എഡിറ്റര്‍
എഡിറ്റര്‍
മെഡിക്കല്‍ പ്രവേശനം:സര്‍ക്കാറുമായി ഉണ്ടാക്കിയ കരാറില്‍ നിന്ന് പിന്‍മാറുന്നതായി സ്വാശ്രയ മാനേജ്‌മെന്റ്
എഡിറ്റര്‍
Friday 7th June 2013 7:59pm

medical-entrance

തിരുവനന്തപുരം: മെഡിക്കല്‍ കോളജുകളിലേക്കുള്ള വിദ്യാര്‍ത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണയില്‍ നിന്ന് പിന്‍മാറുന്നതായി സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ വ്യക്തമാക്കി.
Ads By Google

മാനേജ്‌മെന്റുകള്‍ നേരത്തെ നടത്തിയ പ്രവേശന പരീക്ഷ റദ്ദാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് പിന്മാറ്റമെന്ന്  പ്രതിനിധികള്‍ അറിയിച്ചു. സര്‍ക്കാറുമായി സഹകരിക്കേണ്ടെന്ന് നിലപാടാണ് തങ്ങള്‍ക്കുള്ളതെന്നും പ്രതിനിധികള്‍ വ്യക്തമാക്കി.

 

മാനേജ്‌മെന്റുകള്‍ നടത്തിയ പ്രവേശന പരീക്ഷയില്‍ വന്‍തോതിലുള്ള ക്രമക്കേട് നടന്നത് കഴിഞ്ഞ ദിവസം ജസ്റ്റീസ് ജെയിംസ് കമ്മറ്റി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പുതിയ പരീക്ഷ ഈ മാസം 22ന് നടത്താനും കമ്മീഷന്‍ തീരുമാനിച്ചിരുന്നു. പ്രവേശന പരീക്ഷക്ക് മുമ്പ് പണം വാങ്ങി സീറ്റ് ഉറപ്പാക്കിയിരുന്നുവെന്നും ചോദ്യപേപ്പര്‍ ചോര്‍ന്നിരുന്നുവെന്നുമുള്ള മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്താന്‍ തീരുമാനിച്ചത്.
പ്രവേശന പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയതോടെ സ്വാശ്രയമാനേജ്‌മെന്റ് കോളജുകളിലെ മുഴുവന്‍ സീറ്റുകളിലും പണം നല്‍കി പഠിക്കേണ്ട അവസ്ഥയാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ളത്.

സര്‍ക്കാര്‍ മെറിറ്റില്‍ നിന്ന് കോളജുകളിലേക്ക് പ്രവേശനം കിട്ടുമായിരുന്ന വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിനും മാനേജ്‌മെന്റുകളുടെ തീരുമാനം തിരിച്ചടിയായി.

സര്‍ക്കാരുമായുള്ള ധാരണയനുസരിച്ച് സ്വാശ്രയമാനേജ്‌മെന്റുകള്‍ 35 ശതമാനം സീറ്റുകളില്‍ അസോസിയേഷനുകളുടെ കണ്‍സോര്‍ഷ്യം നടത്തുന്ന പ്രവേശനപരീക്ഷ പാസാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കും.

ബാക്കിയുള്ള 15 ശതമാനം സീറ്റുകള്‍ എന്‍.ആര്‍.ഐ ക്വാട്ടയും ബാക്കി 50 ശതമാനം സര്‍ക്കാര്‍ ക്വാട്ടയുമായിരുന്നു.   പുതിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന നിലപാടനുസരിച്ചായിരിക്കും പ്രവേശന പരീക്ഷയില്‍ തൂടര്‍ നടപടിയുണ്ടാവുക.

Advertisement