മഹാരാഷ്ട്ര: ഉദ്ധവ് താക്കറെ ഗവര്‍ണറെ കണ്ടു, കത്ത് നല്‍കി
national news
മഹാരാഷ്ട്ര: ഉദ്ധവ് താക്കറെ ഗവര്‍ണറെ കണ്ടു, കത്ത് നല്‍കി
ന്യൂസ് ഡെസ്‌ക്
Tuesday, 26th November 2019, 11:44 pm

മുംബൈ: എന്‍.സി.പി, കോണ്‍ഗ്രസ് നേതാക്കളോടൊപ്പം ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരിയെ കണ്ടു.

മഹാ വികാസ് ആഘാടി സഖ്യത്തെ കുറിച്ച് വിവരിക്കുന്ന കത്തും ഗവര്‍ണര്‍ക്ക് കൈമാറി. സഖ്യത്തിന്റെ നേതാവായി ഉദ്ധവ് താക്കറെയെ തെരഞ്ഞെടുത്ത വിവരവും ഗവര്‍ണറെ ബോധിപ്പിച്ചു.

അതേസമയം, മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ നവംബര്‍ 28നു സത്യപ്രതിജ്ഞ ചെയ്യും. മുംബൈ ശിവജി പാര്‍ക്കില്‍ വെച്ചായിരിക്കും സത്യപ്രതിജ്ഞ. അഞ്ചു മണിക്കായിരിക്കും ചടങ്ങ് നടക്കുക.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ, ഡിസംബര്‍ ഒന്നിനാകും സത്യപ്രതിജ്ഞ നടക്കുക എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അത് പിന്നീട് ഈ മാസം 28-ാം തിയ്യതിയിലേയ്ക്ക് മാറ്റുകയാണുണ്ടായത്.

അതേസമയം, ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് മണിക്കൂറുകള്‍ക്ക് ശേഷം എന്‍.സി.പി നേതാവ് അജിത് പവാര്‍ പാര്‍ട്ടി മേധാവി ശരത് പവാറിനെ വസതിയിലെത്തി കണ്ടിരുന്നു.

ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലെയും മീറ്റിംഗില്‍ പങ്കെടുത്തു. മഹാരാഷ്ട്ര നിയമസഭയില്‍ നാളെ നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായാണ് കൂടിക്കാഴ്ച. അജിത് പവാറിന്റെ അമ്മാവന്‍ കൂടിയാണ് ശരത് പവാര്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പരസ്യ ബാലറ്റിലൂടെ മഹാരാഷ്ട്രയില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കും. മാധ്യമങ്ങള്‍ വോട്ടെടുപ്പ് പരസ്യമായി തത്സമയം സംപ്രേഷണം ചെയ്യണമെന്നും ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു.