട് എസ്.എഫ്.ഐക്കില്ല. അങ്ങനെ ഒരു കാമ്പസിനെ ഏതെങ്കിലും നിലയിലേക്കുള്ള അക്രമത്തിന്റെ കേന്ദ്രമാക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളോടൊപ്പവും ഒരുകാലത്തും എസ്.എഫ്.ഐ അണിനിരക്കില്ല.’- അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരാണെന്ന വ്യാഖ്യാനമേ കൊടുത്തിട്ടുള്ളൂവെന്നും ആരോപണം മാത്രമാണു വന്നിട്ടുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘അന്വേഷണം നടക്കട്ടെ. അതിലാരെങ്കിലും നിര്‍ഭാഗ്യവശാല്‍ ഏതെങ്കിലും എസ്.എഫ്.ഐ പ്രവര്‍ത്തകരാണെങ്കില്‍ അവര്‍ നാളെ എസ്.എഫ്.ഐയില്‍ ഉണ്ടാവില്ല. അവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും.

അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള ഏതെങ്കിലും ഒരു നടപടിക്രമം എസ്.എഫ്.ഐയുടെ ഭാഗത്തുനിന്നുണ്ടാകില്ല എന്നു തീര്‍ച്ചയാണ്. ഇവിടെ വളരെ കൃത്യമായി അന്വേഷണം നടക്കേണ്ടതായിട്ടുണ്ട്.’- അദ്ദേഹം പറഞ്ഞു.

യൂണിവേഴ്‌സിറ്റി കോളേജ് കേന്ദ്രമാക്കി ഇത്തരം വിഷയങ്ങള്‍ ബോധപൂര്‍വം ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ടെന്നും സച്ചിന്‍ ആരോപിച്ചു. ‘ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ അജണ്ട അവിടെ നടപ്പാക്കുന്നവര്‍, എല്ലായിടത്തുനിന്നും എസ്.എഫ്.ഐയെ ഒറ്റപ്പെടുത്തണമെന്ന് ആഗ്രഹിച്ച് പേരുകള്‍ പോലും ഇല്ലാത്ത ചില കൂട്ടങ്ങള്‍, കാമ്പസിനുള്ളിലേക്കു കടന്നുവരുന്ന ഒരു സാഹചര്യം ഉണ്ട്. അത് എല്ലാവരും തിരിച്ചറിയണം.’- സച്ചിന്‍ പറഞ്ഞു.