സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
Indian Cricket
‘ 36ാം വയസില്‍ നെഹ്‌റയ്ക്ക് സാധിക്കുമെങ്കില്‍ എന്തുകൊണ്ട് യുവിയ്ക്ക് പറ്റില്ല?’; യുവരാജിന് പിന്തുണയുമായി വിരേന്ദര്‍ സെവാഗ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday 20th January 2018 3:29pm

മുംബൈ: ഒരുകാലത്ത് ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളായിരുന്നു യുവരാജ് സിംഗ്. ആ ബാറ്റില്‍ നിന്നുമുയരുന്ന സിക്‌സുകളും ഫോറുകളും ഒരു തലമുറയുടെ ആവേശമായിരുന്നു. എന്നാല്‍ 2011 ലോകകപ്പിന് ശേഷം യുവിയ്ക്ക് താളം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പരിക്കും ഫിറ്റ്‌നസുമെല്ലാം നിരന്തരം വിലങ്ങു തടിയായി മാറുകയായിരുന്നു.

എന്നാല്‍ അതിനെയൊക്കെ തരണം ചെയ്ത് താരങ്ങളുടെ ഫിറ്റ്‌നസ് തെളിയിക്കാനുള്ള യോ യോ ടെസ്റ്റും പാസായിരിക്കുകയാണ് യുവി. പക്ഷെ ഇപ്പോഴും തിരിച്ചു വരവ് സാധ്യതകള്‍ കുറവു തന്നെയാണ്. ഈ സാഹചര്യത്തില്‍ യുവരാജിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്.

‘അവന്‍ ടീമില്ലായിരിക്കാം. പക്ഷെ യുവരാജ് ഒരു അസാധ്യതാരമാണ്. അവന്റെ കഴിവ് പകരം വെക്കാനില്ലാത്തതാണ്. അവനെ പോലുള്ള ഒരു താരത്തെ ടീമിന് ലഭിക്കുമെന്ന് തോന്നുന്നില്ല. ഫോമായാല്‍ യുവി മാച്ച് വിന്നറാണ്.’ സെവാഗ് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സെവാഗ് മനസു തുറന്നത്.

വിരമിച്ച പേസര്‍ ആശിഷ് നെഹ്‌റയെ ഉദാഹരണമായി പറഞ്ഞ സെവാഗ്, യുവി തിരിച്ചു വരുമെന്ന് ഉറപ്പ് പറയുന്നു. ‘ 36ാം വയസില്‍ നെഹ്‌റയ്ക്ക് സാധിക്കുമെങ്കില്‍ എന്തുകൊണ്ട് യുവിയ്ക്ക് പറ്റില്ല?’ അദ്ദേഹം ചോദിക്കുന്നു. അതേസമയം തിരിച്ചു വരവ് സെലക്ടര്‍മാരുടെ തീരുമാനമാണെന്നും സെവാഗ് പറയുന്നു.

Advertisement