ഹിമാചല്‍പ്രദേശില്‍ എസ്.എഫ്.ഐ- എ.ബി.വി.പി സംഘര്‍ഷം; 10 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
Crime
ഹിമാചല്‍പ്രദേശില്‍ എസ്.എഫ്.ഐ- എ.ബി.വി.പി സംഘര്‍ഷം; 10 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
ന്യൂസ് ഡെസ്‌ക്
Sunday, 24th March 2019, 7:33 pm

ഷിംല: ഹിമാചല്‍ പ്രദേശ് സര്‍വകലാശാലയില്‍ എസ്.എഫ്.ഐ-എ.ബി.വി.പി സംഘര്‍ഷത്തില്‍ പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. നാലു പേരുടെ നില ഗുരുതരമാണ്. ഇവര്‍ ഏത് സംഘടനയില്‍പ്പെട്ടവരാണെന്ന് വ്യക്തമല്ല.

പുലര്‍ച്ചെ ക്രിക്കറ്റ് കളിക്കുകയായിരുന്ന എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളോട് ശാഖ നടത്താന്‍ ഒഴിഞ്ഞു തരണമെന്നാവശ്യപ്പെട്ട് എ.ബി.വി.പി പ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് അക്രമമുണ്ടായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രകോപനമില്ലാതെ എ.ബി.വി.പി പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ പറഞ്ഞു. പുറത്ത് നിന്നെത്തിയ അക്രമികള്‍ സര്‍വകലാശാലയിലെ പോസ്റ്ററുകളും ബാനറുകളുമെല്ലാം നശിപ്പിച്ചതായും എസ്.എഫ്.ഐ പുറത്തു വിട്ട പ്രസ്താവനയില്‍ പറഞ്ഞു. ഹിമാചല്‍ പ്രദേശ് യൂണിറ്റ് സെക്രട്ടറി ജീവന്‍, റിതേഷ്, സൗരഭ്, റോക്കി, എച്ച്.പി.യു സെക്രട്ടേറിയറ്റ് അംഗങ്ങള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റതെന്ന് പ്രസ്താവനയില്‍ പറയുന്നു.

എന്നാല്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തങ്ങളെ അക്രമിക്കുകയായിരുന്നുവെന്നാണ് എ.ബി.വി.പി ആരോപിക്കുന്നത്.

അതേ സമയം ആര്‍.എസ്.എസ് ശാഖ നടത്തുന്ന സ്ഥലത്താണ് സംഭവമുണ്ടായതെന്നും ആര്‍.എസ്.എസ്-എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരായ ആസൂത്രിത ആക്രമണമാണ് നടന്നതെന്നും ഹിമാചല്‍ മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ അവകാശപ്പെട്ടു.

ഇത് ബംഗാളല്ല “ദേവഭൂമി” യാണെന്നും ഇത്തരം സംഭവങ്ങള്‍ ഹിമാചലില്‍ അനുവദിക്കില്ലെന്നും മന്ത്രി എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പറഞ്ഞു.