ഇസ്രഈൽ നടത്തുന്ന വംശീയ ഉന്മൂലനത്തിൽ പ്രതികരിച്ച് സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ
World News
ഇസ്രഈൽ നടത്തുന്ന വംശീയ ഉന്മൂലനത്തിൽ പ്രതികരിച്ച് സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th January 2024, 4:48 pm

സ്കോട്ട്ലാൻഡ്: പാഠപുസ്തകങ്ങളിലെ വംശീയ ഉന്മൂലനത്തിന്റെ നിർവചനമാണ് ഇസ്രഈലികൾ ഗസയിൽ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ്. ഇസ്രഈലിന്റെ ഈ നരഹത്യക്കെതിരെ ആദ്യമായി രംഗത്തെത്തുന്ന യു.കെ പാർട്ടി നേതാവാണ് ഹംസ യൂസഫ്.

ഗസയിൽ നിന്നുള്ള ഫലസ്തീൻ കുടിയേറ്റം പ്രോത്സാഹിപ്പിക്കണമെന്ന ഇസ്രഈലി ധനകാര്യ മന്ത്രി ബെസാലെൽ സ്മോട്രിച്ചിന്റെയും ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ വിർൻ്റെയും പ്രസ്താവനയെ അദ്ദേഹം വിമർശിച്ചു.

“നമ്മൾ ഇപ്പോൾ കാണുന്നത് ഒരു മാനുഷിക പ്രതിസന്ധി മാത്രമല്ല, മറിച്ച്‌ സർക്കാരിലെ മുതിർന്ന അംഗങ്ങൾ നടത്തുന്ന പരാമർശങ്ങൾ പാഠപുസ്തകത്തിൽ വംശീയ ഉന്മൂലനത്തിന് നൽകുന്ന നിർവചനത്തിന് സമാനമായതാണ്”, ഇതിനെ ശക്തമായി വിമർശിക്കണമെന്ന് ഹംസ യൂസഫ് പറഞ്ഞു.

ഗസയിലെ ഫലസ്തീനി ജനത അവിടെ നിന്നും മാറി താമസിച്ച് ഇസ്രഈലികളുടെ ഗസയിലേക്കുള്ള തിരിച്ച് വരവിന് വഴിയൊരുക്കണമെന്ന് ധനകാര്യ മന്ത്രി ബെസാലെൽ സ്മോട്രിച്ച് പറഞ്ഞിരുന്നു കൂടാതെ ഇതിന് പിന്തുണയുമായി ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ വിറും രംഗത്ത് എത്തിയിരുന്നു.

എന്നാൽ ഈ പ്രസ്തവനയെ യു.കെ വിദേശകാര്യ ഓഫീസും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും എതിർത്തിരുന്നു. നീചവും നിരുത്തരപാദപരവുമായ പ്രസ്താവനയാണിതെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറഞ്ഞിരുന്നു.

ബ്രിട്ടീഷ് സർക്കാരിനോട് വെടി നിർത്തൽ നടപ്പാക്കാനുള്ള നടപടികയെടുക്കാൻ ആവശ്യപ്പെട്ട യൂസഫ്, ഗസയിൽ നടക്കുന്ന എല്ലാ അന്തർദേശീയ നിയമ ലംഘനങ്ങൾക്കും ഉത്തരവാദി ഇസ്രഈലും അനുബന്ധ സഖ്യങ്ങളുമാണെന്ന് പറഞ്ഞു.

അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രഈലിനെതിരെ ദക്ഷിണാഫ്രിക്ക നൽകിയ വംശഹത്യ കേസിനെ പിന്തുണച്ച ഹംസ യൂസഫ് മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനത്തിനു മുകളിലും യുദ്ധ കുറ്റങ്ങൾക്കു മുകളിലും കൃത്യമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ ദക്ഷിണാഫ്രിക്ക നൽകിയ വംശഹത്യ കേസിനെതിരെ ഇസ്രഈൽ രംഗത്തെത്തിയിരുന്നു. സൗത്ത് ആഫ്രിക്കക്കാർ ജൂത വിരുദ്ധരാണെന്ന് ഇസ്രഈൽ ആരോപിച്ചു.

ഫലസ്തീനിയൻ ജനതയുടെ കുടി ഒഴിപ്പിക്കലിന് വേണ്ടി ആദ്യമായി രംഗത്ത് എത്തുന്നവരല്ല ബെസാലെൽ സ്മോട്രിച്ചും ഇതാമർ ബെൻ വിറും ഈജിപ്ത്, സ്പെയിൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഫലസ്തീനിയൻ ജനതയെ കുടി ഒഴിപ്പിക്കണമെന്ന രീതിയിലുള്ള ഇസ്രഈലി മിലിറ്ററി ഇന്റലിജൻസിന്റെ നയതന്ത്ര രേഖകൾ പുറത്തുവന്നതായി ആർ.ടി റിപ്പോർട്ട് ചെയ്തു.

ഇതിനിടയിൽ ഫലസ്തീൻ എന്ന സ്വതന്ത്ര രാജ്യം ഉണ്ടാക്കുന്നത് വഴി മാത്രമേ യുദ്ധം അവസാനിപ്പിക്കാൻ കഴിയൂ എന്നും, അതിനുവേണ്ടി യൂറോപ്യൻ യൂണിയനും മറ്റും അറബ് രാജ്യങ്ങളും ശ്രമിക്കണമെന്ന ആവശ്യവുമായി യൂറോപ്യൻ യൂണിയൻ വിദേശ നയ മേധാവി ജോസഫ് ബോറൽ രംഗത്ത് എത്തിയിരുന്നു.

ഇസ്രഈലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ മാസം മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറുമായി നടത്തിയ ചർച്ചയിൽ ഫലസ്തീനിയൻ ജനതയുടെ നിർബന്ധിത കുടിയൊഴിപ്പിക്കലിന് വേണ്ടി അറബ് രാജ്യങ്ങളോട് സമ്മർദം ചെലുത്താൻ ആവശ്യപ്പെട്ടതായി ചാനൽ 12 ന്യൂസ് നെറ്റ്‌വർക്ക് റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ വാർത്ത തെറ്റാണെന്നും നെതന്യാഹുവുമായി ഇങ്ങനെ ഒരു ചർച്ച നടന്നിട്ടില്ലയെന്നും ടോണി ബ്ലെയർ പറഞ്ഞിരുന്നു.

സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫിന്റെ ഭാര്യ നാദിയ എൽ-നക്‌ലയുടെ പിതാവ് ഫലസ്തീൻക്കാരനാണ്‌.

Content Highlights: Scottish nationalists accuse Israel of ‘ethnic cleansing’