ഇസ്രഈല്‍ വ്യോമാക്രമണത്തില്‍ വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിലെ ഏഴ് ജീവനക്കാര്‍ കൊല്ലപ്പെട്ടു
World News
ഇസ്രഈല്‍ വ്യോമാക്രമണത്തില്‍ വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിലെ ഏഴ് ജീവനക്കാര്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd April 2024, 9:15 am

ജെറുസലേം: ഗസയിലെ വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിലെ ജീവനക്കാര്‍ക്ക് നേരെ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ഓസ്‌ട്രേലിയ, പോളണ്ട്, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാരാണ് കൊല്ലപ്പെട്ടത്.

ഗസയിലേക്ക് എത്തിയ 100 ടണ്‍ ഭക്ഷ്യസഹായം ഇറക്കിയതിന് ശേഷം ദേര്‍ അല്‍ബലാഹിലെ വെയര്‍ഹൗസിലേക്ക് മടങ്ങി പോകുന്നതിനിടെയാണ് ഇവര്‍ക്കെതിരെ ആക്രമണം ഉണ്ടായത്. വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിന്റെ ലോഗോ പതിച്ച വാഹനങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്.

ഇസ്രഈല്‍ സൈന്യവുമായി ഏകോപിച്ചായിരുന്നു അവരുടെ യാത്രയെന്ന് അധികൃതര്‍ അറിയിച്ചു. സംഘടനക്കെതിരെ ഉദ്ദേശിക്കാതെയാണ് ആക്രമണം നടന്നതെന്നാണ് വിഷയത്തില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചത്.

സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ഇത്തരം തെറ്റുകള്‍ സംഭവിക്കാതിരിക്കാന്‍ ഇനി ശ്രദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് വേള്‍ഡ് സെന്‍ട്രല്‍ കിച്ചണെതിരായ ആക്രമണം മാത്രമല്ലെന്നും ഭക്ഷണം യുദ്ധായുധമായി ഉപയോഗിക്കുന്ന ഏറ്റവും മോശമായ സാഹചര്യങ്ങളില്‍ സഹായവുമായെത്തുന്ന മാനുഷിക സംഘടനകള്‍ക്ക് നേരെയുള്ള ആക്രമമാണിതെന്നുമാണ് വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍ സി.ഇ.ഒ എറിന്‍ ഗോര്‍ പ്രതികരിച്ചത്. ഇത് പൊറുക്കാനാവാത്ത തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Seven World Central Kitchen workers killed in Gaza