Administrator
Administrator
നാണംകെട്ട് നാലാംതവണയും..
Administrator
Thursday 2nd June 2011 4:54pm

സ്‌പോര്‍ട്‌സ് ഡസ്‌ക്

ലിബിയയിലെ കേണല്‍ ഗദ്ദാഫിയും ഫിഫ മേധാവി സെപ് ബ്ലാറ്ററും തമ്മില്‍ എന്താണ് ബന്ധം? രണ്ടുപേരും ഏകാധിപതികളാണ് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. നാണംകെട്ടാലും വേണ്ട, അധികാരം വിട്ടൊഴിയില്ലെന്ന വാശിയിലാണ് ഇരുവരും. രാഷ്ട്രീയമായ ലക്ഷ്യങ്ങളാണ് ഗദ്ദാഫിയുടെ പിടിവാശിക്ക് പിന്നിലെങ്കില്‍ അഹങ്കാരവും ഒടുങ്ങാത്ത അധികാരഭ്രാന്തുമാണ് ബ്ലാറ്ററെ വ്യത്യസ്തനാക്കുന്നത്.

ലോകകായിക രംഗത്ത് ഏറ്റവുമധികം ആരാധകരുള്ളത് ഫുട്‌ബോളിനുതന്നെയാണ്. ഗ്രൗണ്ടിലെ ഓരോ നീക്കങ്ങളും ആവേശത്തോടെ നെഞ്ചിലേറ്റുന്ന, ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ദേശീയപരിവേഷം നല്‍കുന്ന സോക്കറിന്റെ കടുത്ത ആരാധകരാണ് ലോകംനിറയെ. മഹത്തായ ഈ കളിയെ നിയന്ത്രിക്കാനും അഴിമതിയില്‍ നിന്ന് മുക്തമാക്കാനുമായിട്ടാണ് ഫിഫ എന്ന ലോകഫുട്‌ബോള്‍ സംഘടന സൂറിച്ച് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഏതുലക്ഷ്യത്തിനായാണോ ഫിഫ നിലകൊള്ളുന്നത് അതില്‍ നിന്നും വളരെവേഗം ഗതിമാറുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ് ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്.

വോട്ടുവില്‍ക്കല്‍ വിവാദം
2018ലെയും 2022ലെയും ഫുട്‌ബോള്‍ വേദികള്‍ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ലോകത്തിലെ സമ്പന്നമായ കായികസംഘടനയെ നാണക്കേടിന്റെ പടുകുഴിയിലെത്തിച്ചത്. ചില രാഷട്രങ്ങള്‍ക്ക് അനുകൂലമായി വോട്ടുചെയ്യാന്‍ അംഗരാഷ്ട്രങ്ങളിലെ ചില പ്രതിനിധികള്‍ കോഴവാങ്ങിയെന്നായിരുന്നു ആരോപണം. തുടര്‍ന്ന് നൈജീരിയയുടേ അമോസ് അഡാമു, തെഹ്തിയുടെ റൊനാള്‍ഡ് തെമാരി എന്നിവരെ എക്‌സിക്യൂട്ടിവ് കമ്മറ്റിയില്‍ നിന്ന് പുറത്താക്കി. എന്നാല്‍ അഴിമതിയുടേ നാറിയ കഥകള്‍ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

കോഴിവിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 2018ലെ വേദിയായി റഷ്യയും 2022ലെ വേദിയായി ഖത്തറും തിരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ഹോളണ്ട്, ബെല്‍ജിയം എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് റഷ്യ 2018ലെ ലോകകപ്പിന് അര്‍ഹത നേടിയത്. അമേരിക്ക, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളെയാണ് ഖത്തര്‍ പിന്തള്ളിയത്.

റഷ്യയ്ക്കും ഖത്തറിനും വേദികള്‍ നല്‍കിയതിനെതിരേ വികസിത രാഷ്ട്രങ്ങള്‍ രംഗത്തെത്തിയിരുന്നു. ഖത്തറിന് വേദി ലഭിച്ചതിലായിരുന്നു പശ്ചാത്യരാഷ്ട്രങ്ങള്‍ക്ക് കൂടുതല്‍ എതിര്‍പ്പ്. ലോകകപ്പ് വേദി ഷെയ്ഖുമാര്‍ക്ക് വിറ്റു എന്നായിരുന്നു യൂറോപ്യന്‍ മാധ്യമങ്ങള്‍ ആരോപിച്ചത്. ഖത്തറിലെ എണ്ണമുതലാളിമാരുടെ പണംകണ്ട് ബ്ല്ാറ്ററിനും കൂട്ടര്‍ക്കും കണ്ണുമഞ്ഞളിച്ചു എന്നുവരെ പറഞ്ഞുകളഞ്ഞു മാധ്യമങ്ങള്‍.

മുഹമ്മദ് ബിന്‍ ഹമ്മാം വരുന്നു
വേദികള്‍ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിച്ചതിനെ തുടര്‍ന്ന് കുറച്ചുകാലത്തേക്ക് ഒരു ശാന്തതയായിരുന്നു. വരാനിരിക്കുന്ന കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയായിരുന്നു അത്. ലോകഫുട്‌ബോള്‍ സംഘടനയെ യൂറോപ്പുകാരുടെ കൈയ്യില്‍ നിന്നും മോചിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയ മുഹമ്മദ് ബിന്‍ ഹമാമായിരുന്നു ഫിഫയെ പിടിച്ചുകുലുക്കിയ കൊടുങ്കാറ്റിന് തിരികൊളുത്തിയത്.

ഗാര്‍ഡിയനു നല്‍കിയ അഭിമുഖത്തില്‍ ഫിഫയുടെ അധ്യക്ഷസ്ഥാനത്തേക്ക് മല്‍സരിക്കുന്നുവെന്ന പ്രഖ്യാപനം നടത്തിയതോടെയാണ് ഹമാം ശ്രദ്ധാകേന്ദ്രമാകുന്നത്. ബ്ലാറ്റര്‍ സ്ഥാനമൊഴിയാന്‍ സമയമായെന്നും മാറ്റം വരാന്‍ ഫിഫയിലെ എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നുമായിരുന്നു ഹമാം അഭിമുഖത്തില്‍ പറഞ്ഞത്.

എന്നാല്‍ ഫിഫ പ്രസിഡന്റാകാന്‍ ഹമാം അംഗരാഷ്ട്രങ്ങളെ പണകൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി എക്‌സിക്യൂട്ടിവ് കമ്മറ്റിയിലെ തന്നെ ചക്ക് ബ്ലേസര്‍ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് നടന്ന നീക്കങ്ങള്‍ വളരെ ആസൂത്രിതമായിട്ടായിരുന്നു.

ഹമാമിനേയും ഫിഫ വൈസ് പ്രസിഡന്റ് ജാക്ക് വാര്‍ണറെയും ഫിഫയുടെ എത്തിക്‌സ് കമ്മറ്റി ചോദ്യംചെയ്തു. തൊട്ടടുത്ത ദിവസംതന്നെ സെപ് ബ്ലാറ്ററിനും എത്തിക്‌സ് കമ്മറ്റിക്കു മുമ്പാകെ ഹാജരാകേണ്ടിവന്നു. എന്നാല്‍ എത്തിക്‌സ് കമ്മറ്റിയുടെ നടപടിയായിരുന്നു ഏവരെയും ഞെട്ടിച്ചത്. ആരോപണവിധേയരായ ഹമാമും വാര്‍ണറും പുറത്ത്. ഇതേ ആരോപണങ്ങളുടെ കറപുരണ്ട ബ്ലാറ്റര്‍ക്ക് ക്ലീന്‍ ചിറ്റും.

ഇതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരാളിയില്ലാതായ ബ്ലാറ്റര്‍ തിരഞ്ഞെടുപ്പില്‍ പാട്ടുംപാടി ജയിച്ചു. 203 അംഗങ്ങളില്‍ 186പേരുടെ പിന്തുണയോടെയാണ് ബ്ലാറ്റര്‍ വീണ്ടും അധികാരമേറ്റെടുത്തത്. ബ്രിട്ടന്‍ അടക്കമുള്ള രാഷട്രങ്ങളുടെ കടുത്ത എതിര്‍പ്പ് മറികടന്നാണ് ബ്ലാറ്റര്‍ ഫിഫയുടെ മേധാവിസ്ഥാനത്തേക്ക് നാലംവട്ടവും എത്തിയിരിക്കുന്നത്.

എന്നാല്‍ തിരഞ്ഞെടുപ്പ് പേരിനുമാത്രമായിരുന്നുവെന്നാണ് പല രാഷ്ട്രങ്ങളും പറയുന്നത്. വോട്ടെടുപ്പില്‍ ജയിക്കാനായി ബ്ലാറ്റര്‍ സകല അടവും പയറ്റിയതായി ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ആരോപിക്കുന്നു. എന്നാല്‍ ഫിഫയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും മാധ്യമങ്ങള്‍ കൂടുതല്‍ പ്രശ്‌നമുണ്ടാക്കാതിരുന്നാല്‍ മതിയെന്നുമാണ് സ്വിസ്റ്റര്‍ലന്റുകാരനായ ബ്ലാറ്റര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇതുവരെയുള്ളതുപോലെ മുന്നോട്ടുപോകാന്‍ ബ്ലാറ്റര്‍ക്കും ഫിഫയ്ക്കും പ്രയാസമായിരിക്കും. അംഗരാഷ്ട്രങ്ങളുടെ കടുത്ത നിരീക്ഷണത്തിലായിരിക്കും ഇനി ഫിഫയുടെ പ്രവര്‍ത്തനം. ആരോപണങ്ങളുടേയും അപവാദങ്ങളുടേയും സമ്മര്‍ദ്ദത്തെ അതിജീവിച്ച് ബ്ലാറ്റര്‍ ഫിഫയെ എങ്ങിനെ മുന്നോട്ടുനയിക്കുമെന്നതാണ് ഇനി കാണേണ്ടത്.

Advertisement