ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
ഗുഡ്ക കോഴ വിവാദം; ശശികലയുടെ മുറിയില്‍ നിന്നും രഹസ്യ കത്ത് കണ്ടെടുത്തതായി ആദായ നികുതി വകുപ്പിന്റെ സത്യവാങ്മൂലം
ന്യൂസ് ഡെസ്‌ക്
Friday 12th January 2018 10:12pm

ചെന്നൈ: നിരോധിച്ച പാന്‍മസാലകള്‍ക്കു വില്‍പ്പനാനുമതി നല്‍കിയ ഗുഡ്ക വിവാദവുമായി ബന്ധപ്പെട്ട രഹസ്യ കത്ത് കണ്ടെടുത്തതായി ആദായ നികുതി വകുപ്പ് മദ്രാസ് ഹൈക്കോടതിയില്‍. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായിരുന്ന പേയസ് ഗാര്‍ഡനിലെ ശശികലയുടെ മുറിയില്‍ നടത്തിയ പരിശോധനയിലാണ് കത്ത് കണ്ടെടുത്തെന്നും പറയുന്നു.

2017 നവംബര്‍ 17 ന് വേദ നിലയത്തിലെ ശശികലയുടെ റൂമില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 2016 സെപ്റ്റംബര്‍ 2 ന് അന്നത്തെ ഡി.ജി.പി മുഖ്യമന്ത്രിയായിരുന്ന ജയലളിതയ്ക്ക് അയച്ച രഹസ്യ കത്താണ് ലഭിച്ചതെന്ന് പറയുന്നു.

പുകയില അഴിമതി സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്  ഡി.എം.കെ എം.എല്‍.എ ജെ.അന്‍പഴകന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് ആദായ നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സുഷി ബാബു വര്‍ഗ്ഗീസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കത്തിനെക്കുറിച്ച് വ്യക്തമാക്കുന്നത്.

സംസ്ഥാന മന്ത്രി, സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ഉന്നത ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി ഉന്നതര്‍ നിരോധിത ഗുഡ്ക അഴിമതികേസില്‍ ഇടപെട്ടതായും സത്യവാങ്മൂലത്തില്‍ പറയുന്നു.

2016 ആഗസ്ത് 11 ന് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അന്നത്തെ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ തമിഴ്‌നാട് ചീഫ് സെക്രട്ടറിക്കും ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസിനും ഈ വിഷയവുമായി ബന്ധപ്പെട്ട് കത്തയച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

മാത്രമല്ല, ഗുഡ്ക അഴിമതിയില്‍ ആരോപണവിധേയമായ എം.ഡി.എം കമ്പനിയുടെ പാര്‍ട്ണറായ മാധവ റാവു എന്നയാള്‍ ഭരണത്തിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് പണം നല്‍കിയതുമായി ബന്ധപ്പെട്ടു പറയുന്ന തെളിവുകളും കത്തിനോടോപ്പം ഹാജരാക്കിയിട്ടുണ്ട്.

ഭരണത്തിലിരിക്കുന്ന നിരവധി ഉദ്യോഗസ്ഥര്‍ക്ക് താന്‍ പണം നല്‍കിയിട്ടുണ്ടെന്നാണ് ഇതില്‍ മാധവ റാവു പറയുന്നത്. തമിഴ്‌നാട്ടില്‍ നിരോധിച്ച് ഗുഡ്കയുടെ നിര്‍മ്മാണവും വിതരണവും നടത്തുന്നതിനായി 2016 ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 15 വരെ ആരോഗ്യമന്തിക്ക് 56 ലക്ഷം കൊടുത്തുവെന്നും മാധവറാവു പറയുന്നതായി ആദായ നികുതി വകുപ്പ് വ്യക്തമാക്കി

ആരോഗ്യ മന്ത്രിയെയും പോലീസ് കമ്മീഷണറെയും യഥാക്രമം ‘HM’ , CP’ എന്നിങ്ങനെയാണ് സ്റ്റേറ്റ്‌മെന്റില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും ആദായ നികുതി ഓഫീസര്‍ പറഞ്ഞു.

കഴിഞ്ഞ ജൂലൈയില്‍ ചെന്നൈ റെഡ്ഹില്‍സിലുള്ള എം.ഡി.എം എന്ന ഗുഡ്ക ബ്രാന്‍ഡിന്റെ ഓഫീസില്‍ നടത്തിയ റെയ്ഡിലാണ് അനധികൃത ഗുഡ്ക വ്യാപാരത്തിന് ഒത്താശ ചെയ്യാന്‍ തമിഴ്‌നാട്ടിലെ ആരോഗ്യമന്ത്രിയ്ക്കും ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കിയതിന്റെ രേഖകള്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്.

Advertisement