ലൈം​ഗിക തൊഴിൽ നിയമപരം, പൊലീസ് ഇടപെടരുത്: സുപ്രീം കോടതി
national news
ലൈം​ഗിക തൊഴിൽ നിയമപരം, പൊലീസ് ഇടപെടരുത്: സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th May 2022, 3:02 pm

ന്യൂഡൽഹി: ലൈം​ഗിക തൊഴിലാളികൾക്കെതിരായ ക്രിമിനൽ നടപടികൾ സ്വീകരിക്കരുതെന്ന് പൊലീസിനോട് സുപ്രീം കോടതി. വേശ്യാവൃത്തി ഒരു തൊഴിലാണെന്നും ലൈംഗികത്തൊഴിലാളികൾക്ക് നിയമപ്രകാരം അന്തസ്സിനും തുല്യ പരിരക്ഷയ്ക്കും അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.

നിയമപ്രകാരം ലൈം​ഗിക തൊഴിലാളികൾക്കും തുല്യ പരിരക്ഷ ലഭിക്കേണ്ടതുണ്ട്. പ്രായം, സമ്മതം എന്നീ മാനദണ്ഡങ്ങൾ എല്ലാ ക്രിമിനൽ കേസുകളിലും ബാധകമാണ്. എന്നാൽ പ്രായപൂർത്തിയായവർ സ്വന്തം ഇഷ്ടപ്രകാരമോ സമ്മതത്തോടെയോ ലൈം​ഗികതയിൽ ഏർപ്പെടുന്നതിന് പൊലീസോ നിയമങ്ങളോ ഇടപെടുന്നതിൽ അർത്ഥമില്ലെന്നും കോടതി വ്യക്തമാക്കി. തൊഴിൽ ഏതായാലും രാജ്യത്തെ ഓരോ പൗരനും തുല്യ നീതിയും നിയമപരിരക്ഷയും ലഭിക്കേണ്ടതുണ്ട്. ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങൾ പ്രകാരം ഇത് ഓരോ പൗരന്റേയും അവകാശമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ലൈം​ഗിക തൊഴിലാളികളെ അറസ്റ്റ് ചെയ്യാനോ ഇവരിൽ നിന്നും പിഴ ഈടാക്കാനോ പാടില്ലെന്നും കോടതി വ്യക്തമാക്കി. ലൈം​ഗിക പ്രവൃത്തിയിൽ ഏർപ്പെടുന്നത് കുറ്റമല്ലാത്തതിനാൽ ഇവരെ ഉപദ്രവിക്കാനോ, റെയ്ഡുകളിൽ കുറ്റക്കാരെന്ന് കണ്ടെത്തി പിടികൂടാനോ പാടില്ലെന്നും കോടതി പറഞ്ഞു.

ലൈം​ഗിക തൊഴിലാളിയാണെന്ന കാരണത്താൽ അവരുടെ മക്കളെ മാതാവിൽ നിന്നും മാറ്റി നിർത്താൻ പാടില്ലെന്നും കുട്ടികൾക്കും നിയമപരിരക്ഷ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.

അതേസമയം പ്രായപൂർത്തിയാകാത്ത കുട്ടിയെ വേശ്യാലയങ്ങളിൽ കണ്ടെത്തിയാൽ കുട്ടിയെ തട്ടിക്കൊണ്ടു വന്നതാകാമെന്ന് മാത്രം അനുമാനിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. പരാതി നൽകുന്ന ലൈം​ഗിക തൊഴിലാളികളോട് പൊലീസ് വിവേചനം കാണിക്കരുത്. തൊഴിലിനിടെ ഏതെങ്കിലും തരത്തിൽ അതിക്രമത്തിന് ഇരയായ ലൈം​ഗിക തൊഴിലാളികൾക്ക് ഉടനെ തന്നെ മെഡിക്കോ ലീ​ഗൽ കെയർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും കോടതി വ്യക്തമാക്കി.

ലൈം​ഗിക തൊഴിലാളികളോടുള്ള പൊലീസിന്റെ സമീപനം പലപ്പോഴും ക്രൂരവും ആക്രമാസക്തവുമാകുന്നത് കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ലൈംഗികത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുമ്പോഴും റെയ്ഡ് ചെയ്യുമ്പോഴും ഇരകളോ പ്രതികളോ ആയിക്കൊള്ളട്ടെ, ലൈംഗികത്തൊഴിലാളികളുടെ ഐഡന്റിറ്റി വെളിപ്പെടുത്താതിരിക്കാൻ മാധ്യമങ്ങൾ അതീവശ്രദ്ധ പുലർത്തണം. ഐഡന്റിറ്റികൾ വെളിപ്പെടുത്തുന്നതിന് കാരണമാകുന്ന ഫോട്ടോകൾ പ്രസിദ്ധീകരിക്കുകയോ സംപ്രേക്ഷണം ചെയ്യുകയോ ചെയ്യരുത്. രക്ഷപ്പെടുത്തി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്ന ലൈംഗികത്തൊഴിലാളികളെ രണ്ടോ മൂന്നോ വർഷത്തിനകം തന്നെ കറക്ഷണൽ ഹോമുകളിലേക്ക് അയക്കണമെന്നും കോടതി നിർദേശിച്ചു.

കോടതി മുന്നോട്ട് വെച്ച ശുപാർശകളോടുള്ള സർക്കാരിന്റെ മറുപടി അടുത്ത വാദം കേൾക്കുന്ന ജൂലൈ 27നു മുൻപ് അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.

Content Highlight: Sex work is  not illegal, police must avoid filing criminal case against sex workers- supreme court