എഡിറ്റര്‍
എഡിറ്റര്‍
സൈക്കിള്‍ മോഷ്ടിച്ച കേസില്‍ ഓം സ്വാമി അറസ്റ്റില്‍
എഡിറ്റര്‍
Thursday 10th August 2017 12:22pm

ന്യൂദല്‍ഹി: ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്ന വിവാദ സന്യാസി സ്വാമി ഓം അറസ്റ്റില്‍. സഹോദരന്‍ പ്രമോദ് ഝാ നല്‍കിയ പരാതിയിലാണ് സ്വാമിയെ അറസ്റ്റു ചെയ്തത്.

ഒമ്പതുവര്‍ഷം മുമ്പ് തന്റെ കടയില്‍ നിന്നും സൈക്കിളും ചില രേഖകളും മോഷ്ടിച്ചെന്നാരോപിച്ചാണ് സഹോദരന്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ 2008 നവംബറില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ലോധി കോളനിയിലെ തന്റെ സൈക്കിള്‍ കടയുടെ ലോക്ക് തകര്‍ത്ത് 11 സൈക്കിള്‍ മോഷ്ടിച്ചെന്നാണ് പ്രമോദ് ആരോപിക്കുന്നത്. സൈക്കിളിനൊപ്പം വിലപിടിപ്പുള്ള സ്‌പെയര്‍ പാട്‌സുകളും വീടിന്റെ രേഖകളും മോഷ്ടിച്ചതായി അദ്ദേഹം പറയുന്നു.

കഴിഞ്ഞവര്‍ഷം അദ്ദേഹത്തിനെതിരെ സാകേത് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെ അദ്ദേഹം ഒളിവിലായിരുന്നു. ദല്‍ഹി ഭജന്‍പുരയിലെ ഒരു വീട്ടില്‍ ഒളിച്ചു കഴിയവെയാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്.


Also Read: ആര്‍ത്തവ അശുദ്ധി ക്രിമിനല്‍ കുറ്റം;ചരിത്രപരമായ തീരുമാനവുമായി നേപ്പാള്‍ പാര്‍ലമെന്റ്


ലോധി കോളനി പൊലീസ് സ്റ്റേഷനിലെ സംഘവും ഇന്റര്‍ സ്റ്റേറ്റ് ക്രൈംബ്രാഞ്ചുമാണ് സ്വാമിയെ അറസ്റ്റു ചെയ്തത്.

ബിഗ് ബോസ് ഷോയില്‍ മത്സരാര്‍ത്ഥിയായിരുന്ന സ്വാമിയെ സ്ത്രീകളോട് മോശമായി പെരുമാറിയതിന്റെ പേരില്‍ പുറത്താക്കുകയായിരുന്നു. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ നിരവധി കേസുകള്‍ ഓം സ്വാമിക്കെതിരെയുണ്ട്.

ചാനല്‍ ഷോയ്ക്കിടെ സ്ത്രീകള്‍ക്കെതിതിരെ തെറിവിളിച്ച സ്വാമിയെ ഉടന്‍ തന്നെ സ്ത്രീകള്‍ കൈകാര്യം ചെയ്തിരുന്നു. ഇതിന്റെ വീഡിയോ വൈറലായിരുന്നു.

ബോളിവുഡ് താരമായ സല്‍മാന്‍ ഖാനെതിരേയും രൂക്ഷ വിമര്‍ശനവുമായി സ്വാമി രംഗത്തെത്തിയിരുന്നു. തന്നെ തല്ലിയ സല്‍മാന്റെ മുഖത്ത് താന്‍ തുപ്പിയിട്ടുണ്ടെന്നായിരുന്നു സ്വാമിയുടെ വാക്കുകള്‍.

Advertisement