എഡിറ്റര്‍
എഡിറ്റര്‍
‘തുല്യനീതിയ്ക്കു വേണ്ടി സംസാരിക്കൂ, നമ്മുടെ 37 സെന്റ് നമുക്ക് തിരിച്ചു പിടിക്കണം’; തുല്യവേതനത്തിനും വര്‍ണ-ലിംഗ വിവേചനത്തിനെതിരേയും ശബ്ദമയുര്‍ത്തി സെറീന വില്യംസ്
എഡിറ്റര്‍
Wednesday 2nd August 2017 1:46pm

ന്യൂയോര്‍ക്ക്: കറുത്ത വര്‍ഗ്ഗത്തില്‍പെട്ടവരും അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താനും അവരനുഭവിക്കുന്ന വിവേചനത്തേ കുറിച്ച് സംസാരക്കാനും എന്നും തയ്യാറായിരുന്നു സെറീന വില്യംസ്. കറുത്തവര്‍ഗ്ഗത്തില്‍പെട്ട വനിതകളുടെ തുല്യവേതന ദിനത്തോട് അനുബന്ധിച്ച് എഴുതിയ ഒരു ലേഖനത്തില്‍ തന്റെ റാക്കറ്റിനേക്കാള്‍ വേഗവും കരുത്തുമുള്ള വാക്കുകളുമായി വീണ്ടും സെറീന ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ്. ഫോര്‍ച്യൂണ്‍ മാസികയിലാണ് സെറീനയുടെ ലേഖനം.

വര്‍ണവിവേചനവും ലിംഗവിവേചനവും ഒരുപോലെ പ്രശ്നവല്‍ക്കരിക്കപ്പെടുന്ന വിപ്ലവകരമായ പുതിയ ആവശ്യവുമായി സെറീന രംഗത്തെത്തിയത്.

യുണൈറ്റഡ് സ്റ്റേറ്റ്സില്‍ പുരുഷന്മാര്‍ക്ക് ഒരു ഡോളര്‍ വേതനം ലഭിക്കുമ്പോള്‍ തുല്യജോലി ചെയ്യുന്ന കറുത്തവര്‍ഗ്ഗക്കാരായ സ്ത്രീകള്‍ക്ക് 63 സെന്റ് മാത്രമാണ് ലഭിക്കുന്നതെന്ന് സെറീന പറയുന്നു. തങ്ങളുടെ പുരുഷപങ്കാളി ഒരു വര്‍ഷം സമ്പാദിക്കുന്ന തുക ലഭിക്കാന്‍ കറുത്തവര്‍ക്കാരായ സ്ത്രീകള്‍ എട്ടുമാസം അധികം ജോലി ചെയ്യേണ്ടി വരുമെന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

ടെന്നീസ് റാക്കറ്റ് കൈയില്‍ എടുക്കുകയും ഇടിച്ചുകയറുകയും ചെയ്തില്ലായിരുന്നെങ്കില്‍ യുഎസില്‍ വേതന അസമാനത അനുഭവിക്കുന്ന 24 ദശലക്ഷം കറുത്തവര്‍ഗ്ഗക്കാരായ സ്ത്രീകളില്‍ ഒരാള്‍ മാത്രമായിരുന്നേനെ താനെന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു. ഗ്രാന്റ്സ്ലാം റെക്കോഡുകള്‍ ഭേദിക്കുന്നതിനെക്കാള്‍ ബുദ്ധിമുട്ടാണ് ദാരിദ്രത്തിന്റെയും വിവേചനത്തിന്റെയും ലൈംഗീക അതിക്രമങ്ങളുടെയും ചാക്രികത തകര്‍ക്കാനെന്നും അവര്‍ പറഞ്ഞു. കറുത്തവര്‍ഗ്ഗത്തില്‍പെട്ട ഓരോ സ്ത്രീയും വിജയത്തിന്റെ പടവുകള്‍ ചവിട്ടിക്കയറുമ്പോഴും ദശലക്ഷങ്ങള്‍ ഇപ്പോഴും പോരാടുകയാണെന്നും അവര്‍ പറഞ്ഞു.

വെള്ളക്കാരായ സ്ത്രീകളെ അപേക്ഷിച്ച് കറുത്തവര്‍ഗ്ഗക്കാരായ സ്ത്രീകള്‍ക്ക് 17 ശതമാനം കുറവ് മാത്രമേ ലഭിക്കുന്നുള്ളുവെന്നും സെറീന വ്യക്തമാക്കുന്നു. അതേസമയം, ടെന്നീസ് ലോകത്ത് നിന്നും താന്‍ നേരിട്ട ലിംഗ വിവേചനത്തെ കുറിച്ചും സെറീന മനസു തുറക്കുന്നുണ്ട്. പുരുഷതാരങ്ങള്‍ തന്നെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയിട്ടുണ്ടെന്നും കളിക്കളത്തിന് അകത്തും പുറത്തും വര്‍ണവെറിക്ക് താന്‍ വിധേയയായിട്ടുണ്ടെന്നും അവര്‍ പറയുന്നു.

പുരുഷതാരങ്ങളുടെ ആവര്‍ത്തിച്ചുള്ള വര്‍ണ, ലൈംഗീക പരാമര്‍ശങ്ങള്‍ക്ക് വിധേയയായിട്ടുള്ള വ്യക്തിയാണ് സെറീന വില്യംസ്.


Also Read:  പ്രണയബന്ധം വീട്ടുകാരെയും വരനെയും മുമ്പേ അറിയിച്ചിരുന്നു; ഗുരുവായൂരില്‍ കാമുകനൊപ്പം പോയതിന്റെ പേരില്‍ പെണ്‍കുട്ടിയെ ക്രൂശിക്കുന്നവര്‍ അറിയാന്‍


റോജര്‍ ഫെഡററെയും റാഫേല്‍ നദാലിനെയും പോലുള്ള താരങ്ങളെ ലഭിച്ചതിന് വനിത താരങ്ങള്‍ ദൈവത്തോട് നന്ദി പറയണമെന്നും പുരുഷ മത്സരങ്ങളുടെ ചിറകിനടിയിലാണ് വനിത ടെന്നീസ് സഞ്ചരിക്കുന്നതെന്നും ഇന്ത്യന്‍ വെല്‍സ് സിഇഒ റയ്മണ്ട് മൂര്‍ 2016ല്‍ പറഞ്ഞത് വിവാദമായിരുന്നു. സെറീനയുടെ പിറക്കാനിരിക്കുന്ന കുഞ്ഞിനെ കുറിച്ച് റുമാനിയയുടെ കോച്ച് ഇല്ലി നസ്താഷെ നേരത്തെ വര്‍ണ വെറിയോടെ സംസാരിച്ചിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍ നടന്ന ഫെഡറേഷന്‍ കപ്പ് മത്സരത്തിനിടയില്‍ സെറീനയെയും ജോവാന കോണ്ടയെയും സ്ത്രീവിരുദ്ധ പരാമര്‍ശത്തിലൂടെ അപമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനൊന്നും സെറീനയെ തളര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം.

ആന്തരിക ചോദനയും കുടുംബത്തിന്റെ സുഹൃത്തുക്കളുടെയും പ്രോത്സാഹനവുമാണ് തന്നെ മുന്നോട്ട നയിക്കുന്നതെന്ന് താരം പറയുന്നു. താന്‍ ഇപ്പോള്‍ അപൂര്‍വമായ ജീവിതവിജയത്തിലും തന്റെ സങ്കല്‍പത്തിനും അപ്പുറത്തുള്ള സാമ്പത്തിക സുരക്ഷിതത്വത്തിലും എത്തപ്പെട്ടിട്ടുണ്ടെന്ന് അവര്‍ ചൂണ്ടിക്കാണിച്ചു.

നിലവിലുള്ള സ്ഥിതി മാറ്റിമറിക്കുന്നതിന് വിഷയം പൊതുജന സംവാദങ്ങളിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും അതിന് ധൈര്യം ആവശ്യമാണെന്നും സെറീന എഴുതുന്നു. അപ്പോള്‍ മാത്രമേ തുല്യവേതനം നല്‍കാന്‍ തൊഴിലുടമകള്‍ തയ്യാറാവുകയുള്ളു. നമ്മുടെ അമ്മമാര്‍ക്ക്, ഭാര്യമാക്ക്, സഹോദരിമാര്‍ക്ക്, പെണ്‍മക്കള്‍ക്ക്, സഹപ്രവര്‍ത്തകര്‍ക്ക് ഒക്കെ തുല്യവേതനം ആവശ്യമാണെന്ന് സമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നത്.

‘കറുത്തവര്‍ഗ്ഗത്തില്‍പെട്ട സ്ത്രീകളെ, ഭയപ്പെടാതിരിക്ക. തുല്യവേതനത്തിന് വേണ്ടി സംസാരിക്കു. ഓരോ തവണയും നിങ്ങള്‍ അത് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് പിറകെ വരുന്ന സ്ത്രീകള്‍ക്ക് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാവും. നമ്മുടെ 37 സെന്റുകള്‍ നമുക്ക് തിരികെപ്പിടിക്കാം,’ എന്ന ആഹ്വാനത്തോടെയാണ് അവര്‍ ലേഖനം അവസാനിപ്പിക്കുന്നത്.

കടപ്പാട്: അഴിമുഖം

Advertisement