പാനൂരില്‍ ലീഗ് ഓഫീസിന് സമീപം സ്‌ഫോടനം; ഏഴോളം പേര്‍ക്ക് പരിക്ക്
Kerala
പാനൂരില്‍ ലീഗ് ഓഫീസിന് സമീപം സ്‌ഫോടനം; ഏഴോളം പേര്‍ക്ക് പരിക്ക്
ന്യൂസ് ഡെസ്‌ക്
Friday, 4th October 2013, 5:57 am

പാനൂര്‍: കണ്ണൂര്‍ പാനൂരില്‍ ലീഗ് ഓഫീസിന് സമീപം ബോംബ് പൊട്ടിത്തെറിച്ച് ഏഴ് പേര്‍ക്ക് പരിക്ക്. പാനൂരിലെ പാറാട് ടൗണിലെ പെട്രോള്‍പമ്പിനു പിന്‍വശത്ത് കോറോത്ത് താഴെ പുഴവക്കത്ത് മുസ്ലിം ലീഗ് ഓഫീസിന് സമീത്തുണ്ടായ ബോംബ്‌സ്‌ഫോടനത്തിലാണ് ഏഴ് യുവാക്കള്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണ്.

വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെ നടന്ന സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ മുനവിര്‍ വലിയവീട്ടില്‍ (19), മുഹമ്മദ് (19) , ജാസിം വടക്കേവീട്ടില്‍ (21), പക്കു എന്ന അഫ്‌സല്‍ പരവന്റവിട (19) എന്നിവരെ വിദഗ്ധചികിത്സയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. തലശ്ശേരി സഹകരണ ആശുപത്രിയിലെ പ്രാധമിക ചികിത്സയ്ക്ക് ശേഷമാണ് ഗുരതരമായി പരിക്കേറ്റവരെ കോഴിക്കോടേക്ക് കൊണ്ടുപോയത്.

സ്‌ഫോടനത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഭവ സ്ഥലത്തുനിന്ന് 10 സ്റ്റീല്‍ബോംബുകള്‍ പോലീസ് കണ്ടെത്തി. കണ്ണൂര്‍ എസ്.പി. രാഹുല്‍ ആര്‍.നായര്‍, എ.എസ്.പി. നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്‌ഫോടനം നടന്ന പ്രദേശത്തെത്തി അന്വേഷണംമാരംഭിച്ചു.

പാനൂര്‍ സി.ഐ. ജയന്‍ ഡൊമിനിക്ക്, കൊളവല്ലൂര്‍ എസ്.ഐ. ഇ.വി ഫായിസ് അലി തുടങ്ങിയവരുടെ നേതൃത്വത്തില്‍ കനത്ത പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പത്ത് സ്റ്റീല്‍ ബോംബ് സംഭവസ്തലത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്. ബോംബ് നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറിച്ചതാകാനാണ് സാധ്യതയെന്ന് പോവീല് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.