സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
2018 fifa world cup
ഷക്കീരിയ്ക്കും സാക്കയ്ക്കുമെതിരെ ഫിഫയ്ക്ക് പരാതി നല്‍കുമെന്ന് സെര്‍ബിയ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday 23rd June 2018 7:25pm

മോസ്‌കോ: അല്‍ബേനിയയുടെ ദേശീയ ചിഹ്നമായ ഇരട്ടതലയുള്ള പരുന്തിന്റെ രൂപം നെഞ്ചില്‍ വരച്ച് പ്രതിഷേധിച്ചതിനും കൊസോവന്‍ പതാകയുള്ള ബൂട്ടിട്ട് കളിച്ചതിനും സ്വിറ്റ്‌സര്‍ലാന്റ താരങ്ങളായ ഹെര്‍ദാന്‍ ഷക്കീരിയ്ക്കും ഗ്രാനിത് ഷാക്കയ്ക്കുമെതിരെ ഫിഫയില്‍ പരാതി നല്‍കുമെന്ന് സെര്‍ബിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍.

സെര്‍ബിയക്കെതിരായ രാഷ്ട്രീയ പ്രതിഷേധമെന്ന നിലയ്ക്കാണ് താരങ്ങള്‍ ഇത്തരത്തില്‍ പ്രതിഷേധിച്ചിരുന്നത്.

1999 വരെ സെര്‍ബിയയുടെ വംശീയ ആക്രമണത്തിന് ഇരയായവരാണ് കൊസോവ-അല്‍ബേനിയന്‍ വംശജര്‍. 1.8 മില്യണ്‍ ജനസംഖ്യയുള്ള കൊസോവൊ സെര്‍ബിയയില്‍നിന്ന് 2008 ലാണ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. രാജ്യനിവാസികളില്‍ 90 ശതമാനവും അല്‍ബേനിയന്‍ വംശജരാണ്. സെര്‍ബിയ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ കൊസോവയെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല.

സ്വിസ് താരങ്ങളായ ഹെര്‍ദാന്‍ ഷക്കീരിയും ഗ്രാനിത് ഷാക്കയും കൊസോവന്‍ വംശജരാണ്. കൊസോവൊ ഷാക്കയുടെ പിതാവ് കൊസോവന്‍ സ്വാതന്ത്ര്യ പോരാട്ടത്തെ പിന്തുണച്ചതിന് മൂന്നരവര്‍ഷം യൂഗോസ്ലാവിയയില്‍ ജയില്‍വാസമനുഭവിച്ചിട്ടുണ്ട്. ഷക്കീരിയുടെ കുടുംബം അഭയാര്‍ത്ഥികളായി സ്വിറ്റ്‌സര്‍ലാന്റിലെത്തിയവരാണ്.

 

ഒരു ബൂട്ടില്‍ കൊസൊവയുടെ പതാകയും രണ്ടാമത്തതില്‍ സ്വിസ് പതാകയുടെ ചിത്രവുമായാണ് ഷക്കീരി സെര്‍ബിയക്കെതിരായ മത്സരത്തിനിറങ്ങിയിരുന്നത്. മത്സരത്തിനിടയില്‍ സെര്‍ബിയന്‍ ആരാധകര്‍ ഇരുതാരങ്ങളെയും കൂവി വിളിച്ചിരുന്നു.

മത്സരശേഷം താരങ്ങളുടെ നടപടിയെ സ്വിസ് മാനേജര്‍ വ്‌ലാദ്മിര്‍ പെറ്റ്‌കോവിച്ച് തള്ളിക്കളഞ്ഞിരുന്നു. കളിയെ രാഷ്ട്രീയവുമായി കൂട്ടികലര്‍ത്തരുതെന്നാണ് ബോസ്‌നിയന്‍ വംശജനായ പരീശിലകന്‍ പറഞ്ഞത്. പക്ഷെ സെര്‍ബിയന്‍ പരിശീലകന്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

ആഘോഷപ്രകടനത്തിന്റെ ചിത്രം അല്‍ബേനിയന്‍ പ്രധാനമന്ത്രി എഡി റാമ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. ‘ഫോട്ടോ ഓഫ് ദ ഡേ’ എന്ന കമന്റോടു കൂടിയാണ് ചിത്രം ഷെയര്‍ ചെയ്തത്.

Advertisement