പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരെ ലൈംഗികാരോപണവുമായി യുവതി
national news
പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരെ ലൈംഗികാരോപണവുമായി യുവതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th November 2020, 6:53 pm

ഇസ്‌ലാമാബാദ്: പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരെ ലൈംഗികാരോപണവുമായി യുവതി. വിവാഹ വാഗ്ദാനം നല്‍കി പത്ത് വര്‍ഷത്തോളമായി അസം തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. പ്രത്യേകം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അസമിനെതിരെ ഗുരുതരാരോപണവുമായി യുവതി രംഗത്തെത്തിയത്.

സ്‌കൂള്‍ കാലം മുതല്‍ അസമിനെ പരിചയമുണ്ട്. തന്റെ സഹപാഠിയായിരുന്നു അസം.പിന്നീട് പ്രണയത്തിലാകുകയായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തോളമായി വിവാഹ വാഗ്ദാനം നല്‍കി അസം ലൈംഗികമായി പീഡിപ്പിച്ചു. എന്നെ ഗര്‍ഭിണിയാക്കി. ഭീഷണിപ്പെടുത്തി അയാളുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. ക്രിക്കറ്റിലെ സൂപ്പര്‍താരമായി വളര്‍ന്നതോടെ അസം ആകെ മാറി. ഇപ്പോള്‍ തന്നെ വിവാഹം കഴിക്കാന്‍ പറ്റില്ലെന്നാണ് അസം പറയുന്നത്, യുവതി മാധ്യമങ്ങളോട് പറഞ്ഞു

അതേസമയം 2010 ല്‍ തങ്ങള്‍ വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരുന്നതാണെന്നും യുവതി പറയുന്നു. പിന്നീട് അത് മാറ്റിവെയ്ക്കുകയായിരുന്നു. അസമിന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്പോഴെല്ലാം താനായിരുന്നു സഹായിച്ചിരുന്നതെന്നും യുവതി പറഞ്ഞു.

എന്നാല്‍ തന്നെ വിവാഹം കഴിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞതോടെ വിഷയം എല്ലാവരെയും അറിയിക്കുമെന്നും പൊലീസില്‍ പരാതി നല്‍കുമെന്ന് അസമിനോട് പറഞ്ഞിരുന്നു. വിഷയം പുറത്തറിയുന്നത് തടയാന്‍ അസം തന്നെ ഭീഷണിപ്പെടുത്തിയെന്നും ശാരീരികമായി ഉപദ്രവിച്ചെന്നും യുവതി പറഞ്ഞു.

നിലവില്‍ ന്യൂസിലന്‍ഡില്‍ പര്യടനം നടത്തുന്ന ടീമിനൊപ്പമാണ് ബാബര്‍ അസം. ഈ വര്‍ഷം തുടക്കത്തില്‍, ബാബറിനെ കളിയുടെ മൂന്ന് ഫോര്‍മാറ്റുകള്‍ക്കും പാക് ക്യാപ്റ്റനായി തെരഞ്ഞെടുത്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Sexual Allegation Aganist Pak Captain Babar Azam