സെല്‍ഫിയല്ല, ഇത്തവണ സെല്‍ഫി വീഡിയോ; ആരാധകര്‍ക്കൊപ്പമുള്ള വിജയ്‌യുടെ വീഡിയോ വൈറലാവുന്നു
Film News
സെല്‍ഫിയല്ല, ഇത്തവണ സെല്‍ഫി വീഡിയോ; ആരാധകര്‍ക്കൊപ്പമുള്ള വിജയ്‌യുടെ വീഡിയോ വൈറലാവുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 25th December 2022, 7:51 am

രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം പൊതുവേദിയിലെത്തി നടന്‍ വിജയ്. ഡിസംബര്‍ 24ന് വൈകീട്ട് അഞ്ചുമണിക്ക് ചെന്നൈയിലെ നെഹ്റു സ്റ്റേഡിയത്തില്‍ വെച്ച് നടന്ന വാരിസ് എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് വിജയ് എത്തിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് വേണ്ടിയാണ് ഒടുവില്‍ വിജയ് ആരാധരെ കാണാനെത്തിയത്.

വാരിസ് ഓഡിയോ ലോഞ്ച് വേദിയില്‍ വെച്ച് വിജയ് എടുത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ‘എന്‍ നെഞ്ചുക്കുള്‍ കുടിയിരിക്കും’ എന്ന ക്യാപ്ഷനോടെയാണ് വിജയ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. മാസ്റ്ററിന്റെ ഷൂട്ടിനിടക്ക് തന്നെ കാണാന്‍ വന്ന ആരാധകര്‍ക്കൊപ്പമുള്ള വിജയ്‌യുടെ സെല്‍ഫി വൈറലായിരുന്നു.

മുമ്പ് ബിഗില്‍ സിനിമയുടെ ലോഞ്ചിങ്ങില്‍ വിജയ് നടത്തിയ പ്രസംഗം ഏറെ വാര്‍ത്ത സൃഷ്ടിച്ചിരുന്നു. തനിക്കെതിരെ ഇന്‍കംടാക്‌സ് റെയ്ഡ് അടക്കം നടന്ന സമയത്താണ് വിജയ് മാസ്റ്റര്‍ സിനിമയുടെ ഓഡിയോ ലോഞ്ചിങ്ങില്‍ പ്രസംഗം നടത്തിയത്. എന്നാല്‍ അവസാന പടമായ ബീസ്റ്റിന്റെ ഓഡിയോ ലോഞ്ചിങ് നടന്നിരുന്നില്ല. പകരം ചിത്രത്തിന്റെ സംവിധായകന്‍ നെല്‍സണ് ഒരു പ്രത്യേക അഭിമുഖമാണ് വിജയ് നല്‍കിയത്.

സാധാരണമായി അഭിമുഖങ്ങളോ വാര്‍ത്ത സമ്മേളനങ്ങളോ നടത്താത്ത വിജയ് പൊതുജനത്തെയും, ആരാധകരെയും അഭിമുഖീകരിക്കുന്നത് സിനിമകളുടെ ഓഡിയോ ലോഞ്ചുകളാണ്. നെല്‍സണ് നല്‍കിയ അഭിമുഖത്തില്‍ എന്തിനാണ് താന്‍ ഓഡിയോ ലോഞ്ചില്‍ വലിയ പ്രസംഗം നടത്തുന്നതെന്ന് വിജയ് പറഞ്ഞിരുന്നു. തന്റെ മനസില്‍ തോന്നുന്ന ജനങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദിയാണ് ഇതെന്നാണ് വിജയ് പറഞ്ഞത്.

2023 പൊങ്കല്‍ റിലീസായിട്ടാണ് വാരിസ് എത്തുന്നത്. വംശി പെഡിപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രശ്മിക മന്ദാന ആണ് നായികയാവുന്നത്.
ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്റെ നിര്‍മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

Content Highlight: selfie video of vijay with fans became viral