എഡിറ്റര്‍
എഡിറ്റര്‍
സൗദി അറസ്റ്റ് ചെയ്തവരെ ക്രൂരമര്‍ദ്ദനത്തിനിരയാക്കുന്നതായി റിപ്പോര്‍ട്ട്; മര്‍ദ്ദനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
എഡിറ്റര്‍
Friday 10th November 2017 4:38pm


ജിദ്ദ: അഴിമതി വിരുദ്ധ നടപടികളുടെ പേരില്‍ സൗദി അറസ്റ്റ് ചെയ്ത ഉന്നതരെയടക്കം അധികൃതര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. പലരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മിഡില്‍ ഈസ്റ്റ് ഐ യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പുറമേക്ക് പരിക്കുകളേല്‍ക്കാത്ത വിധത്തിലാണ് മര്‍ദ്ദനമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ലഭിക്കുന്നതിനായാണ് ചിലരെ മര്‍ദ്ദിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വീട്ടുതടങ്കലില്‍ കഴിയുന്ന മുന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫിന്റെയും സുല്‍ത്താന്‍ ബിന്‍ അസീസിന്റെ രണ്ടു മക്കളുടെയും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു.

പുറത്ത് വെളിപ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍ പേരെ സൗദി തടങ്കലിലാക്കിയിട്ടുണ്ടെന്ന് സൗദി റോയല്‍ കോര്‍ട്ടിലുള്ളവരെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 500 ലധികം പേര്‍ തടങ്കലില്‍ കഴിയുന്നുണ്ടെന്നും ഇതിന്റെ ഇരട്ടി ആളുകളെ ചോദ്യം ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അഴിമതി വിരുദ്ധ നടപടികളുടെ പേരില്‍ രാജകുടുംബാംഗങ്ങളെയും മന്ത്രിമാരെയും ബിസിനസ് പ്രമുഖന്മാരെയും സൗദി അറസ്റ്റ് ചെയ്തിരുന്നു. സല്‍മാന്‍ രാജാവിന്റെ മകനും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലായിരുന്നു നടപടി. ശനിയാഴ്ച മുതല്‍ തടങ്കലിലായിരുന്ന ഏഴ് രാജകുമാരന്മാരെ റിയാദിലെ റിറ്റ്‌സ് കാള്‍ട്ടണില്‍ നിന്ന് വിട്ടയച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

81 കാരനായ പിതാവില്‍ നിന്നും അധികാരമേറ്റെടുക്കുന്നതിന് മുമ്പ് സൗദിയിലെ ഭരണ ബിസിനസ
രംഗത്ത് പിടിമുറുക്കുന്നതിനായി മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തുന്ന നീക്കങ്ങളാണ് ഇപ്പോള്‍ സൗദിയില്‍ നടക്കുന്നതെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

Advertisement