എഡിറ്റര്‍
എഡിറ്റര്‍
അമേരിക്കന്‍ സായുധസേനയില്‍ ലൈംഗിക പീഡനം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
എഡിറ്റര്‍
Sunday 19th November 2017 3:10am

 

വാഷിംഗ്ടണ്‍: അമേരിക്കന്‍ സായുധസേനയില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് ഇരുപതിനായിരത്തിലേറെ ലൈംഗിക പീഡനാരോപണങ്ങള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയോഗിച്ച അമേരിക്കന്‍ സേനാംഗങ്ങളെ ഉള്‍പ്പെടുത്തിയാണു റിപ്പോര്‍ട്ട്.

രാഷ്ട്രീയ-മാധ്യമ-സിനിമ-ബിസിനസ് മേഖലകളില്‍ നിന്നുള്ള ലൈംഗികാരോപണങ്ങള്‍ പുറത്തുവന്നതിനിടെയാണ് സൈന്യത്തിലെ ഞെട്ടിപ്പിക്കുന്ന കണക്കുകളും പുറത്തുവന്നിരിക്കുന്നത്. പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ സെക്ഷ്വല്‍ അസോള്‍ട്ട് പ്രിവെന്‍ഷന്‍ ആന്‍ഡ് റെസ്‌പോണ്‍സ് ഓഫീസ് ആണ് റിപ്പോര്‍ട്ട് തയാറാക്കിയത്. 2013-16 കാലഘട്ടത്തിലെ വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.


Also Read: അനിവാര്യമായ മാറ്റങ്ങളില്ലാതെ പത്മാവതി റിലീസ് ചെയ്യരുതെന്ന് വസുന്ധര രാജെ


അമേരിക്കന്‍ സായുധസേനയുടെ കീഴിലെ ഏറ്റവും വലിയ വിഭാഗമായ കരസേനയില്‍ നിന്നാണ് കൂടുതല്‍ ലൈംഗിക പീഡന ആരോപണങ്ങളുണ്ടായിരിക്കുന്നത് 8294 ആരോപണങ്ങള്‍. നാവികസേനയ്ക്ക് കീഴില്‍ 4788 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മറീനുകള്‍ക്കിടയില്‍ 3400ഉം വ്യോമസേനയില്‍ 8876 സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

മുന്‍വര്‍ഷത്തേക്കാളും 2016ല്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങളുടെ എണ്ണം 6172 ആയി വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. രാജ്യത്തെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ പേര്‍ തങ്ങള്‍ക്കു നേരെയുണ്ടായ ലൈംഗിക പീഡനത്തെപ്പറ്റി പുറത്തുപറയുന്നതും എണ്ണം കൂടാന്‍ കാരണമായിട്ടുണ്ട്.

അമേരിക്കന്‍ സായുധസേനയില്‍ 13 ലക്ഷം സജീവാംഗങ്ങളാണുള്ളത്. സേനയിലെ എല്ലാ വിഭാഗങ്ങള്‍ക്കിടയില്‍ നിന്നുമുണ്ടാകുന്ന ലൈംഗികാരോപണ കേസുകള്‍ കൃത്യമായി പെന്റഗണ്‍ രേഖപ്പെടുത്താറുണ്ട്. എന്നാല്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് ആരോപണങ്ങളെന്ന വിവരം ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടാണ് ഇത്തവണ പുറത്തുവിട്ടത്.

Advertisement