Administrator
Administrator
‘ഷാഹിന കേസ് അപകടകരമായ മുന്നറിയിപ്പ്’
Administrator
Monday 29th November 2010 9:16pm

മാധ്യമപ്രവര്‍ത്തനമെന്നത് ഭരണകൂടവും പോലീസും പറയുന്നത് രേഖപ്പെടുത്തലല്ല. ഭരണകൂട ഭാഷ്യത്തിനപ്പുറത്തുള്ള വാര്‍ത്തകള്‍ തേടിപ്പോവുമ്പോഴാണ് യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തനം നടക്കുന്നത്.

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അബ്ദുന്നസര്‍ മഅദനിക്കെതിരെ സാക്ഷിമൊഴി നല്‍കിയവരെ കണ്ട് റിപ്പോര്‍ട്ട് ശേഖരിച്ചുവെന്നതിന്റെ പേരില്‍ തെഹല്‍ക കേരള പ്രതിനിധി
കെ.കെ ഷാഹിനക്കെതിരെ കര്‍ണാടക പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കയാണ്.

അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുമാറ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് മേല്‍ ഭരണകൂട ഇടപെടല്‍ എത്രമേലുണ്ടെന്ന് ഷാഹിന സംഭവം വെളിപ്പെടുത്തുന്നുണ്ട്. ഷാഹിനക്കെതിരെയുള്ള കര്‍ണാടക പോലീസ് നടപടിക്കെതിരെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മുന്‍ എം.പിയുമായ ഡോ. സെബാസ്റ്റിയന്‍ പോളും കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന നേതാവ് സി ഗൗരീദാസന്‍ നായരും പ്രതികരിക്കുന്നു.

ഡോ. സെബാസ്റ്റിയന്‍ പോള്‍

‘ഷാഹിന ബാംഗ്ലൂരില്‍ പോയത് മഅദനിക്കെതിരെയുള്ള കേസിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ പഠിക്കുന്നതിനെക്കുറിച്ചാണ്. അത് മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യമാണ്. പക്ഷെ ഷാഹിനയുടെ കൂടിക്കാഴ്ചയെ ദുര്‍വ്യാഖ്യാനം ചെയ്ത് സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിനുള്ള ശ്രമമായി വ്യാഖ്യാനിക്കപ്പെട്ടു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നതിനുള്ള പോലീസിന്റെ ശ്രമത്തിന്റെ ഭാഗമാണിത്.

മഅദനി കേസ് കര്‍ണാടക പോലീസ് കൈകാര്യം ചെയ്യുന്ന രീതി എങ്ങിനെയാണെന്നും ഇത് കാണിച്ചു തരുന്നു. കേസില്‍ രാഷ്ട്രീയ നേതൃത്വത്തിനുള്ള ദുരുദ്ദേശങ്ങളെന്താണെന്നും ഇത് വ്യക്തമാക്കുന്നുണ്ട്.

ജസ്റ്റിസ് ഫോര്‍ മഅദനി ഫോറത്തിന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ ഞാനും സഹപ്രവര്‍ത്തകരും ശനിയാഴ്ച അഗ്രഹാര ജയിലിലെത്തി മഅദനിയെ കണ്ടിരുന്നു. അതിന് ശേഷം ഹോട്ടല്‍ ‘ഹാളില്‍’ ഞങ്ങള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലും പോലീസ് ഇടപെടലുണ്ടായി.

വാര്‍ത്താ സമ്മേളനത്തിനിടെ രണ്ട് കര്‍ണാടക സ്വദേശികള്‍ കന്നഡ മാധ്യമപ്രവര്‍ത്തകരാണെന്ന് പറഞ്ഞ് എത്തുകയായിരുന്നു. ശേഷം പോലീസ് ഉദ്യോഗസ്ഥരുമെത്തി. പക്ഷെ അപ്പോഴേക്കും വാര്‍ത്താ സമ്മേളനം പൂര്‍ത്തിയായിരുന്നു. സ്ഥലത്തുണ്ടായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ഐഡന്റിറ്റി കാര്‍ഡ് പരിശോധിക്കുകയും ഹോട്ടലില്‍ വിപുലമായ പരിശോധന നടത്തുകയും ചെയ്തു.

പോലീസിന്റെ ഭാഗത്തു നിന്നുണ്ടാവുന്ന ഇത്തരം നീക്കങ്ങളില്‍ അസ്വാഭാവികതയും അപകട സൂചനയമുണ്ട്. തെഹല്‍ക ലേഖികക്കെതിരെ ദുരുപതിഷ്ഠിതമായ ആരോപണമാണ് പോലീസ് ഉന്നയിക്കുന്നത്. മഅദനി കേസില്‍ കര്‍ണാടക പോലീസിന് എത്രമാത്രം ദുരുദ്ദേശമുണ്ടെന്നതിന് തെളിവാണിത്. ഞങ്ങളുടെ പത്രസമ്മേളനത്തിനിടെയുണ്ടായ സംഭവവും അതാണ് സൂചിപ്പിക്കുന്നത്. പൗരസമൂഹം അതീവ ജാഗ്രതയോടെ കാണേണ്ടതാണിത്.

മഅദനിക്ക് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇപ്പോള്‍ കോടതിയില്‍ നടക്കുന്ന കേസില്‍ തങ്ങള്‍ക്കനുകൂലമായ സാഹചര്യമുണ്ടാക്കാനാണ് കര്‍ണാടക പോലീസ് ശ്രമിക്കുന്നത്. മഅദനിക്ക് ജാമ്യം ലഭിക്കുന്നത് തടയുകയാണ് അവരുടെ ലക്ഷ്യം’.

ഗൗരീദാസന്‍ നായര്‍(പത്രപ്രവര്‍ത്തക യൂനിയന്‍ നേതാവ്)

‘മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നു കയറ്റമാണിത്. മാധ്യമപ്രവര്‍ത്തകര്‍ ഒരു കേസിലെ സാക്ഷിയെയോ പ്രതിയെയോ കാണുന്നതും അവരുടെ അഭിപ്രായം രേഖപ്പെടുത്തുന്നതും ഇത്രയും കാലം അംഗീകരിക്കപ്പെട്ട് പോന്നതാണ്. അത് ഈ കേസില്‍ മാത്രം പാടില്ലെന്ന് പറയുന്നത് ദുരുദ്ദേശപരമാണ്.

ഷാഹിന മുസ്‌ലിമാണെന്ന രീതിയില്‍ പ്രൊഫൈലിങ് നടക്കുന്നുവെന്നത് ഖേദകരമാണ്. ഏതെങ്കിലും ഒരു തരത്തില്‍ ഇസ്‌ലാമിക ബന്ധമുള്ള കേസില്‍ മുസ്‌ലിം പേരുള്ളവര്‍ ഇടപെടരുതെന്ന് പറയുന്ന രീതി ശരിയല്ല. ഇത് ദൗര്‍ഭാഗ്യകരമാണ്. കര്‍ണാടക പോലീസിന്റെ ഈ നടപടിയില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ശക്തിയായി പ്രതിഷേധിക്കുന്നു’

തയ്യാറാക്കിയത്: കെ എം ഷഹീദ്


Advertisement