Administrator
Administrator
സ്വാശ്രയം: സര്‍ക്കാര്‍ ക്വാട്ടയിലെ പ്രവേശനതീയ്യതി 30 വരെ നീട്ടി
Administrator
Monday 27th June 2011 11:41am

muringoor case

ന്യൂദല്‍ഹി: സ്വാശ്രയ കോളേജുകളില്‍ സര്‍ക്കാര്‍ ക്വാട്ടയിലുള്ള മെഡിക്കല്‍ പിജി പ്രവേശനത്തിനുള്ള അവാസാന തീയ്യതി ജൂണ്‍ 30 വരെ നീട്ടി. കര്‍ണാട സര്‍ക്കാരിന്റെ അപേക്ഷ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ തീരുമാനം.

ചില സാങ്കേതിക കാരണങ്ങള്‍കൊണ്ട് മുന്‍ നിശ്ചയിച്ച പ്രകാരം പ്രവേശനം നടത്താനായില്ലെന്നും അതിനാല്‍ പ്രവേശന തീയ്യതി നീട്ടിത്തരണമെന്നും ആവശ്യപ്പെട്ടാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. ഈ ഹരജി പരിഗണിച്ച സുപ്രീംകോടതി മെഡിക്കല്‍ കൗണ്‍സിലിന്റെ അഭിപ്രായം ചോദിച്ചിരുന്നു. ജൂണ്‍ 30 വരെ പ്രവേശന തീയ്യതി നീട്ടാന്‍ മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നല്‍കുകയായിരുന്നു. ഈ ആവശ്യമുന്നയിച്ച് മറ്റ് സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയെ സമീപിക്കുകയാണെങ്കില്‍ തീരുമാനം അവര്‍ക്കും ബാധകമാക്കാമെന്നും മെഡിക്കല്‍ കൗണ്‍സില്‍ അറിയിച്ചിട്ടുണ്ട്.

ഈ ആവശ്യമുന്നയിച്ച് കേരള സര്‍ക്കാര്‍ ഉടന്‍ തന്നെ സുപ്രീംകോടതിയെ സമീപിക്കുകയാണെങ്കില്‍ തീരുമാനം കേരളത്തിനും ബാധകമാകും. അതേസമയം,
തീയ്യതി നീട്ടണമെന്നും, സ്വന്തം നിലയില്‍ പ്രവേശനം നടത്താന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള മാനേജ്‌മെന്റ് അസോസിയേഷനുകളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹരജി കോടതി അടുത്തുതന്നെ പരിഗണിക്കാനിരിക്കുകയാണ്.

സര്‍ക്കാര്‍ ക്വാട്ടയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിശ്ചയിച്ചിരുന്ന സമയപരിധി മെയ് 30ന് അവസാനിച്ചിരുന്നു. ഇക്കൊല്ലം സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം നടത്താന്‍ ബുദ്ധിമുട്ടാണെന്ന് മെഡിക്കല്‍ കൗണ്‍സില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പുതിയ നിലപാടോടെ പ്രവേശനം കേരളത്തിലും സാധ്യമാകും.

Advertisement