എഡിറ്റര്‍
എഡിറ്റര്‍
അവിഹിതബന്ധം: ഗണേഷ് കുമാര്‍ രാജിവെക്കണമെന്ന് പി.സി ജോര്‍ജ്
എഡിറ്റര്‍
Sunday 3rd March 2013 2:59pm

ഈരാറ്റുപേട്ട: അവിഹിതബന്ധ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ മന്ത്രി ഗണേഷ് കുമാര്‍ രാജിവെക്കണമെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. അവിഹിത ബന്ധം ആരോപിച്ച് സംസ്ഥാനത്തെ ഒരു മന്ത്രിയെ കാമുകിയുടെ ഭര്‍ത്താവ് ഔദ്യോഗിക വസതിയില്‍ കയറി മര്‍ദിച്ചുവെന്ന വാര്‍ത്ത വന്നിരുന്നു.

Ads By Google

ഈ മന്ത്രി ഗണേഷ് കുമാറാണെന്നാണ് പി.സി ജോര്‍ജ് ആരോപിച്ചിരിക്കുന്നത്. അടി കിട്ടിയത് ഗണേശിന് തന്നെയെന്ന് തനിക്ക് ബോധ്യമുണ്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു.

മറ്റ് മന്ത്രിമാരുടെ ധാര്‍മ്മികതയെയും വിശ്വാസ്യതയെയും സംബന്ധിച്ച വിഷയമായതിനാല്‍ ഗണേഷ് കുമാര്‍ കുറ്റ സമ്മതം നടത്തണമെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ മാസം 22ന് തന്നെ താന്‍ ഇക്കാര്യം അറിഞ്ഞിരുന്നു. തനിക്കെതിരെ പലരും രംഗത്തുവരുമെന്നതിനാല്‍ താന്‍ ആരോടും പറഞ്ഞില്ല. സംഭവത്തിന് ശേഷം നടന്ന രണ്ട് മന്ത്രിസഭാ യോഗങ്ങളില്‍ ഗണേശ് കുമാര്‍ പങ്കെടുത്തിരുന്നില്ല.

അവിഹിതബന്ധം: ഗണേഷ് കുമാര്‍ രാജിവെക്കണമെന്ന് പി.സി ജോര്‍ജ് എന്നാല്‍ ഇന്ന് വാര്‍ത്ത പുറത്ത് വന്നതോടെ പലരും വിളിച്ച് ഏത് മന്ത്രിയാണെന്ന് ചോദിക്കുകയാണ്. ഇത് മറ്റ് മന്ത്രിമാര്‍ക്കും നാണക്കേടാണ്. ഗണേഷ് കുറ്റം സമ്മതിച്ചില്ലെങ്കില്‍ മറ്റ് ഇരുപത് മന്ത്രിമാരും സംശയിക്കപ്പെടും.

അതൊഴിവാക്കാന്‍ വേണ്ടിയാണ് പേര് വെളിപ്പെടുത്തുന്നതെന്നും സ്ത്രീ വിഷയത്തില്‍ ഇന്ത്യന്‍ സമൂഹം പ്രത്യേകിച്ച് സ്ത്രീസമൂഹം വിട്ടുവീഴ്ച്ച ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ തനിക്കെതിരെ ആരോപണമുന്നയിച്ച പി.സി ജോര്‍ജിനെതിരെ കേസ് കൊടുക്കുമെന്ന് ഗണേഷ് കുമാര്‍ അറിയിച്ചു. നെല്ലിയാമ്പതിയിലെ നിലപാട് കാരണമാണ് തനിക്കെതിരെ ഇത്തരമൊരു ആരോപണവുമായി ജോര്‍ജ്ജ് രംഗത്തെത്തിയതെന്നും ഗണേഷ് പറഞ്ഞു.

തനിക്കെതിരെയുള്ള ആരോപണത്തിന് പിന്നില്‍ അച്ഛനായ ബാലകൃഷ്ണ പിള്ളയാണെന്ന് സംശയിക്കുന്നതായും ഗണേഷ് കുമാര്‍ ആരോപിച്ചു.

മംഗളം പത്രത്തിലാണ് ഇതുസംബന്ധിച്ച വാര്‍ത്ത നല്‍കിയത്. ഒരു മന്ത്രിയെ കാമുകിയുടെ ഭര്‍ത്താവ് ഔദ്യോഗിക വസതിയില്‍ കയറി മര്‍ദ്ദിച്ചു എന്നായിരുന്നു വാര്‍ത്ത.

വാര്‍ത്തയിലേക്ക്,

വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് സംസ്ഥാനത്തെ ഒരു മന്ത്രിയെ കാമുകിയുടെ ഭര്‍ത്താവ് ഔദ്യോഗികവസതിയില്‍ കയറി മര്‍ദിച്ചു. മന്ത്രി ചികിത്സയിലാണെന്നാണു വിവരം. മന്ത്രിയുടെ അഭാവത്തില്‍ പല സുപ്രധാന വിഷയങ്ങളിലും തീരുമാനമാനമെടുക്കാനാകാത്ത അവസ്ഥയിലാണ് അദ്ദേഹം കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍.

ആറുമാസമായി മന്ത്രിയും അദ്ദേഹത്തിന്റെ ഭാര്യയുടെ സുഹൃത്തും തമ്മിലുണ്ടായിരുന്ന വഴിവിട്ട ബന്ധം മന്ത്രിയുടെ ഭാര്യ തന്നെയാണു കണ്ടുപിടിച്ച് പ്രശ്‌നമാക്കിയതെന്നാണ് അറിയുന്നത്. മന്ത്രിക്കെതിരേ തെളിവുകളടക്കമുള്ള വിവരങ്ങള്‍ രഹസ്യപോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് ഉടന്‍ സമര്‍പ്പിക്കുമെന്നാണു സൂചന.

മന്ത്രിമന്ദിരങ്ങള്‍ക്കു സമീപത്തു യുവതിയുടെ ആഡംബര ഫഌറ്റില്‍ മന്ത്രി നടത്തിയ രഹസ്യസന്ദര്‍ശനം ഭാര്യ കണ്ടുപിടിക്കുകയായിരുന്നു. മന്ത്രിയും കാമുകിയും സ്ഥിരമായി െകെമാറിയ മൊെബെല്‍ സന്ദേശങ്ങള്‍ കണ്ടുപിടിച്ച ഭാര്യ അതെല്ലാം പകര്‍ത്തി കാമുകിയുടെ വിദേശത്തുള്ള ഭര്‍ത്താവിന് അയച്ചുകൊടുക്കുകയായിരുന്നത്രേ.

ഇതേത്തുടര്‍ന്നു കാമുകിയുടെ ഭര്‍ത്താവ് നാട്ടിലെത്തി മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചെന്നു. അവിടെ വച്ച് ഇവര്‍ തമ്മില്‍ വഴക്കുണ്ടാകുകയും കാമുകിയുടെ ഭര്‍ത്താവ് മന്ത്രിയെ മര്‍ദിക്കുകയുമായിരുന്നു.
വഴിവിട്ട ബന്ധം കാമുകിയുടെ ഭര്‍ത്താവിനു ചോര്‍ത്തിക്കൊടുത്തതിന്റെ പേരില്‍ മന്ത്രി ഭാര്യയുമായി വഴക്കിട്ടു. ഇതും െകെയാങ്കളിയില്‍ കലാശിച്ചതായാണ് അറിയുന്നത്.

(ഈ വാര്‍ത്ത ഒരു വ്യക്തിയുടേയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ല. ജനങ്ങള്‍ക്കു മാതൃകയാകേണ്ടവര്‍, പ്രത്യേകിച്ചും മന്ത്രിസഭയിലെ ഒരംഗം ധാര്‍മികതയുടെ അതിര്‍വരമ്പ് ഭേദിക്കുമ്പോള്‍ അതു തടയേണ്ടതാണെന്ന മാധ്യമ ധാര്‍മികത മുന്‍നിര്‍ത്തിയാണ് ഇതു റിപ്പോര്‍ട്ട് ചെയ്യുന്നത്.)

Advertisement