മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയും ഇ.ടിയും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തി; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
kERALA NEWS
മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയും ഇ.ടിയും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തി; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
ന്യൂസ് ഡെസ്‌ക്
Thursday, 14th March 2019, 9:53 pm

കോഴിക്കോട്: മുസ്‌ലിം ലീഗ് – എസ്.ഡി.പി.ഐ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തി. ലീഗ് നേതാക്കളും മലപ്പുറം-പൊന്നാനി മണ്ഡലങ്ങളിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുമായ പികെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവരാണ് പോപ്പുലര്‍ ഫ്രണ്ട് – എസ്.ഡി.പി.ഐ നേതാക്കളുമായി ചര്‍ച്ച നടത്തിയത്.

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ നസറൂദ്ദീന്‍ എളമരം, എസ്.ഡി.പി.ഐ സംസ്ഥാന അധ്യക്ഷന്‍ അബ്ദുള്‍ മജീദ് ഫൈസി എന്നിവരുമായിട്ടായിരുന്നു ചര്‍ച്ച.

കൊണ്ടോട്ടിയിലെ കെ.ടി.ഡി.സി ഹോട്ടലില്‍ വച്ച് രാത്രിയോടെയാണ് നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തിയത്. ഏകദേശം ഒരു മണിക്കൂര്‍ കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ് ഇവര്‍ പിരിഞ്ഞത്.

Read Also : ചില്ലു കൊട്ടാരത്തില്‍ കഴിയുന്നവര്‍ മറ്റുള്ളവര്‍ക്ക് നേരെ കല്ലെറിയരുത്; ബി.ജെ.പിയെ വിമര്‍ശിച്ച് അര്‍ണബ് ഗോസ്വാമി

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഏറെ വിവാദമുണ്ടാക്കുന്നതാണ് ഈ കൂടിക്കാഴ്ച്ച. പൊന്നാനി ലോക്‌സഭാ മണ്ഡലവുമായി ബന്ധപ്പെട്ട വിഷയമാണ് പ്രധാനമായും ചര്‍ച്ചയായതെന്നാണ് സൂചന. ഇത് സംബന്ധിച്ച വാര്‍ത്ത ഏഷ്യാനെറ്റാണ് പുറത്തു വിട്ടത്.

അതേസമയം രാഷ്ട്രീയ ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ലീഗ് നേതാവും പൊന്നാനിയിലെ സ്ഥാനാര്‍ത്ഥിയുമാ യ ഇ.ടി മുഹമ്മദ് ബഷീര്‍ നിഷേധിച്ചു. ഞങ്ങള്‍ അവിടെയുണ്ടായിരുന്നപ്പോള്‍ അപ്രതീക്ഷിതമായി എസ്.ഡി.പി.ഐ നേതാക്കള്‍ അവിടെയെത്തിയതാണെന്നും പോപ്പുലര്‍ ഫ്രണ്ട് പ്രസിഡന്റിന്റെ വീട് എന്റെ വീടിന്റെ തൊട്ടടുത്താണെന്നും ചര്‍ച്ച നടത്താന്‍ അങ്ങോട്ട് പോണോ എന്നും ഇ.ടി ചോദിച്ചു.

Read Also : മലബാര്‍ ഗോള്‍ഡ് ജ്വല്ലറിക്കെതിരെ വ്യാജ വാര്‍ത്ത; സംഘപരിവാര്‍ ചാനലിനെതിരെ 50 ലക്ഷം പിഴ ഈടാക്കി കോടതി

അവരെ ഒന്നു കണ്ടു, പക്ഷെ ചര്‍ച്ച നടത്തിയിട്ടില്ല. അവരുമായി ഒരു രാഷ്ട്രീയ ചര്‍ച്ച നടത്താന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇ.ടി ഏഷ്യാനെറ്റ് ന്യൂസില്‍ പറഞ്ഞു.

എന്നാല്‍ വിഷയത്തില്‍ എസ്.ഡി.പി.ഐ നേതാക്കളാരും ഇതുവരെ പ്രതികരിച്ചിട്ടില്ല.