പി.എഫ്.ഐയുമായി ബന്ധമില്ലാത്ത സ്വതന്ത്ര സംഘടനയെന്ന് എസ്.ഡി.പി.ഐ; നടപടിയെടുക്കാനാകാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍
national news
പി.എഫ്.ഐയുമായി ബന്ധമില്ലാത്ത സ്വതന്ത്ര സംഘടനയെന്ന് എസ്.ഡി.പി.ഐ; നടപടിയെടുക്കാനാകാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th September 2022, 1:47 pm

ന്യൂദല്‍ഹി: പി.എഫ്.ഐ നിരോധനത്തിന് പിന്നാലെ അവരുടെ രാഷ്ട്രീയ നേതൃത്വമെന്ന് പറയപ്പെടുന്ന എസ്.ഡി.പി.ഐയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ നടപടിയെടുക്കാനാകാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍.

പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ (ആര്‍.ഐ.എഫ്), ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി.എഫ്.ഐ), ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ (എ.ഐ.ഐ.സി), നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ (എന്‍.സി.എച്ച്.ആര്‍.ഒ), നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നിവയെയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇതില്‍ എസ്.ഡി.പി.ഐ ഉള്‍പ്പെട്ടിരുന്നില്ല.

എസ്.ഡി.പി.ഐ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയായതിനാല്‍ അതിനെതിരെയുള്ള നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് എടുക്കേണ്ടതെന്ന് മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തങ്ങളോട് പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതുസംബന്ധിച്ച തങ്ങളുടെ അന്വേഷണത്തിനോട് പ്രതികരിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തങ്ങള്‍ സ്വതന്ത്ര സംഘടനയാണെന്നും പി.എഫ്.ഐയുമായി ബന്ധമില്ലെന്നുമാണ് എസ്.ഡി.പി.ഐയുമായ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ദി ഹിന്ദുവിനോട് പറഞ്ഞത്.

രാഷ്ട്രീയ പാര്‍ട്ടി നിയമവിരുദ്ധമെന്ന് യു.എ.പി.എ ഉള്‍പ്പെടെയുള്ള നിയമങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നടപെടിയെടുക്കാനാകും. എന്നാല്‍ ഇപ്പോള്‍ നിരോധിച്ച കൂട്ടത്തില്‍ എസ്.ഡി.പി.ഐ ഇല്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അത്തരം നടപടികള്‍ ആരംഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘പാര്‍ട്ടി വ്യാജമായ രീതിയിലാണ് രജിസ്‌ട്രേഷന്‍ നേടിയതെന്ന് കണ്ടെത്തുകയോ. പാര്‍ട്ടി അതിന്റെ രൂപീകരണ വ്യവസ്ഥകളില്‍ മാറ്റം വരുത്തുകയോ രാജ്യത്തിന്റെ ഭരണഘടനയോടോ സോഷ്യലിസം, മതനിരപേക്ഷത, ജനാധിപത്യം എന്നീ തത്വങ്ങളോടോ കൂറും വിശ്വാസവുമില്ലെന്നോ, ഇന്ത്യയുടെ അഖണ്ഡതയും ഐക്യവും ഉയര്‍ത്തിപ്പിടിക്കില്ലെന്നോ തെരഞ്ഞെടുപ്പു കമ്മിഷനെ അറിയിക്കുക,’ എന്നിവയാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ രജിസ്റ്റട്രേഷന്‍ റദ്ദാക്കാനുള്ള മറ്റ് കാരണങ്ങള്‍.

2009 ജൂണ്‍ 21നാണ് എസ്.ഡി.പി.ഐ രൂപീകരിക്കുന്നത്. 2010 ഏപ്രില്‍ 13നാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നത്.