എഡിറ്റര്‍
എഡിറ്റര്‍
കേരളത്തില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കുന്നു: 2017ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 30,383 കേസുകള്‍
എഡിറ്റര്‍
Wednesday 22nd November 2017 6:07pm

 

തിരുവനന്തപുരം: കേരളത്തിന്റെ കുട്ടികള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് കണക്കുകള്‍. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ പതിനാല് ജില്ലകളില്‍ നിന്നായി 30,383 പരാതികളാണ് ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുള്ളത്. ഇതില്‍ 10,687 പരാതികള്‍ ഗുരുതര സ്വഭാവമുള്ളവയുമാണ്.

1297 ലൈംഗീക അതിക്രമങ്ങളാണ് പരാതിയായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ യഥാര്‍ത്ഥ കണക്ക് ഇതിലുമേറെയായിരിക്കുമെന്നുമാണ് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പറയുന്നത്. കാരണം പരാതിയായോ നേരിട്ടോ അല്ലാതെയോ റിപ്പോര്‍ട്ട് ചെയ്യപ്പെടുത് മാത്രമാണ് ഔദ്യോഗിക കണക്കുകളിലുള്ളത്. കുട്ടികള്‍ പേടികൊണ്ട് മറച്ചുവെക്കുതും അഭിമാനപ്രശ്നംമൂലവും മറ്റും രക്ഷിതാക്കള്‍ പുറത്തുപറയാത്തതുമായവ കേസുകള്‍ നിരവധിയുണ്ടാവാമെന്നും ഇവര്‍ പറയുന്നു.

ഒരു ദിവസം കുറഞ്ഞത് മൂന്ന് ലൈംഗിക പീഡനകേസുകളെങ്കിലും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍.

2009 കുട്ടികളാണ് ഈ വര്‍ഷം ശാരിരീക പീഡനങ്ങള്‍ക്ക് ഇരയായത്. രണ്ടാനച്ഛനോ രണ്ടാനമ്മയോ അധ്യാപകരോ മറ്റ് മുതിര്‍ന്നവരോ അവരുടെയത്ര മാനസിക ശാരീരിക കായിക വളര്‍ച്ചയെത്താത്ത കുട്ടികളെ ശാരിരീകമായി ഉപദ്രവിക്കുതോ ചൂഷണം ചെയ്യുതോ ആണ് ശാരീരിക പീഡന കേസിന് കീഴില്‍ വരുന്നത്.

മുന്‍ വര്‍ഷകങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ശാരീരിക പീഡനങ്ങളുടെ എണ്ണവും കൂടിയതായികണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം 86 ശാരിരീക പീഡനകേസുകളും 89 മാനസിക പീഡനകേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍മാത്രം 2017 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള പത്തുമാസങ്ങളിലായി ചൈല്‍ഡ്‌ലൈനില്‍ 658 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 18 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ നേരിടേണ്ടി വരുന്ന ലൈംഗീക അതിക്രമങ്ങളാണ് ഇതില്‍ അധികം. 92 ലൈംഗീക പീഡനകേസുകളാണ് കോഴിക്കോട് ചൈല്‍ഡ്ലൈനില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്.

 

ഭൂരിഭാഗം കുട്ടികളും തൊഴിലിടങ്ങളില്‍ നിന്നാണ് ചൂഷണം നേരിടുന്നത്. സര്‍ക്കാരിന്റെ കണക്കുകള്‍പ്രകാരം, കുട്ടികള്‍ക്കെതിരെ നടക്കുന്ന ബലാത്സംഗകേസുകളില്‍ 25 ശതമാനവും തൊഴിലുടമകളുടേയോ തൊഴിലിടങ്ങളില്‍ സഹപ്രവര്‍ത്തകരുടേയൊ ഭാഗത്തുനിന്നും ഉണ്ടാവുതാണ്.

കേരളത്തെ ഞെട്ടിച്ച വാളയാര്‍ കൊലപാതകമടക്കമുള്ള വിഷയങ്ങള്‍ ഇതിനുപുറമെയാണ്. മതാചാര്യ•ാരും മതപണ്ഡിതരും ആള്‍ദൈവങ്ങളും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും ലൈംഗികമായി ചൂഷണം ചെയ്യാന്‍ മുന്നില്‍ നില്‍ക്കുന്നു എന്നതാണ് സമീപകാലത്തെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

2017 ജനുവരിയില്‍ ദ് സിന്‍സ് ഓഫ് ഔര്‍ ഫാദേഴ്‌സ് എന്ന തലക്കെട്ടോടെ ഔട്ട്‌ലുക്ക് മാഗസിന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടും കേരളത്തെ പിടിച്ച് കുലുക്കിയിരുന്നു. കേരളത്തിലെ കത്തോലിക്കാസഭയിലെ വൈദികര്‍ നടത്തിയ ലൈംഗിക കുറ്റകൃത്യങ്ങളാണ് ഔട്ട്‌ലുക്ക് കവര്‍‌സ്റ്റോറിയിലൂടെ പുറത്തുവിട്ടത്.

കുറ്റകൃത്യങ്ങള്‍ മൂടിവെയ്ക്കാനും പ്രതികളെ സംരക്ഷിക്കാനും ആരോപണമുന്നയിക്കുന്നവരെ നിശബ്ദമാക്കാനും സഭ നടത്തിയശ്രമങ്ങളായിരുന്നു. ഔട്ട് ലുക്കിന്റെ കവര്‍ സ്റ്റോറി. 12 പേജുകളില്‍ നീണ്ടുനില്‍ക്കുന്ന മിനു ഇട്ടി ഐപ്പിന്റെ റിപ്പോര്‍ട്ടില്‍ പകുതിയിലധികവും വൈദികര്‍ പീഡിപ്പിച്ച 18 വയസ്സ് തികയാത്ത പെണ്‍കുട്ടികളാണ്. ആള്‍ദൈവങ്ങളും മതാചാര്യന്മാരും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ട് എന്നതിന് തെളിവാണ് ഈ റിപ്പോര്‍ട്ട്.

കേരളാ പൊലീസിന്റെ 2008 മുതല്‍ 2016 വരെയുള്ള കണക്കനുസരിച്ച് അഞ്ചിരട്ടിയോളം വര്‍ദ്ധനവാണ് കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങളില്‍ സംഭവിച്ചിട്ടുള്ളത്. 2015 ലേതിനേക്കാളും 20 ശതമാനത്തിലധികം കുറ്റകൃത്യങ്ങള്‍ 2016ല്‍ പൊലീസിന്റെ കീഴില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു എതിനൊപ്പം തന്നെ അതാത് സമയങ്ങളില്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട് എന്ന വസ്തുതയും ഈ കണക്കിലെ വര്‍ധനവിന് കാരണമാണെന്നാണ് അധികൃതര്‍ പറയുന്നത്.

 

കോഴിക്കോട്, ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളില്‍ ശൈശവ വിവാഹങ്ങളും നടക്കുതായി രേഖകളുണ്ട്. ഇത്തരത്തില്‍ ഏറ്റവുമധികം വിവാഹങ്ങള്‍ നടന്നത് വയനാട്, ഇടുക്കി ജില്ലകളിലാണ്. ഈ ഇരു ജില്ലകളിലേയും ആദിവാസി വിഭാഗങ്ങള്‍ക്കിടയിലും ഇടുക്കിയിലെ തമിഴ്നാട്ടുകാര്‍ അധികമായുള്ള മൂന്നാര്‍ അടക്കമുള്ള തോട്ടം തൊഴിലാളികളുടെ ഇടയിലുമാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ വിവാഹം ഏറ്റവുമധികം നടക്കുന്നത്.

പോക്സോ നിയമം ശക്തമായി പ്രാബല്യത്തില്‍ വന്നതോടെ ശൈശവവിവാഹങ്ങള്‍ കുറഞ്ഞെന്ന് അധികൃതര്‍ പറയുന്നുണ്ട്. അത് ബോധപൂര്‍വമായുള്ള കുറവല്ലെന്നും ജാമ്യമില്ലാത്ത വകുപ്പിനോടുള്ള പേടികൊണ്ടാണ് ആളുകള്‍ ശൈശവവിവാഹത്തിന് മുതിരാത്തതെന്നുമാണ് ഉദ്യോഗസ്ഥരുടെ ഭാഷ്യം.

ഈ വര്‍ഷം കോഴിക്കോട് ജില്ലയില്‍ മാത്രം എട്ട് ശൈശവവിവാഹങ്ങള്‍ നടന്നതായാണ് ചൈല്‍ഡ്‌ലൈന്‍ അതികൃതരുടെ കണക്കുകള്‍. സംസ്ഥാമനത്തൊട്ടാകെ 227 ശൈശവവിവാഹങ്ങള്‍ 2016-2017 കാലഘത്തിനുള്ളില്‍ നടന്നു. എന്നാല്‍ ശൈശവവിവാഹം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊും ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് പൊലീസ്.

കുട്ടികള്‍ക്കു എതിരെയുള്ള അതിക്രമങ്ങള്‍ കേരളത്തില്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് എറണാകുളം ജില്ലയിലാണ്. കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഏറ്റവുമധികം ആളുകള്‍ കുടിയേറിത്താമസിക്കുന്നതും എറണാകുളത്താണ്. ഇത്തരത്തില്‍ കുടിയേറിത്താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടേയും നാടോടികളുടേയും അരക്ഷിതമായ ജീവിതാവസ്ഥ അവരുടെ കുട്ടികളുടെ സുരക്ഷിതത്വത്തെ ചോദ്യം ചെയ്യുന്നുണ്ട്. ഭിക്ഷാടനവും ശാരരീക പീഡനങ്ങളും നാടോടികളായ കുട്ടികള്‍ക്ക് നേരിടേണ്ടി വരുന്നു. ഇവര്‍ക്ക് ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാന വിദ്യാഭ്യാസം നല്‍കാനാവുന്നില്ല എന്നതും വസ്തുതയാണ്.

 

ബാലവേല തടയാനുളള സര്‍ക്കാര്‍ ശ്രമങ്ങളും പൂര്‍ണമായി ഫലം കണ്ടിട്ടില്ലെന്നാണ് ഇതുസംബന്ധിച്ച കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ബോധവല്‍ക്കരണ പരിപാടികളുടേയും നിയമനടപടികളുടെയും ഭാഗമായി നല്ലൊരുശതമാനം ബാലവേലയും സംസ്ഥാനത്തുനിന്നും നീക്കാന്‍ കഴിഞ്ഞിരുന്നു. എന്നിട്ടും ഈ വര്‍ഷം 272 ബാലവേലാകേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. 28 ജുവനൈല്‍ കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

കേരളത്തില്‍ വീടുവിട്ടിറങ്ങുന്ന കുട്ടികളുടെ എണ്ണവും കൂടിവരികയാണ്. ഒക്ടോബര്‍ മാസംവരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്തുനിന്നും 115 കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷരായി. 2016ല്‍ ഇതില്‍ കൂടുതല്‍ കുട്ടികളെ നഷ്ടപ്പെട്ടിരുന്നെങ്കിലും പലരേയും തിരിച്ചെത്തിക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നു. കുട്ടികള്‍ വീടുവിട്ടിറങ്ങുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും കാരണം ഇപ്പോഴും അജ്ഞാതമാണ്.

കാണാതാവുന്നതില്‍ പകുതിയിലധികവും പെണ്‍കുട്ടികളും ആദിവായി വിഭാഗത്തിലെ കുട്ടികളുമാണ് എന്നത് മനുഷ്യക്കടത്താണോ എന്ന സംശയത്തിലേക്കും നയിക്കുന്നുണ്ടെന്നാണ് അധികാരികള്‍ ആശങ്കപ്പെടുന്നത്. ചൈല്‍ഡ്‌ലൈനിന്റെ കണക്കുപ്രകാരം കോഴിക്കോട് ജില്ലയില്‍ നിന്നും ഈ വര്‍ഷം 23 കുട്ടികളെ കാണാതായെന്നാണ് റിപ്പോര്‍ട്ട്.

18 വയസിനു താഴെയുള്ള എല്ലാവരും നിയമപ്രകാരം കുട്ടികളാണ്. 1974 ലെ കുട്ടികള്‍ക്കു വേണ്ടിയുള്ള നാഷണല്‍ പോളിസിയില്‍ ‘കുട്ടികള്‍ രാജ്യത്തിന്റെ പരമോന്നത പ്രാധാന്യമുള്ള സ്വത്താണ്’ എന്നാണ് വിശേഷിപ്പിക്കുത്. കുട്ടികളുടെ അവകാശങ്ങള്‍ ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ ദിനംപ്രതിയെന്നോണം വര്‍ധിച്ചുവരികയാണ്.

Image result for കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍

 

മതവിശ്വാസപ്രകാരമുള്ള പല ആചാരങ്ങളും കുട്ടികളുടെ അവകാശത്തെ നിഷേധിക്കുന്നുണ്ട്. ചേലാകര്‍മ്മമടക്കം വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന ദുരാചാരങ്ങള്‍ ബാലാവകാശ നിയമപ്രകാരം കുറ്റകരമാണ്. ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും നിര്‍ബന്ധിത ചേലാകര്‍മ്മത്തിലേക്ക് നയിക്കുന്ന ഇത്തരം മതാചാരങ്ങള്‍ കേരളത്തില്‍ നിര്‍ബാധം തുടരുന്നു എന്നത് കുട്ടികളുടെ അവകാശങ്ങളോടുള്ള കടുത്ത ലംഘനനാണെന്ന് സാമൂഹ്യപ്രവര്‍ത്തക വി.പി. സുഹറ അഭിപ്രായപ്പെട്ടു.

മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലാണ് ലൈംഗിക അതിക്രമങ്ങളിലേറെയും നടന്നിട്ടുള്ളത്. കേരളത്തിലെ സ്‌കൂളുകള്‍ മധ്യവേനല്‍ അവധിയിലായിരിക്കുന്ന സമയമാണിത്. ലൈംഗിക-ശാരീരിക-വൈകാരിക ചൂഷണങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനായി 2012മുതല്‍ സര്‍ക്കാര്‍ പോക്സോ നിയമം ശക്തമാക്കിയിരുന്നു. 2013 മുതല്‍ പോക്‌സോ കേസുകള്‍ വര്‍ധിച്ചതായാണ് പോലീസിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

18 വയസില്‍ താഴെയുളള പെണ്‍കുട്ടികളും ആണ്‍കുട്ടികളും നേരിടുന്ന ലൈംഗിക ചൂഷണങ്ങള്‍ നിയമപരമായി നേരിടുകയാണ് പോക്സോ നിയമത്തിന്റെ പ്രധാനലക്ഷ്യം. കുട്ടികളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്ന എല്ലാത്തരം പ്രവര്‍ത്തനങ്ങളേയും ലൈംഗികകുറ്റമായാണ് പോക്സോ നിയമം വിലയിരുത്തുന്നത്.

പോക്സോ ചുമത്തിയാല്‍ പ്രതിക്ക് ഒത്തുതീര്‍പ്പിലൂടെയോ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയോ നിയമപരിധിയില്‍ നിന്നും രക്ഷപെടാനുള്ള പഴുതുകള്‍ ഇല്ലാതാവും. പോക്സോ പ്രതിക്ക് ജാമ്യം ലഭിക്കുകയുമില്ല. ഇരയായ കുട്ടി പിന്നീട് മൊഴി മാറ്റിപ്പറഞ്ഞാലും ആദ്യമൊഴി തന്നെയാണ് നിലനില്‍ക്കുക.

Image result for കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍

 

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഉപയോഗിക്കുന്നതും പ്രചരിപ്പിക്കുന്നതും, കുട്ടികളെ ലൈംഗീകമായി ഉപദ്രവിക്കാനുള്ള ശ്രമത്തെ ഏതെങ്കിലും രീതിയില്‍ സഹായിക്കുന്നതും നിയമപ്രകാരം കുറ്റകരമാണ്. കുട്ടികളെ ലൈംഗിക താല്‍പര്യത്തോടെ സ്പര്‍ശിക്കുന്നത് മൂന്നുമുതല്‍ അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമായും ഈ കുറ്റം അധ്യാപകര്‍, മതാധ്യാപകര്‍, ആശുപത്രി ജീവനക്കാര്‍, പൊലീസ് തുടങ്ങിയവരുടെ ഭാഗത്തുനിന്നാണ് ഉണ്ടാവുന്നതെങ്കില്‍ തടവ് എട്ട് വര്‍ഷമായുമാണ് പരിഗണിക്കുന്നത്.

പീഡനത്തിനോ ചൂഷണത്തിനോ ഇരയാക്കപ്പെടുന്ന കുട്ടികളുടെ രക്ഷിതാക്കളോ മാതാപിതാക്കളോ പരാതിപ്പെട്ടില്ലെങ്കില്‍ അവര്‍ക്കെതിരെയും കേസെടുക്കാനുള്ള നിയമസാധുത പോക്സോ നിയമത്തിലുണ്ട്. രക്ഷിതാക്കള്‍ക്ക് പരാതിയില്ലെങ്കില്‍ മറ്റാര്‍ക്ക് വേണമെങ്കിലും പരാതിപ്പെടാം. ഇത്തരം കേസുകള്‍ മറച്ചുവെക്കുന്ന അധ്യാപകര്‍ക്കെതിരെയും കേസെടുക്കണമെന്നാണ് നിയമം. കേസിന് പൂര്‍ണമായും രഹസ്യസ്വഭാവം വേണമെന്നതാണ് നിയമം നിര്‍ബന്ധമായി അനുശാസിക്കുത്. ഇരയുടെ പേര്, ഫോട്ടോ, മേല്‍വിലാസം തുടങ്ങിയ യാതൊരു വിവരവും എവിടെയും പ്രസിദ്ധപ്പെടുത്താന്‍ പാടില്ല.

കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുതിനായി സര്‍ക്കാരും ചൈല്‍ഡ്‌ലൈനും സംയുക്തമായി ധാരാളം പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചുള്ള ബോധവല്‍ക്കരണ പരിപാടികളും സെമിനാറുകളും ഇതില്‍ ഉള്‍പ്പെടുന്നു. ജില്ലാടിസ്ഥാനത്തില്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികളുടെ സംരക്ഷണത്തിനായി സമിതികളും രൂപീകരിച്ചിട്ടുണ്ട്.

ചൈല്‍ഡുലൈനുമായി ബന്ധപ്പെട്ട സംഘടനകളെയും സഹകാരികളെയും ജില്ലാതലത്തില്‍ ഏകോപിപ്പിക്കുക, പരിശീലനങ്ങള്‍, ബോധവല്‍ക്കരണ പരിപാടികള്‍, പ്രചരണങ്ങള്‍, ഗവേഷണങ്ങള്‍ നടത്തുക തുടങ്ങിയവയ്ക്കായി നോഡല്‍ ഓര്‍ഗനൈസേഷനുകളും ഉണ്ട്. കൂടാതെ, ജില്ലാതലത്തില്‍ 1098 എന്ന നമ്പറില്‍ വരുന്ന ഫോണ്‍ കോളുകള്‍ സ്വീകരിക്കുകയും ഓരോ സംഭാഷണത്തിനും ആവശ്യാനുസരണമുള്ള സേവനങ്ങള്‍ നല്‍കാനും കൊളാബൊറേറ്റീവ് ഓര്‍ഗനൈസേഷനുകളേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

 

 

Advertisement