കൊലപാതകക്കേസ്: സ്വയം പ്രഖ്യാപിത ആള്‍ ദൈവം സന്ത് രാംപാല്‍ കുറ്റക്കാരനെന്ന് കോടതി
national news
കൊലപാതകക്കേസ്: സ്വയം പ്രഖ്യാപിത ആള്‍ ദൈവം സന്ത് രാംപാല്‍ കുറ്റക്കാരനെന്ന് കോടതി
ന്യൂസ് ഡെസ്‌ക്
Thursday, 11th October 2018, 4:05 pm

ഹരിയാന: കൊലപാതകക്കേസുമായി ബന്ധപ്പെട്ട്  ജയിലില്‍ കഴിയുന്ന സ്വയം പ്രഖ്യാപിത ആള്‍ ദൈവം സന്ത് രാംപാല്‍ കുറ്റക്കാരനെന്ന് കോടതി.

ഹിസാര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ആള്‍ദെെവം കുറ്റക്കാരനെന്ന്  വിധിച്ചത്. നിലവില് ഇയാള്‍ ഹരിയാനയിലെ ഹിസാര്‍ സെന്‍ട്രല്‍ ജയിലിലാണ്.

ശിക്ഷാവിധി ഒക്ടോബര്‍ 16, 17 തിയ്യതികളില്‍ പ്രഖ്യാപിക്കും. രണ്ട് കൊലപാതകക്കേസുകളാണ് രാംപാലിനെതിരെ നിലവിലുള്ളത്.

രാംപാലിന്റെ ഹരിയാനയിലുള്ള ബര്‍വാലയിലെ സത്‌ലോക് ആശ്രമമത്തില്‍ നാലു സ്ത്രീകളും ഒരു കുട്ടിയും കൊലചെയ്യപ്പെട്ട സംഭവത്തില്‍ 2014 നവംബര്‍ 19ന് രാംപാലിനെതിരെയും കൂട്ടാളികള്‍ക്കെതിരേയും കേസ് എടുത്തിരുന്നു.

Also Read മുസ്‌ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്ന ഹിന്ദുമഹാസഭയുടെ ഹരജി ഹൈക്കോടതി തള്ളി

2006ല്‍ മറ്റൊരു സ്ത്രീയെ കൊലപ്പെടുത്തിയ കേസും രാംപലിന്റെ പേരില്‍ നിലവിലുണ്ട്. ഈ രണ്ട് കേസുകളിലാണ് രാംപാല്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചിരിക്കുന്നത്.

ഉണ്ടായേക്കാവുന്ന ക്രമസമാധനപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് രാംപാലിനെ കോടതിയില്‍ നേരിട്ട് ഹാജരാക്കിയില്ല. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു രാംപാലിന്റെ സാന്നിധ്യം കോടതിയില്‍ ഉറപ്പ് വരുത്തിയത്. വിധിപ്രഖ്യാപനത്തിന് മുന്നോടിയായി ശക്തമായ സുരക്ഷസന്നാഹങ്ങളാണ് സംസ്ഥാനത്ത് ഒരുക്കിയത്.